കൊറഗരിലെ ആദ്യ ഗവേഷക വിദ്യാര്‍ഥി മീനാക്ഷി
കാസര്‍കോട്: വംശ നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ആദിവാസി വിഭാഗമായ കൊറഗ ഗോത്രത്തില്‍ നിന്ന് ആദ്യ ഗവേഷക വിദ്യാര്‍ഥിനി മീനാക്ഷി. പഠനത്തില്‍ മിടുക്കിയായ ഇവര്‍ക്ക് വിദ്യാഭ്യാസം തുടരണമെങ്കില്‍ ഇനി അധികൃതരുടെ കനിവ് വേണം. മഞ്ചേശ്വരം വോര്‍ക്കാടിയിലെ ബൊഡോഡി കൊറഗ കോളനിയില്‍ നിന്ന് കാസര്‍കോട് ചാലയിലെ കാംപസിലെത്തണമെങ്കില്‍ ദിവസം നൂറു രൂപയോളം യാത്രാചെലവ് വേണ്ടിവരുന്നു. നിലവില്‍ എം.ഫില്‍ പഠിക്കുന്നവര്‍ക്ക്് മറ്റുവിദ്യാര്‍ഥികളെ പോലെ ബസ്‌യാത്രാ ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തതാണ് ഇപ്പോള്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. കാംപസിലെ അഞ്ചു ഗവേഷക വിദ്യാര്‍ഥികളില്‍ നാലുപേരും ഹോസ്റ്റലില്‍ നിന്നാണ് കോളജിലെത്തുന്നത്. പക്ഷെ മീനാക്ഷിക്ക് ഒന്നരവയസുള്ള മകനുള്ളതിനാല്‍ ഹോസ്റ്റല്‍ പഠനം അസാധ്യമായിരിക്കുന്നു. അധികൃതര്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി യാത്രാ സൗകര്യമൊരുക്കിയാല്‍ മാത്രമേ കൊറഗ മേഖലയിലെ ആദ്യ ഗവേഷകവിദ്യാര്‍ഥിയുടെ പഠനം തുടരാനാകൂ.
കാസര്‍കോട് ഗവ കോളജിലെ കന്നഡ വിഭാഗം മേധാവി മഹേശ്വരിയുടെ കിഴിലാണ് ശേഖര തുക്കുറു ദമ്പതികളുടെ മകളായ മീനീക്ഷി(27) കൊറഗ് ഭാഷയെ സംബന്ധിച്ച് ഗവേഷണം ചെയ്യാനൊരുങ്ങുന്നത്. പ്രവേശന പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയാണ് ഗവേഷണ പഠനത്തിന് അര്‍ഹത നേടിയത്. കന്നഡ, തുളു, മറാഠി ചേര്‍ന്ന സങ്കര ഭാഷയാണ് കൊറഗര്‍ സംസാരിക്കുന്നത്. നേരത്തെ കൊറഗ വംശത്തില്‍ നിന്ന് ആദ്യമായി എം.എ ബിരുദം നേടിയതിന് ജില്ലാ ഭരണകൂടം ആദരിച്ചിരുന്നു. തുടര്‍ന്ന് ഒന്നാംക്ലാസോടെ ബി.എഡ് ബിരുദവും നേടിയപ്പോള്‍ 2014 ജനുവരി 26 നു റിപ്പബ്ലിക്ക് ദിനപരിപാടിയില്‍ സര്‍ക്കാര്‍ അതിഥിയായി പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് മീനാക്ഷിക്ക് രാഷ്ട്രപതിയുടെ പ്രത്യേക ക്ഷണം ലഭിച്ചിരുന്നു. ഭര്‍ത്താവ് രത്‌നാകരന്‍ നേരത്തെ ഓട്ടോഡ്രൈവറായിരുന്നെങ്കിലും ഇപ്പോള്‍ കൂലിപ്പണി ചെയ്യുകയാണ്. മാതാപിതാക്കള്‍ പരമ്പരാഗതമായ കൂട്ട മെടയല്‍ തൊഴിലൊടുത്താണ് ഇതുവരെ ജീവിതം തള്ളിനീക്കിയിരുന്നത്. എന്നാല്‍ അംസ്‌കൃത വസ്തുകളുടെ ലഭ്യത കുറവ് കുടുംബ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. അധ്യാപകരുടെയും സഹ വിദ്യാര്‍ഥികളുടെയും പ്രോല്‍സാഹനം കാരണമാണ് ഇപ്പോഴും പഠനം തുടരുന്നതെന്ന് മീനാക്ഷി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."