ചുള്ളിക്കര കൊട്ടോടി പൊതുമരാമത്ത് റോഡ് സര്‍വേ പൂര്‍ത്തിയായി
രാജപുരം: ചുള്ളിക്കര കൊട്ടോടി പൊതുമരാമത്ത് റോഡ് സര്‍വേ പൂര്‍ത്തിയായി. ചുള്ളിക്കര കൊട്ടോടികുറ്റിക്കോല്‍ റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലത്തെച്ചൊല്ലി തര്‍ക്കം വന്നതോടെയാണ് ചുള്ളിക്കരമുതല്‍ കൊട്ടോടി വരെയുള്ള മൂന്ന് കിലോമീറ്റര്‍ റോഡ് നിര്‍മാണം പ്രതിസന്ധിയിലായത്.
റോഡ് കയ്യേറ്റങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് താലൂക്ക് സര്‍വേയര്‍ പുറമ്പോക്ക് സ്ഥലം സര്‍വേ നടത്തിയത്. ചുള്ളിക്കര മുതല്‍ കൊട്ടോടിവരെയുള്ള റോഡിന്റെ വികസനം പ്രവര്‍ത്തനം ആരംഭിച്ച ഘട്ടത്തിലാണ് നിരവധി സ്വകാര്യവ്യക്തികള്‍ തടസവാദങ്ങള്‍ ഉയര്‍ത്തിയത്. എന്നാല്‍ പലരും സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുള്ളതായി പരിശോധനയില്‍ തെളിഞ്ഞതോടെയാണ് സര്‍വേ നടത്താന്‍ നാട്ടുകാരുടെ നേതൃത്വത്തിലുള്ള ആക്ഷന്‍കമ്മിറ്റി യോഗം തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസമായി ആരംഭിച്ച സര്‍വേയാണ് പൂര്‍ത്തിയായത്. പുറമ്പോക്ക് കൃത്യമായി അളന്ന് തിട്ടപ്പെടുത്തുന്ന ജോലിയാണ് പൂര്‍ത്തിയായത്. സര്‍വേ പൂര്‍ത്തിയായതോടെ റോഡുവക്കിലെ നിരവധി പേര്‍ പുറംപോക്ക് ഭൂമി കയ്യേറിയതായി കണ്ടെത്തി.
കൊട്ടോടി ടൗണിലെ കയ്യേറ്റവും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കയ്യേറ്റം സംബന്ധിച്ച് അളന്ന് തിട്ടപ്പെടുത്തിയെങ്കിലും കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. ഇതിന്റെ ഭാഗമായി കയ്യേറ്റകാര്‍ക്ക് ബന്ധപ്പെട്ട വകുപ്പ് നോട്ടിസ് നല്‍കി ഒഴിപ്പിക്കുന്നതിന് നടപടി ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ചുള്ളിക്കര മുതല്‍ കൊട്ടോടി വരെയുള്ള റോഡ് വികസന പ്രവൃത്തി അവസാനഘട്ടത്തിലാണ്. ചുള്ളിക്കരയില്‍ നിന്നും കൊട്ടോടി വരെയുള്ള മൂന്ന് കിലോമീറ്റര്‍ റോഡ് മെക്കാഡം ടാറിങ്ങ് നടത്തുന്നതിന്റെ ഭാഗമായി ഒന്‍പതു മീറ്റര്‍ വീതിയില്‍ നവീകരണ പ്രവൃത്തികള്‍ നടത്തി കഴിഞ്ഞു.
എന്നാല്‍ വനം വകുപ്പിന്റെയും പ്ലാന്റേഷന്‍ കോര്‍പറേഷന്റെയും മുന്‍കൂര്‍ അനുമതി ഇല്ലെന്ന കാരണത്താല്‍ വനം വകുപ്പ് അധികൃതര്‍ എതിര്‍പ്പുമായി രംഗത്ത് വന്നതോടെ കൊട്ടോടി പയ്യച്ചേരിക്ക് അടുത്ത് റോഡിലെ ഇരുന്നൂറ് മീറ്റര്‍ ഭാഗം ആവശ്യത്തിന് വീതി എടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ ഭാഗം ഒഴിവാക്കിയാണ് ഇപ്പോള്‍ പ്രവൃത്തി നടക്കുന്നത്.
അനുമതിയില്ലാതെ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് വനം വകുപ്പ് അധികൃതര്‍. ഇതേ തുടര്‍ന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. സര്‍വേക്ക് കെ.പി അജന്തകുമാര്‍, ആക്ഷന്‍കമ്മിറ്റി ഭാരവാഹികളായ ടി രത്‌നാകരന്‍, അഞ്ഞനമുക്കൂട്കുഞ്ഞമ്പു നായര്‍, ബി അബ്ദുള്ള എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."