ഓഹ്ലമയുടെ വരയില് മറവിയെഴുതിയ നോശ്ലുബുറ്റ്
മറന്നുപോയി എന്ന വാക്ക് പൂര്‍ണമായും ഉച്ചരിച്ചുതീര്‍ന്നിരുന്നില്ല. അപ്പോഴേക്കും കൊടുങ്കാറ്റിന്റെ വേഗതയില്‍ ആ കൈ എന്റെ മുഖത്ത് പതിച്ചു. ഉള്ളംകൈയില്‍ പറ്റിപ്പിടിച്ച ചോക്കുപൊടി മുഖത്ത് ഏതോ രാജ്യത്തിന്റെ ഭൂപടം തീര്‍ത്തിരിക്കണം. പൊടുന്നനെ പൊട്ടിമുളച്ച ഒരു നദിയുടെ നീലഞരമ്പുപോലെ മുഖത്ത് കൈവിരല്‍പ്പാടുകള്‍. കലങ്ങിയ കണ്ണുകള്‍ക്കിടയിലൂടെ എനിക്കിപ്പോള്‍ ക്ലാസുമുറിയിലെ നാല്‍പതുപേരെയും കാണാം. ബോര്‍ഡിലെഴുതിയ രാസവാക്യങ്ങള്‍ കലങ്ങിമറിയുന്നതും തെറിച്ചുവീഴുന്ന വാക്കുകള്‍ ഏതോ രാസലായനിയില്‍ അലിഞ്ഞില്ലാതാവുന്നതും ക്ലാസുമുറി മരിച്ച വീടുപോല്‍ നിശബ്ദമാവുന്നതും ഞാനറിഞ്ഞു. എന്നിട്ടും എനിക്കൊന്നും തോന്നിയില്ല.
സ്‌കൂള്‍ ജീവിതത്തില്‍ ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്. പത്താം തരത്തിലെ കെമിസ്ട്രി ക്ലാസായിരുന്നു രംഗം. ആ മാഷ് തന്നെയായിരുന്നു എട്ടാം ക്ലാസിലും എന്നെ കെമിസ്ട്രി പഠിപ്പിച്ചിരുന്നത്. ആ സ്‌കൂളില്‍ മാഷിന്റെ ആദ്യ ബാച്ചിലെ കുട്ടിയെന്ന പരിഗണന എനിക്ക് പലപ്പോഴും തന്നിട്ടുണ്ട്. നോട്ടുബുക്കിനു പകരം കടലാസില്‍ എഴുതുന്നത് മാഷിന്റെ ശ്രദ്ധയില്‍പെട്ടു. നോട്ടെടുക്കാന്‍ മറന്നു എന്ന് പറഞ്ഞുതീരുന്നതിനു മുന്‍പായി മുഖമടച്ച് ആദ്യത്തെ അടി വീണു. അപമാനഭാരത്താല്‍ തലകുനിച്ചങ്ങിനെ നിന്നു. നാല്‍പ്പതോളം വരുന്ന ക്ലാസിലെ കുട്ടികള്‍ക്കിടയില്‍ കെമിസ്ട്രിയുടെ നോട്ട് ബുക്ക് മറന്നുപോയെന്നു പറഞ്ഞുപോയതിനായിരുന്നു ആ അടി. പകച്ചുപോയ ആ നിമിഷത്തില്‍ അപ്പോള്‍ അങ്ങിനെ പറയാനായിരുന്നു എനിക്കു തോന്നിയത്.
പെട്ടെന്നുള്ള അടിയില്‍ ശരീരം മൊത്തം ഒന്നുലഞ്ഞു. കണ്ണില്‍നിന്ന് പൊന്നീച്ച പാറുമെന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ശരിക്കും അനുഭവിച്ചവര്‍ക്ക് മാത്രമേ അതിനെക്കുറിച്ചു പറയാനാകൂ. ഒത്ത ഉയരവും തടിച്ച ശരീരവുമുള്ള ഒരാളുടെ കൈവീശിയുള്ള ആ അടി ഒരു പതിനഞ്ചുകാരനു താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. മാഷിന്റെ കൈവിരലുകള്‍ക്കു നല്ല തടിയും ഉണ്ടായിരുന്നതിനാല്‍ ശരിക്കും ഒന്നൊന്നര അടിയായിരുന്നു അത്.
കുറച്ചുനേരം ഞാന്‍ അങ്ങനെ തന്നെ നിന്നു. ഒന്നും സംഭവിക്കാത്ത മട്ടില്‍ മാഷ് വീണ്ടും ക്ലാസെടുക്കല്‍ തുടര്‍ന്നു. ഉച്ചയൂണിനു വിടാനുള്ള അവസാന പിരിയഡിലെ 10 മിനുട്ടില്‍ ആയിരുന്നു ഇത്രയും സംഭവിച്ചത്. ക്ലാസ് കഴിഞ്ഞതിനുള്ള ബെല്ലടിച്ചപ്പോള്‍ ഒരു നോട്ടം പോലും നോക്കാതെ മാഷ് ക്ലാസില്‍നിന്ന് ഇറങ്ങിപ്പോയി. 'നിന്നെയൊക്കെ മാഷ് അടിക്കുമോ' എന്നു കൂട്ടുകാരന്‍ അമ്പരപ്പോടെ ചോദിച്ചു. മഴ പെയ്തതിനു ശേഷമുള്ള ഒരുതരം ശാന്തതയായിരുന്നു അപ്പോള്‍ മനസ് മുഴുവന്‍.
ഒന്നും സംഭവിക്കാത്തതുപോലെ ഞാനും പുസ്തകവുമെടുത്ത് ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്കു നടന്നു. സ്‌കൂളും വീടും തമ്മില്‍ ഒരു റോഡ് മുറിച്ചുകടക്കേണ്ട അകലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടിലെത്തിയ പാടേ മുഖം കഴുകി കണ്ണാടിക്കു മുന്നില്‍ പോയി നിന്നു. നാലു വിരലുകളുടെ പാട് മുഖത്ത് നീര്‍കെട്ടി നില്‍ക്കുന്നു. ആരുടെയും ശ്രദ്ധയില്‍പെടാതിരിക്കാന്‍ മുഖം കുനിച്ച് ഭക്ഷണം കഴിച്ചെന്നു വരുത്തി വീട്ടിനടുത്ത മൈതാനത്തെ കലുങ്കില്‍ വന്നിരുന്നു.
മൈതാനം മുഴുവന്‍ കുട്ടികള്‍ ഉച്ചഭക്ഷണത്തിനു ശേഷമുള്ള പലതരം കളികളിലാണ്. രാവിലെ പെയ്ത മഴയില്‍ മൈതാനത്ത് അവിടവിടെയായി വെള്ളം തളംകെട്ടി നില്‍ക്കുന്നു. ആകാശത്ത് മറ്റൊരു മഴക്കോളിനുള്ള സാധ്യതയുണ്ട്. നല്ല മഴ പെയ്യണേ എന്ന് മനസപ്പോള്‍ ആഗ്രഹിച്ചു. നല്ല മഴയുണ്ടെങ്കില്‍ സ്‌കൂള്‍ ചിലപ്പോള്‍ വേഗം വിടും. അത്രയും നേരം ക്ലാസില്‍ ഇരിക്കണ്ടല്ലോ എന്നോര്‍ത്ത് അന്നാദ്യമായി മഴപെയ്യാന്‍ പ്രാര്‍ഥിച്ചു.
ഉച്ചയൂണിനു ശേഷമുള്ള ബെല്ലടിച്ചതും മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങി. ഓട്ടിന്‍പുറത്ത് വീഴുന്ന മഴയുടെ ശബ്ദത്തില്‍ ക്ലാസ് അലങ്കോലമായി. മലയാളം ടീച്ചര്‍ ക്ലാസെടുക്കാതെ പുറത്തെ മഴയിലേക്ക് നോക്കിയിരുന്നു. എങ്ങിനെയെങ്കിലും ഒന്ന് ബെല്ലടിച്ചാല്‍ വീട്ടിലേക്കു പോയാല്‍ മതിയെന്ന് മനസ് തിടുക്കം കൂട്ടി. ആഗ്രഹിച്ചതു പോലെ സംഭവിച്ചു. സ്‌കൂള്‍ വിടാനുള്ള മണിയടിച്ചു. കുട്ടികള്‍ തലങ്ങും വിലങ്ങും വീട് പിടിക്കാനുള്ള ഓട്ടത്തിലാണ്. ക്ലാസിനു പുറത്തിറങ്ങിയപ്പോള്‍ അപ്പുറത്തെ ക്ലാസ് കഴിഞ്ഞ് മാഷ് വരാന്തയിലൂടെ നടന്നുവരുന്നു. ഞാന്‍ തലകുനിച്ചു നിന്നു. മാഷ് കടന്നുപോയപ്പോള്‍ മാത്രമാണ് ഞാന്‍ തലയുയര്‍ത്തിയത്. വരാന്ത അവസാനിക്കുന്ന ഭാഗത്തെ സ്റ്റാഫ് മുറിയിലേക്കു കയറുമ്പോള്‍ മാഷ് എന്നെ ഒന്നു നോക്കിയതു പോലെ എനിക്കു തോന്നി.
അപ്പോഴും മഴ തകര്‍ത്ത് പെയ്യുകയാണ്. മഴ അല്‍പം തോര്‍ന്നതിനു ശേഷമാണ് സ്‌കൂള്‍ വരാന്തയില്‍നിന്ന് ഇറങ്ങിയത്. കൈവിരലുകള്‍ കൊണ്ട് മുഖത്തെ പാടുകള്‍ അപ്പോള്‍ അവിടെ ഉണ്ടോ എന്നു തടവിനോക്കി. ഇല്ല അത് അമര്‍ന്നു മുഖം സാധാരണ രൂപത്തില്‍ തന്നെ ആയിരിക്കുന്നു. എന്നാലും വല്ലാത്ത ഭയത്തോടെ തന്നെയാണു വീടിന്റെ പടികള്‍ കയറിയത്.
'നീ മഴ നനഞ്ഞാണോ വന്നത്. കുട എടുക്കാമായിരുന്നില്ലേ' ഉമ്മ പരാതി പറഞ്ഞു.
'ദേ ഉപ്പ വന്നിട്ടുണ്ട്. ഏതൊക്കെയോ നോട്ടുബുക്ക് തീര്‍ന്നെന്നു പറഞ്ഞില്ലേ നീ ? മറക്കാതെ പറഞ്ഞ് ഇപ്പോള്‍ തന്നെ വാങ്ങിച്ചോ.'
ഒന്നും ഉരിയാടാതെ ഞാന്‍ മുറിക്കകത്തേക്കു നടന്നു.
പുസ്തകം മേശമേല്‍ വച്ച് പേജുകള്‍ എഴുതിത്തീര്‍ന്നുപോയ കെമിസ്ട്രി നോട്ടുബുക്കെടുത്ത് അരുമയായി മുകളിലൊന്നു തടവി. മനസില്‍ പതിഞ്ഞ ആദ്യ അടിയുടെ ഓര്‍മയില്‍ നാലു കൈവിരലുകളുടെ തിണര്‍ത്ത പാടുകള്‍ അവിടെ മുഴച്ചുനില്‍ക്കുന്നതായി എനിക്കു തോന്നി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."