കാരായിമാര്‍ക്കു നീതി നിഷേധം: ന്യായ വിചാര സദസ് സംഘടിപ്പിച്ചു
തലശ്ശേരി: കാരായിമാര്‍ക്കുള്ള നീതി നിഷേധത്തിനെതിരേ കതിരൂര്‍ തരുവണത്തെരുവില്‍ ന്യായ വിചാര സദസ് സംഘടിപ്പിച്ചു. സര്‍ഗ സാംസ്‌കാരിക വേദിയുടെയും യുവധാര കതിരൂരിന്റെയും നേതൃത്വത്തിലാണു പരിപാടി സംഘടിപ്പിച്ചത്. ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനം ചെയ്തു. കാരായി രാജനും ചന്ദ്രശേഖരനും ജീവിക്കുന്ന രക്തസാക്ഷികളാണെന്നും വിചാരണ പോലും നേരിടാതെയാണ് അവര്‍ തുറന്ന ജയിലിലടക്കപ്പെട്ടതെന്നും കമല്‍ പറഞ്ഞു. ആറു വര്‍ഷത്തോളമായി സ്വന്തം നാട്ടില്‍ വരാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഭരണകൂടത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും അന്വേഷണ സംഘത്തിന്റെയും തകരാറാണിത് ചൂണ്ടിക്കാട്ടുന്നത്. ജനിച്ച നാട്ടില്‍ നിന്നു പറിച്ചെറിയപ്പെട്ടിരിക്കുകയാണ് ഇവര്‍. ഇടതുപക്ഷം ഭരിക്കുന്ന ഈ സമയത്ത് പോലും ഇവരെ സഹായിക്കാന്‍ പറ്റാത അവസ്ഥയാണുള്ളത്. ഭരണകൂട ഭീകരത കാരണം പൊലിസിന്റെയും ജുഡിഷ്യറിയുടെയും സത്യത്തെ കാണാന്‍ സാധിക്കുന്നില്ലെന്നും നീതി നിഷേധിക്കുന്ന കാര്യങ്ങളാണ് ഇന്നു നടന്നു കൊണ്ടിരിക്കുന്നതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
എബി എന്‍ ജോസഫ്, സെല്‍വന്‍ മേലൂര്‍, ബി.ടി.കെ അശോകന്‍ എന്നിവര്‍ തയാറാക്കിയ 'ദി ഫാബ്രിക്കേറ്റഡ്' എന്ന ഇന്‍സ്റ്റലേഷന്‍ ഡ്രാമയോടെയാണു പരിപാടി ആരംഭിച്ചത്. അഡ്വ.സി.പി ഉദയഭാനു, പൊന്ന്യം ചന്ദ്രന്‍, രമേശ് കാവില്‍ , പ്രദീപ് ചൊക്ലി എന്നിവരും സംസാരിച്ചു. കെ.വി പവിത്രന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."