മദ്യവില്‍പന കേന്ദ്രങ്ങള്‍ മാറ്റണമെന്ന വിധി പുനഃപരിശോധിക്കണം
മാഹി:ദേശീയപാതയോരങ്ങളിലെ മദ്യവില്‍പന കേന്ദ്രങ്ങള്‍ ഏപ്രില്‍ ഒന്നിനകം മാറ്റി സ്ഥാപിക്കണമെന്നുള്ള സുപ്രീംകോടതി വിധി വീണ്ടും പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പുതുച്ചേരി സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു.
കേന്ദ്രഭരണ പ്രദേശമെന്ന നിലയില്‍ പുതുച്ചേരി സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് വിധിയില്‍ ഇളവു നല്‍കണമെന്നാവശ്യപ്പെട്ടാണ് റിവ്യു പെറ്റിഷന്‍ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ കഴിഞ്ഞ രണ്ടിന് സമര്‍പ്പിച്ചത്.
സംസ്ഥാനത്തിന് പ്രതിവര്‍ഷം 150 കോടിക്ക് മുകളില്‍ വരുമാനമാണ് മദ്യശാലകള്‍ പൂട്ടുന്നതോടെ നഷ്ടമാവുന്നതെന്ന് ഹര്‍ജിയില്‍ പ്രത്യേകം എടുത്തു പറയുന്നു. സംസ്ഥാനത്തിന്റെ മറ്റൊരു വരുമാനമാര്‍ഗമായ ടൂറിസം മേഖലയെയും ഇത് ബാധിക്കും. വില കുറഞ്ഞ മദ്യം ലഭിക്കുന്ന പ്രദേശമെന്ന ആകര്‍ഷണീയതയും മാഹിക്കുണ്ട്.
മദ്യ വില്പന കേന്ദ്രങ്ങള്‍, ടൂറിസം മേഖല ഇവയെല്ലാമായി ബന്ധപ്പെട്ട് ബാറുകളില്‍ ജോലി ചെയ്യുന്ന 1500 തൊഴിലാളികളുടെ ജീവിത പ്രശ്‌നവും പ്രയാസങ്ങളും കണക്കിലെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പുതുച്ചേരി സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്ക് ഒട്ടേറെ പഠന ഉപകരണങ്ങളും സൗകര്യങ്ങളും സൗജന്യമായി നല്‍കുന്നുണ്ട്. സാധാരണ ജനങ്ങള്‍ക്കായി സൗജന്യ റേഷന്‍ ഉള്‍പ്പെടെ ഒട്ടേറെ ക്ഷേമ പദ്ധതികളും സൗജന്യങ്ങളും പെന്‍ഷനുകളും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്.
മദ്യത്തില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് സര്‍ക്കാര്‍ ഇതൊക്കെ നടപ്പിലാക്കുന്നത്.
സര്‍ക്കാരിന്റെ വന്‍തോതിലുള്ള റവന്യു നഷ്ടം ഇവയൊക്കെ നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യത്തിലെത്തിക്കും. വിദ്യാര്‍ഥികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും നല്‍കുന്ന ക്ഷേമ പദ്ധതികള്‍ ഇതോടെ അവസാനിക്കും.
പാതയോരത്ത് നിന്ന് 500 മീറ്റര്‍ ദൂരപരിധിയെന്നത് ഇത്തരം പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് 100 മീറ്ററായി കുറക്കണമെന്നും മദ്യശാലകള്‍ അടച്ചു പൂട്ടുന്ന തിയതി 2018 ഏപ്രില്‍ ഒന്ന് വരെയായി നീട്ടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് തുടര്‍വാദങ്ങള്‍ക്കായി ഹര്‍ജി മറ്റൊരു ദിവസത്തേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."