പള്ളിക്കല്‍ബസാറില്‍ അര്‍ധരാത്രി പൊലിസ് അതിക്രമം; സമസ്ത-ലീഗ് പ്രവര്‍ത്തകരെ വീടുകളില്‍കയറി അറസ്റ്റ് ചെയ്തു
പള്ളിക്കല്‍: പള്ളിക്കല്‍ബസാര്‍ പള്ളിയില്‍ രണ്ടു മാസങ്ങള്‍ക്ക് മുന്‍പു കാന്തപുരം വിഭാഗം നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് ഇന്നലെ അര്‍ധരാത്രി പൊലിസ് അതിക്രമം. അര്‍ധരാത്രി ഒന്നോടെയെത്തിയ പൊലിസ് വീടുകളില്‍കയറി സമസ്ത-മുസ്‌ലിംലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. പൊലിസിനെ അക്രമിച്ചെന്ന കേസില്‍ പ്രതികളെ പിടികൂടാനെന്ന പേരില്‍ മലപ്പുറം ഡിവൈ.എസ്.പിയുടെയും തേഞ്ഞിപ്പലം എസ്.ഐ എം. അഭിലാഷിന്റെയും നേതൃത്വത്തിലായിരുന്നു തേര്‍വാഴ്ച.
സമസ്തയുടെയും മുസ്‌ലിംലീഗിന്റെയും പ്രവര്‍ത്തകരുടെ വീടുകളില്‍ അര്‍ധരാത്രയില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൊലിസ്, നിരപരാധികളെ അറസ്റ്റ് ചെയ്തു ജയിലിലടക്കുകയും ചെയ്തു. പള്ളിയില്‍ ആക്രമണമുണ്ടായ ദിവസം പ്രാര്‍ഥനയ്‌ക്കെത്തിയ കാന്തപുരം വിഭാഗത്തിന്റെ ആക്രമണത്തിനിരയായി പള്ളിക്കുള്ളില്‍ പരുക്കേറ്റ് കിടന്ന് ആശുപത്രിയില്‍ ചികിത്സ തേടിയവരെയാണ് ഭീകരരെ പിടികൂടാനെത്തുന്ന രീതിയില്‍ എത്തി അറസ്റ്റ് ചെയ്തത്.
പൊലിസ് തയാറാക്കിയ ലിസ്റ്റിലുള്ളവര്‍ വീടിനു പുറത്തിറങ്ങിയിട്ടും വീട്ടിലേക്ക് ഇരച്ചുകയറിയ പൊലിസ് വീടിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി സ്ത്രീകള്‍ പറഞ്ഞു. പൊലിസിന്റെ ലാത്തിയടിയില്‍ വീടിന്റെ ജനല്‍ ചില്ല് തകര്‍ന്നതായും ആക്ഷേപമുണ്ട്.
പുരുഷന്‍മാരില്ലാത്ത വീട്ടില്‍ കയറിയതായും ആക്ഷേപമുണ്ട്. വളപ്പില്‍ താമസിക്കുന്ന പ്രവാസിയായ കളരിക്കല്‍ കോയയുടെ വീട്ടില്‍ രാത്രി ഒന്നരയോടെയെത്തിയ പൊലിസ് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജനല്‍ തുറന്ന വീട്ടമ്മ ഭര്‍ത്താവ് വിദേശത്താണെന്നറിയിച്ചെങ്കിലും പൊലിസ് ഭീഷണിമുഴക്കി വാതില്‍ തുറപ്പിച്ച് അകത്തു കയറുകയായിരുന്നു. വീടിനുള്ളില്‍ കയറിയ പൊലിസിന്റെ അതിക്രമത്തില്‍ ഭയന്ന വീട്ടമയെ പനിയും വിറയലും അനുഭവപ്പെട്ടതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പള്ളിയില്‍ അക്രമമുണ്ടായ ദിവസം വിദേശത്തായിരുന്ന കളത്തിങ്ങല്‍ ആബിദ്, കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലാത്ത തറ്റത്തൊടി മുജീബ് എന്നിവരെ അറസ്റ്റ് ചെയതിരുന്നെങ്കിലും പാര്‍ട്ടി നേതാക്കളുടെ ശക്തമായ ഇടപെടല്‍മൂലം വിട്ടയച്ചു. പ്രതി ചേര്‍ക്കപ്പെട്ട താനിയങ്ങാടന്‍ ഹംസ (60), ചേടക്കൂത്ത് പുറായി കളരിക്കല്‍ അബ്ദുല്‍ ഗഫൂര്‍ (31), പോത്താലക്കല്‍ സി.കെ അഷറഫ്, കളരിക്കല്‍ അബ്ദുല്‍ അലി എന്നിവരെ അറസ്റ്റ് ചെയ്തു. ഇന്നലെ കോടതി അവധിയായതിനാല്‍ മഞ്ചേരിയില്‍ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി ഇവരെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."