വാത്തുരുത്തിയില്‍ റെയില്‍വേ മേല്‍പ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു
മട്ടാഞ്ചേരി: ഹാര്‍ബര്‍ ടെര്‍മിനലില്‍ യാത്രാ തീവണ്ടികള്‍ സജീവമാകുന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വാത്തുരുത്തിയില്‍ റെയില്‍വേ മേല്‍പ്പാലം വേണമെന്ന ആവശ്യത്തിനു ശക്തിയേറുന്നു. ഉടന്‍തന്നെ ഹാര്‍ബര്‍ ടെര്‍മിനലില്‍ നിന്നു യാത്ര തീവണ്ടികള്‍ സര്‍വിസ് ആരംഭിക്കുമെന്നാണു സൂചന. ഇതിനായുള്ള നടപടി ക്രമങ്ങള്‍ റെയില്‍വേ അധികൃതര്‍ ഏതാണ്ട് പൂര്‍ത്തിയാക്കി കഴിഞ്ഞു.യാത്ര തീവണ്ടികള്‍ സജീവമാകുന്നതോടെ വാത്തുരുത്തിയിലെ റെയില്‍വേ ഗെയിറ്റ് പല തവണ അടച്ചിടേണ്ടതായി വരും. ഇത് പശ്ചിമകൊച്ചിയില്‍ കടുത്ത ഗതാഗത തടസത്തിനു കാരണമാകുമെന്നാണ് വിലയടിരുത്തല്‍. ഇപ്പോള്‍ ചരക്കു തീവണ്ടികള്‍ മാത്രമാണു ഹാര്‍ബര്‍ ടെര്‍മിനലിലേക്ക് വരുന്നത്. അതിനാല്‍ റെയില്‍വേ ഗേറ്റ് അധികം അടക്കാറില്ല.
വാത്തുരുത്തിയില്‍ റെയില്‍വേ മേല്‍പ്പാലം വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണെങ്കിലും ചര്‍ച്ച കൂടുതല്‍ സജീവമാകുന്നത് ഇപ്പോഴാണ്. നേരത്തേ നേവി ഉള്‍പ്പെടെ മേല്‍പ്പാലത്തിന് എതിരായിരുന്നു. മേല്‍പ്പാലം സംബന്ധിച്ച രൂപരേഖകള്‍ തയ്യാറായെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തതാണ് പ്രധാന തടസമെന്നാണ് സൂചന.
തുറമുഖത്തിന്റെ പതിനഞ്ച് സെന്റ് സ്ഥലം ഇതിനായി ഏറ്റെടുക്കേണ്ടി വരും. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ റെയില്‍വേ മേല്‍പ്പാലം വരുന്നതിനുള്ള തടസങ്ങള്‍ നീങ്ങി കിട്ടുമെന്നാണ് വിവരം. നേവി, പോര്‍ട്ട്, റെയില്‍വേ, നഗരസഭ, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എന്നീ ഏജന്‍സികള്‍ ഒരുമിച്ച് വിചാരിച്ചാലേ പാലം യാഥാര്‍ഥ്യമാകൂയെന്നാണ് വിവരം.
മേല്‍പ്പാലം സംബന്ധിച്ച രൂപരേഖ കിറ്റ്‌കോ തയാറാക്കി കഴിഞ്ഞതായാണു സൂചന. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുകയോ അല്ലെങ്കില്‍ എം.എല്‍.എമാരുടെ ആസ്ഥി വികസന ഫണ്ട് നല്‍കുകയോ ചെയ്താല്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. തുറമുഖ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുകയും വേണം. ഇത്തരത്തില്‍ പശ്ചിമകൊച്ചിയിലേയും എറണാകുളത്തേയും ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി പ്രയത്‌നിച്ചാല്‍ വാത്തുരുത്തി റെയില്‍വേ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകും. ഈ ആവശ്യം നിയമസഭയില്‍ ഉന്നയിച്ച് പദ്ധതി നടപ്പാക്കാന്‍ എം.എല്‍.എമാര്‍ മുന്‍കൈയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."