അപൂര്‍ണമൊരു മുരളീഗാനം
അന്തിദീപത്തിന്നൊളി മങ്ങീടവേ,
നിരത്തിലൂടെ ഞാന്‍ പകച്ചു പായവേ,
കടുത്തൊരൊച്ചകള്‍ പ്രസവിക്കും ശര-
മാരിപോല്‍ ശകടങ്ങള്‍ നീങ്ങെ,
ക്ഷണിക ഭാവി പോല്‍ അനിശ്ചിതത്വത്തിന്‍
പ്രതീകഭംഗി പോല്‍ നിരത്തു നീളവേ,
കിടമാത്സര്യവും മുള്ളു വീഴുന്ന
ഭയപ്പേമാരിയും വികടഭാവിയും
മനസിലാര്‍ത്തുവന്നലക്കും സാഗരത്തിരകളെപ്പോലെ വിഷാദചിന്തകള്‍.
ഒരു വേള, വേട്ടമൃഗത്തെ മാതിരി
ആകുലതയാല്‍ തിരക്കിട്ടോടവേ,
ശാന്തസൗവര്‍ണം പകരുമര്‍ക്കനോ,
വഴിയോരത്തെഴും ചിരിക്കും പൂക്കളോ,
ഹൃദയജാലകം തുറന്നിടാന്‍ മൃദു
സുഖദതെന്നലായകമൊന്നു പൂകാന്‍,
വഴി കാണാതെയിരന്നു നില്‍ക്കവേ,
വ്യഥിതചിത്തമങ്ങശാന്തി മൂടവേ,
ഒരു നിലാച്ചിന്തായ്, കുളിര്‍ മാലേയത്തിന്‍ തളിര്‍ തലോടലായ്, തരള മാരിയായ്,
ഒരു മുളന്തണ്ടിന്‍ മൃദുലഗീതികള്‍
അണി നിലാവുപോല്‍ എന്നെച്ചൂഴുന്നോ?
ചുറ്റും നോക്കവേ, പാത തന്നോരം
മുരളി വില്‍ക്കുന്നൂ, ഒരു ചെറു ബാലന്‍.
കനത്ത വെയിലിന്റെ കരിവാളിപ്പുകള്‍
വര്‍ത്തമാനത്തിന്‍ ഭയചരിതങ്ങള്‍.
ശ്യാമസാന്ദ്രമാം വദനത്തില്‍ പൂത്ത
നിലാവൊളി പോലെ സ്‌മേരവിസ്മയം.
ഒരു വേള പിന്നെപ്പുനര്‍ജനിച്ചുവോ
യദുവംശത്തിന്റെ തിലകിത നാളം?
ചൊടിമലര്‍ ചേരും കുറുങ്കുഴലില്‍ നിന്ന
ഭംഗുരമായി സ്വരതടിനികള്‍.
വിയര്‍ത്തു പായുമീ വിശ്വത്തിന്‍ ദുര
കെടുത്തുവാന്‍ പോന്ന മഹാപ്രവാഹമായ്,
ഉയിരിടുന്നുവോ ഷഡ്ജപഞ്ചമ
സ്വനമധുമയ ഹര്‍ഷ വീചികള്‍ ?
മുന്നില്‍ നീര്‍ത്തൊരു പായയില്‍ ഈറ-
ത്തണ്ടുകളൊരു ശ്വാസം തേടുന്നു.
അമൃതവര്‍ഷിണി, ജോഗ്, കല്യാണി,
മധ്യമാവധി രാഗധാരകള്‍.
ഒരു കുയിലിന്റെ തരള ഗീതങ്ങള്‍,
മൃദുല തെന്നലിന്‍ സുഖദ ഗീതികള്‍,
കടലിന്‍ പാട്ടുകള്‍, നദിതന്‍ ശീലുകള്‍
വസന്തചിത്രങ്ങള്‍, മഴതന്‍ മൂളലും
മുരളികയിലെ മധുരഗീതമായ്
പുനര്‍ജനിക്കുവാന്‍ കാത്തുനില്‍ക്കുന്നു.
ആദിയില്‍ പൂത്ത പ്രണവശാഖി പോല്‍,
ഹൃദയവാടിയില്‍ മലര്‍ ചൊരിയുന്നു.
ഞാനൊരു കോലക്കുഴലു വാങ്ങിയെന്‍
കനത്ത ചുണ്ടുകള്‍ അതില്‍ ചേര്‍ത്തീടവേ,
പൊഴിവൂ, ഗദ്ഗദം, ഞരക്കങ്ങള്‍
എന്റെ ചിന്തകള്‍ വികൃതനാദമാകുന്നു.
അക്കിശോരന്‍ തന്‍ ചൊടി ചേര്‍ന്നീടുമ്പോള്‍
ചുരക്കും നാദത്തിന്‍ മഹാപ്രവാഹത്തില്‍
മയങ്ങിപ്പോകുന്നു, നാദനിര്‍ഝരി
ദേഹദേഹിയില്‍ പൂകിയാര്‍ക്കവേ,
പുളക നിര്‍വൃതി ഉയിര്‍ത്തെണീക്കുന്നു,
വിശ്വം വൃന്ദാവനിയായ് തീരുന്നു.
പതിവായന്തിയില്‍ നിരത്തിന്നോരത്തെ,
പാട്ട് കേള്‍ക്കുവാന്‍ വ്രണിതചിത്തങ്ങള്‍
ആര്‍ത്തു ചേരുമായിടം തന്നിലൊരു
വണ്ടു മാത്രമായ് ഞാനും നില്‍ക്കുന്നു.
ഒരു സായാഹ്നത്തില്‍, അലകളില്ലാത്ത
കടലൊന്നാകുവാന്‍ മനസ് വെമ്പി ഞാന്‍
പ്രകൃതി കാതോര്‍ക്കും പൈതല്‍, ഈറ തന്‍
വേണു വില്‍ക്കുന്നൊരിടമങ്ങെത്തി ഞാന്‍.
എവിടെപ്പോയെന്റെ മുരളികാ നാദം ?
എവിടൊളിച്ചെന്റെ സാന്ദ്രസംഗീതിക?
വഴിയോരത്തതാ തകര്‍ന്ന മുരളികള്‍
ഏതപൂര്‍ണമാം രാഗം തീര്‍ക്കുന്നു?
തിരക്കിയെത്തിയേന്‍, ആശുപത്രിയില്‍,
വെട്ടിവീഴ്ത്തി പോല്‍ കൊലയാളിക്കൂട്ടം.
രാത്രി പാതകം സാക്ഷി ചൊന്നൊരാ
പാവം പൈതലെയരിഞ്ഞു തള്ളിയോ ?
ആളു മാറി പോല്‍ തുളക്കും കഠാരകള്‍-
ക്കറിവീലല്ലോ അകൈതവങ്ങളെ!
പഞ്ഞി മേലാപ്പാല്‍ മൂടിപ്പോയൊരെന്‍
പിഞ്ചുബാലന്റെ മൃതദേഹം കാണ്‍കെ,
മുറിച്ചൊടികളില്‍ തങ്ങിനില്‍ക്കുന്ന
അറ്റു വീഴാത്ത സ്മിതദലങ്ങളും
ഉണര്‍ത്തും ചോദ്യങ്ങള്‍ക്കന്തമില്ലയോ,
അനാഥര്‍ക്കാരൊരു തുണ ലോകേശനോ ?
സത്യവേതനം കഠോരമൃത്യുവോ?
കളങ്കമേശാത്ത ഹൃദ്ഫലമെന്തു?
ചുറ്റും വീശുന്നോ അമരബാംസുരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."