ചരിത്രത്തിന്റെ കാവല്‍മുദ്രകള്‍
വര്‍ഷങ്ങായി മനസില്‍ കേറിക്കൂടിയതാണ് ഹംബിയും ബദാമിയുമുള്‍പ്പെടുന്ന ഒരു കര്‍ണാടക യാത്ര. മഴയിരമ്പം കേട്ടുണര്‍ന്ന ഒരു സെപ്റ്റംബര്‍ പുലരിയിലാണു സമയവും സന്ദര്‍ഭവും ഒത്തുവന്നത്. തീര്‍ത്തും യാദൃശ്ചികമായി, ഒരു മുന്‍കരുതലുകളുമില്ലാതെ പെട്ടെന്നുണ്ടായതായിരുന്നു ആ യാത്ര. പോകുന്ന വഴിയില്‍ കാസര്‍കോട്ടെ ബേക്കല്‍ കോട്ട ആദ്യത്തെ ലക്ഷ്യസ്ഥാനമായി തീരുമാനിക്കുകയും ചെയ്തു.
കാഞ്ഞിരക്കൂട്ടം എന്നര്‍ഥം വരുന്ന 'കസിര കൂട് ' എന്ന കന്നടവാക്കില്‍നിന്നാണത്രെ കാസര്‍കോടിന്റെ ഉത്ഭവം. കാസരം (കാട്ടുപോത്ത്), കോട് (പ്രദേശം) കാസര്‍കോടായി പരിണമിച്ചു എന്നും ഒരു വാദമുണ്ട്. വൈവിധ്യങ്ങളുടെ കളിത്തൊട്ടിലാണ് കാസര്‍കോട് ജില്ല. ഭാഷയിലും സംസ്‌കാരത്തിലും രുചിഭേദങ്ങളിലുമെല്ലാം വ്യത്യസ്തതളുടെ സര്‍ഗാത്മകമായ ഇഴുകിച്ചേരല്‍ നമുക്ക് വായിച്ചെടുക്കാനാവും. കന്നടയും തുളുവും ഹിന്ദിയും ഉറുദുവും മറാത്തിയും കൊങ്കിണിയും മലയാളവുമൊക്കെയായി സപ്തഭാഷകളുടെ സംഗമഭൂമി കൂടിയാണിവിടം. ഇവയുടെ മൊഴികള്‍ ഏറിയും കുറഞ്ഞും തമ്മില്‍ കലര്‍ന്നും കാസര്‍കോടിന്റെ അന്തരീക്ഷത്തെ സംഗീതമയമാക്കുന്നു. കൊറഗയും തമിഴും ബ്യാരിയുമൊക്കെയായി പിന്നെയുമുണ്ട് ചില ഭാഷകള്‍.
കലകളിലും സംസ്‌കാരങ്ങളിലുമുണ്ട് ഉപമിക്കാനാവാത്ത ഈ വൈവിധ്യങ്ങളുടെ താളലയങ്ങള്‍. യക്ഷഗാനം, ബൊമ്മയാട്ട് പോലുള്ള വര്‍ണശഭളമായ നൃത്തനാടക കലാരൂപങ്ങള്‍ എന്നും കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ കണ്ണും കാതും നിറക്കുന്ന അനഭൂതി തന്നെയാണ്. തിറയും തെയ്യവുമൊക്കെ അവര്‍ക്ക് ആരാധനക്കൊപ്പം കലാരൂപമെന്ന നിലയിലും ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. കാവുകളും കളിയാട്ടങ്ങളും പെരുങ്കളിയാട്ടങ്ങളുമൊക്കെയായി പിന്നെയും നിറഞ്ഞുകവിയും കാസര്‍കോടന്‍ വിശേഷങ്ങള്‍. തിടുമ്പുനൃത്തവും കോല്‍കളിയും പൂരക്കളിയും ഒപ്പനയും ചെണ്ടവാദ്യവും മാപ്പിളപ്പാട്ടുമെല്ലാം കലാവൈവിധ്യങ്ങള്‍ മനസില്‍ സൂക്ഷിക്കുന്ന ഒരു ജനതയാണിവര്‍ എന്ന് നമ്മെ ബോധ്യപ്പെടുത്തി കൊണ്ടേയിരിക്കുന്നുണ്ട്.
ചെറുതും വലുതുമായ ധാരാളം കോട്ടകളുള്ള ജില്ല കൂടിയാണ് കാസര്‍കോട്. കുമ്പളയും ഹോസ്ദുര്‍ഗും പനയാലും കുണ്ടുകുഴിയും ചന്ദ്രഗിരിയും കാസര്‍കോടും ബേക്കലുമൊക്കെ ഇതിന്റെ മഹിതോദാഹരണങ്ങളാണ്. വിജയനഗര സാമ്രാജ്യവും ഇക്കേരി നായിക്കന്മാരും ബേഡന്നൂര്‍ നായിക്കന്മാരും മൈസൂര്‍ സാമ്രാജ്യവും നടത്തിയ പടയോട്ടങ്ങളും അധിനിവേശങ്ങളുമൊക്കെ ഈ പ്രദേശത്തിന്റെ ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും വൈവിധ്യത്തിനു കാരണമായിട്ടുണ്ടാവണം. സംസ്‌കാരങ്ങളും ഭാഷകളും മതാചാരങ്ങളും ഐതിഹ്യങ്ങളും കലകളും പ്രകൃതി സൗന്ദര്യവും ഇത്രമാത്രം വ്യത്യസ്തവും ഇഴചേര്‍ന്നതുമായ ഒരിടം വേറെയുണ്ടാകാന്‍ വഴിയില്ല. ഇവയ്‌ക്കൊക്കെ ഇടയിലും ഈ ജനത ഊഷ്മളമായ സൗഹാര്‍ദത്തിന്റെ ഒരു ഏകാത്മകതലം പങ്കുവയ്ക്കുന്നു എന്നതില്‍ നാം അതിശയിച്ചുപോകുന്നു. അതുകൊണ്ടു തന്നെയാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടാകുമ്പോള്‍ കാസര്‍കോട് ദൈവത്തിന്റെ സ്വന്തം ജില്ലയായി അറിയപ്പെടുന്നത്.
ഞങ്ങള്‍ കാഞ്ഞങ്ങാട് എത്തുമ്പോഴേക്കും മാനം ഇരുട്ടിനെ പുണരാനുള്ള ആവേശത്തിലായിരുന്നു. ഒരു വാശി പോലെ മഴ പെയ്യാതെ മാനത്ത് കാത്തുകെട്ടി നില്‍പാണ്. ഇനി എട്ടു കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ കോട്ടയിലെത്താം. പള്ളിക്കര പഞ്ചായത്തില്‍ അറബിക്കടലിന്റെ തീരത്ത് ചെങ്കല്ല് കൊണ്ട് പണിത വൃത്താകൃതിയിലുള്ള ഈ കോട്ട, ഇന്ന് കേന്ദ്ര പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ സംരക്ഷിത സ്മാരകം കൂടിയാണ്. ബല്യകുളം (വലിയ കുളം) ലോപിച്ച് 'ബേക്കുള'വും പിന്നെയത് ബേക്കലും ആയി എന്നാണ് പറയപ്പെടുന്നത്.
കുറച്ചു മുന്‍പെ പെയ്‌തൊഴിഞ്ഞ മഴയുടെ അടയാളങ്ങള്‍ നിലത്തും ചുറ്റുമതിലിലുമൊക്കെയായി ബാക്കിനില്‍പുണ്ട്. അന്തരീക്ഷത്തിനുമുണ്ട് ഒരു കുളിരണിഞ്ഞ ആര്‍ദ്രഭാവം. മണ്‍സൂണില്‍ നനഞ്ഞൊട്ടി നില്‍ക്കുന്ന കോട്ട, അതിന്റെ ശാലീന സൗന്ദര്യം പറഞ്ഞറിയിക്കാനാവാത്തതാണ്. പടിഞ്ഞാറ് നിന്നടിക്കുന്ന ഇളംകാറ്റില്‍ തണുപ്പും അറിയാതെ ഇടം പിടിച്ചതു പോലെയുണ്ട്. ചരിത്രത്തിലുടനീളം ഒരു ദേശത്തിന്റെ കാവലായി വര്‍ത്തിച്ച ഈ കോട്ടക്കരികിലെത്തുമ്പോള്‍ ഏതൊരു സഞ്ചാരിയും അനുഭവിച്ചു പോകുന്ന ഒരു നേരിയ തണുപ്പ് പോലെ.
ബേക്കല്‍ അടങ്ങുന്ന കാസര്‍കോട് പ്രദേശം മഹോദയപുരത്തിന്റെ ഭാഗമായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ മഹോദയപുരത്തിന്റെ തകര്‍ച്ചയോടെ വടക്കന്‍ കേരളം കോലത്തിരി രാജാക്കന്മാരുടെ കീഴിലായി. അന്നുമുതല്‍ ബേക്കലിന് മലബാറിന്റെയും തുളുനാടിന്റെയും തന്ത്രപ്രധാനമായ സ്ഥാനവും ലഭിച്ചു. കടല്‍ വഴിയുള്ള അക്രമങ്ങളെ നിരീക്ഷിച്ചറിയാനുള്ള കേന്ദ്രമായി ചരിത്രത്തിലുടനീളം ഈ പ്രദേശം വര്‍ത്തിച്ചതായി കാണാം. കാലത്തിന്റെ അനസ്യൂതമായ ഒഴുക്കില്‍ ഭരണങ്ങളെത്രയോ മാറിമറിഞ്ഞിട്ടും ഈ പ്രദേശത്തിന്റെ പ്രാധാന്യം കുറഞ്ഞതേയില്ല.
ചരിത്രത്തിന്റെ ഒരു ദശാസന്ധിയില്‍ ബേക്കല്‍ വിജയനഗര സാമ്രാജ്യത്തിന്റെയും ഭാഗമായി. തളിക്കോട്ടയുദ്ധത്തില്‍ വിജയനഗര സാമ്രാജ്യം പരാജയപ്പെട്ടതോടെ നായിക്കന്‍മാരിലാണ് ( 1500 ബ 1763) ഈ പ്രദേശത്തിന്റെ ഭരണം വന്നുപെട്ടത്. കേലാടി, ഇക്കേരി, ബദനൂര്‍ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചായിന്നു അവര്‍ ഭരണം നടത്തിയിരുന്നത്. ഇവരിലെ ശിവപ്പ നായിക്ക(1650)യാണ് ബേക്കല്‍ കോട്ട പണിതത്. കോലത്തിരിയുടെ കാലത്തുതന്നെ ഇതു നിര്‍മിച്ചിട്ടുണ്ടെന്നും ശിവപ്പനായിക്ക പുതുക്കിപ്പണിയുക മാത്രമാണു ചെയ്തതെന്നും പുതിയ ചില പഠനങ്ങളുമുണ്ട്.
കവാടം കടന്നു വളഞ്ഞുപുളഞ്ഞു പോകുന്ന ചെങ്കല്ലു പാകിയ വീതികൂടിയ വഴി. കൊഴിഞ്ഞുപോയ കാലത്തിന്റെ ദൈര്‍ഘ്യവും തകര്‍ന്നടിഞ്ഞ് മണ്ണോടു ചേര്‍ന്ന സാമ്രാജ്യങ്ങളുടെ ഹുങ്കുമൊന്നും ഏല്‍ക്കാതെ വഴിയുടെ വലതുവശത്തായി ഒരു ഹനുമാന്‍ കോവിലുണ്ട്. കോട്ട പണികഴിപ്പിച്ച ഇക്കേരി നായിക്കന്മാരുടെ കുലദൈവമായിരുന്നുവത്രെ ഹനുമാന്‍. തൊട്ടടുത്തുതന്നെ ഒരു മസ്ജിദുമുണ്ട്. കാലത്തിന്റെ പൊറുതി കേടുകളെയൊക്കെ മറികടന്ന് തൊട്ടടുത്ത് തന്നെ ഒരു മസ്ജിദും, ഇപ്പോഴുമവ തൊട്ടുരുമ്മിനില്‍ക്കുന്നതു കാണുമ്പോള്‍ നാം പിന്തുടര്‍ന്നുവരുന്ന സൗഹാര്‍ദത്തിന്റെ ഇഴയടുപ്പം മനസിനെ വല്ലാതെ ത്രസിപ്പിച്ചു കൊണ്ടേയിരുന്നു. 1763ല്‍ ഈ പ്രദേശം ഹൈദരലിയുടെ മൈസൂര്‍ രാജവംശത്തിനു കീഴിലായി. ടിപ്പുവിന്റെ കാലത്തോടെ മലബാറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പട്ടാളകേന്ദ്രമായി ബേക്കല്‍ മാറുകയും ചെയ്തു. അക്കാലത്തു പണികഴിപ്പിച്ചതാണത്രെ ഈ മസ്ജിദ്. ടിപ്പുവിന്റെ അന്ത്യം സംഭവിച്ച നാലാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തോടെ (1799) ഈ കോട്ട ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലാവുകയാണുണ്ടായത്.
പോരാട്ടങ്ങള്‍ക്കും ചെറുത്തുനില്‍പുകള്‍ക്കും മൂകസാക്ഷിയായി അറബിക്കടലോരത്ത് 130 അടി ഉയരത്തില്‍, കോട്ടകളുടെയൊക്കെ കോട്ടയായി ബേക്കലിപ്പോഴും തലയുയര്‍ത്തി തന്നെ നില്‍ക്കുന്നു. അകത്തെത്തിയാല്‍ ഒറ്റനോട്ടത്തില്‍ ഒരു ഉദ്യാനത്തിന്റെ പ്രതീതി. അകലെ കോട്ട കൊത്തളങ്ങള്‍ക്കപ്പുറത്ത് അനന്തവിശാലമായി പരന്നുകിടക്കുകയാണ് അറബിക്കടല്‍. ഏകദേശം മധ്യഭാഗത്ത് വൃത്താകൃതിയിലുള്ള ഒരു ഗോപുരം, അതിലേക്കു ചെരിഞ്ഞുകയറുന്ന നടപ്പാതയും ഗോപുരവും ചെങ്കല്ലു കൊണ്ടുണ്ടാക്കിയതാണ്.
കാമറയുമെടുത്ത് കിതച്ചുകൊണ്ട് മുകളിലെത്തി, ഏകദേശം 8 അടി ഉയരമുണ്ട്. ഈ നിരീക്ഷണ ഗോപുരത്തില്‍നിന്നു ചുറ്റുമൊന്ന് കണ്ണോടിക്കുമ്പോള്‍ കാഴ്ചയുടെ വൈവിധ്യങ്ങള്‍ ഒറ്റ സ്‌നാപ്പില്‍ തെളിയുന്ന പോലെയാണ്. കടലിനോടു ചേര്‍ന്നു വടക്കുപടിഞ്ഞാറായി 200 മീറ്ററോളം നീളത്തില്‍ കോട്ടമതില്‍. അതിനോടു ചേര്‍ന്നു നീണ്ടുപോവുന്ന നടപ്പാത. നടുക്ക് പച്ചപ്പട്ട് വിരിച്ച പോലെ പുല്‍മേട് ഇടക്കിടെ പല വര്‍ണത്തില്‍ പൂവിട്ടു നില്‍ക്കുന്ന, വൃത്തിയായി വെട്ടിയൊതുക്കിയ ചെടികളും പിന്നെ വളര്‍ന്നുവരുന്ന തണല്‍മരങ്ങളും. പുറത്ത് മൂന്നു ഭാഗങ്ങളിലായി കടല്‍, പരുക്കന്‍ പാറകെട്ടുകളിലും കോട്ടമതിലിലും ആര്‍ത്തിരമ്പി തല തല്ലുന്ന തിരമാലകള്‍. അവ തീര്‍ക്കുന്ന വെളുത്ത നുരകള്‍ മുത്തുകള്‍ പോലെ സഞ്ചാരികളെ മത്തു പിടിപ്പിക്കുന്നുണ്ട്. തണുത്ത കാറ്റും കടലിന്റെ സംഗീതവും കാഴ്ചയുടെ വൈവിധ്യവും വിട്ട് നിരീക്ഷണഗോപുരത്തില്‍നിന്നിറങ്ങാനേ തോന്നില്ല. അത്രയ്ക്കുണ്ടതിറെയൊരു ആസ്വാദനം. പക്ഷേ സമയത്തെ മാനിക്കാതെ വയ്യ. മനസില്ലാമനസോടെ ശ്രദ്ധിച്ചിറങ്ങുമ്പോഴാണ് കോട്ടയുടെ തെക്കുപടിഞ്ഞാറായി ഒരു തുരങ്കം ശ്രദ്ധയില്‍പെട്ടത്. അടുത്തെത്തിയപ്പോള്‍ കടല്‍തീരത്തേക്കാണ് അതു വഴിതുറക്കുന്നതെന്ന് മനസിലായി.
കോട്ടമതിലിനോടു ചേര്‍ന്നുള്ള നടപ്പാതയിലൂടെ നീങ്ങുക എന്നത് വല്ലാത്തൊരനുഭവമാണ്. കാരണം കടലിരമ്പം കുറച്ചുകൂടി വ്യക്തമാണിപ്പോള്‍, കൂടാതെ ചുറ്റുമതിലില്‍ ഇടക്കിടക്കു കാണുന്ന വിടവുകളിലൂടെയുള്ള കടല്‍കാഴ്ച ഹൃദ്യവുമാണ്. ഈ വിടവുകള്‍ കടല്‍വഴിയുള്ള അക്രമകാരികള്‍ക്കുനേരെ തൊടുത്തുവിടാനുള്ള പീരങ്കികള്‍ കയറ്റിവയ്ക്കാനുള്ളതാ യിരുന്നത്രേ. അതിനോട് ചേര്‍ന്നുകാണുന്ന ചെറുകമാനങ്ങള്‍ പീരങ്കികളിലേക്കുള്ള വെടിക്കോപ്പുകളും വെടിമരുന്നുകളും നനയാതെ സൂക്ഷിക്കാനുള്ളതുമായിരുന്നു. ഇടയ്ക്കിടക്കു കടലിന് അഭിമുഖമായി പ്രത്യക്ഷപ്പെടുന്ന അത്യാവശ്യം വിശാലമായ പൂമുഖങ്ങളില്‍നിന്നുള്ള കടല്‍കാഴ്ചയും അതിസുന്ദരം തന്നെ. എല്ലാം കണ്ടും കേട്ടും ആസ്വദിച്ചും, ചെങ്കല്ലില്‍ ചരിത്രം കരുതലോടെ പതിച്ചുവച്ച കോട്ടകൊത്തളങ്ങളുടെ കല്ലുപാകിയ വിശാലമായ വഴികളിലൂടെ നടന്നു കടല്‍തീരത്തെത്തുമ്പോള്‍, നയനസുന്ദരമായ വര്‍ണചിത്രങ്ങള്‍ ബാക്കിവച്ചു പടിഞ്ഞാറന്‍ ചക്രവാളത്തില്‍നിന്ന് സൂര്യന്‍ കടലിന്റെ അഗാധതയിലേക്ക് ആഴ്ന്നിറങ്ങാന്‍ ഒരുങ്ങിനില്‍ക്കുകയായിരുന്നു.
പ്രവിശാലമായ 40 ഏക്കര്‍ സ്ഥലത്ത്, സംവത്സരങ്ങളായി ഒരു ദേശത്തിന്റെ മുഴുവന്‍ കരുതലടയാളവും തലയിലേറ്റി നില്‍ക്കുന്ന ഈ കാവല്‍കോട്ടയെ ഏതാനും മിനുട്ടുകള്‍ കൊണ്ട് അന്തിയിരുട്ട് വിഴുങ്ങിയേക്കാം. അപ്പോഴും അതിന്റെ ചരിത്രത്തിലെ പ്രാധാന്യം കടലിരമ്പം പോലെ കോട്ടയുടെ ചുറ്റുമതിലില്‍ പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും. പെട്ടെന്ന് എന്തോ ഒരു ശബ്ദം കാതുകളിലേക്കു തുളച്ചുകയറി, കോട്ടയുടെ കാവല്‍ക്കാരുടെ സമയമായെന്നറിയിക്കാനുള്ള വിസിലാണ്. ഏതോ രാജാവിന്റെ ആജ്ഞ കിട്ടിയ പോലെ അവരുടെ അധികാരം വിസിലില്‍ പ്രയോഗിച്ചുകൊണ്ടേയിരുന്നു. അസ്തമയസൂര്യന്റെ അന്തിച്ചോപ്പില്‍ തിരിഞ്ഞുനടക്കുമ്പോള്‍ കാലം പിന്നോട്ടു പാഞ്ഞു മാനത്ത് ഇരുട്ടുപരന്നു തുടങ്ങിയിരുന്നു. അപ്പോഴും അറബിക്കടലിന്റെ തീരത്ത് ബേക്കല്‍കോട്ട ഒരു കാവല്‍മുദ്ര പോലെ ചരിത്രത്തില്‍ വേറിട്ടു തന്നെ കിടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."