രക്ഷകരെ ആര് രക്ഷിക്കും
ഒഴിവുകളുണ്ട്; നിയമനമില്ല; ഉള്ളവര്‍ക്കു പിടിപ്പതുപണി
കാസര്‍കോട്, ഉപ്പള, കുറ്റിക്കോല്‍, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലാണ് ജില്ലയില്‍ ഫയര്‍സ്റ്റേഷനുള്ളത്.
ഇവിടങ്ങളില്‍ 140 പേര്‍ ജോലി ചെയ്യുന്നു. ഒരു അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫിസര്‍, മൂന്നു സ്റ്റേഷന്‍ ഓഫിസര്‍, അഞ്ച് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍, 12 ലീഡിങ് ഫയര്‍മാന്‍, അഞ്ച് ഡ്രൈവര്‍ മെക്കാനിക്, 76 ഫയര്‍മാന്‍, 22 ഡ്രൈവര്‍, 15 ഓളം മറ്റു ഓഫിസ് ജീവനക്കാര്‍ എന്നിങ്ങനെയാണ് ഇപ്പോഴുള്ള ജീവനക്കാരുടെ കണക്ക്. ഇത്രയും വിഭാഗങ്ങളിലായി രണ്ടു സ്റ്റേഷന്‍ ഓഫിസര്‍, നാല് ലീഡിങ് ഫയര്‍മാന്‍, ഒന്‍പതു ഡ്രൈവര്‍, 26 ഫയര്‍മാന്‍മാരടക്കം 41 ഓളം ഒഴിവുകളാണ് നിലവിലുള്ളത്.
ഇതില്‍ പലരും സ്‌പെഷല്‍ ഡ്യൂട്ടിയെടുക്കുന്നതു കാരണം മുഴുവന്‍ ജീവനക്കാരുടെയും സേവനം ഇവിടെ ലഭ്യമാവാത്ത സ്ഥിതിയും നിലനില്‍ക്കുന്നു.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അഗ്നിശമന സേന ജില്ലയില്‍ 382 തീപിടിത്തത്തിലും 183 മറ്റു അപകടങ്ങളുമായി 565 സംഭവങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം നടത്തി.
രക്ഷിച്ചതു 63 മനുഷ്യ ജീവനുകളാണ്, 15 മറ്റു ജീവികളുടെയും ജീവന്‍ ഇവരുടെ അവസരോചിത ഇടപെടലിലൂടെ തിരികെ ലഭിച്ചു. തിരിച്ചുനല്‍കാനാകാതെ പോയത് 17ഓളം ജീവനുകളാണ്.
എത്രയൊക്കെ കഷ്ടപ്പെട്ടാലും സാഹചര്യങ്ങള്‍ പോലും മനസിലാക്കാത്ത ചിലരുടെ കുറ്റപ്പെടുത്തലുകള്‍ ഉള്ളില്‍ വേദന നിറയ്ക്കാറുണ്ടെന്ന് ഇവരുടെ മറ്റൊരു പരിഭവം
വരുമോ മലയോരത്ത് ഒരു ഫയര്‍സ്റ്റേഷന്‍
ഫയര്‍ ഫോഴ്‌സ് എത്തുമ്പോഴേക്കും തീയണച്ചു നാട്ടുകാര്‍ പോയിരിക്കും. ഇതാണു മലയോരത്തെ സ്ഥിതി. മലയോര പഞ്ചായത്തുകളായ കിനാനൂര്‍ കരിന്തളം, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാല്‍, കോടോംബേളൂരിന്റെ ഒരു ഭാഗം എന്നിവിടങ്ങളിലേക്ക് അപകടഘട്ടങ്ങളില്‍ അഗ്നിശമനസേന എത്തുന്നത് ഏറെ ബുദ്ധിമുട്ടിയാണ്.
നിലവില്‍ കാഞ്ഞങ്ങാട്, കുറ്റിക്കോല്‍, പെരിങ്ങോം സ്റ്റേഷനുകളിലെ വാഹനങ്ങളാണ് ഓടിയെത്താനുള്ള സൗകര്യത്തിനുസരിച്ച് ഈ പഞ്ചായത്തുകളില്‍ എത്തുന്നത്. വേനല്‍ കടുക്കുന്നതോടെ ഇവിടങ്ങളില്‍ തീപിടുത്തവും പതിവാണ്.
പലപ്പോഴും നാട്ടുകാര്‍ തീ കെടുത്തിയതിനു ശേഷമാണ് കിലോമീറ്ററുകള്‍ താണ്ടി ഈ പ്രദേശങ്ങളില്‍ അഗ്നിശമനസേന എത്താറ്. കിണറുകളിലും മറ്റും വീണവരുടെ ജീവന്‍ അഗ്നിശമനസേന എത്താന്‍ വൈകിയതു കൊണ്ടു നഷ്ടമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഇവിടങ്ങളില്‍ ആവശ്യമായ സ്ഥലം ലഭ്യമാകാത്തതാണു ഫയര്‍ സ്റ്റേഷന്‍ തുടങ്ങുന്നതിനു തടസമെന്നാണ് അധികൃതര്‍ പറയുന്നത്. പരപ്പ, വെള്ളരിക്കുണ്ട് തുടങ്ങിയ ടൗണുകളോടനുബന്ധിച്ച് എവിടെയെങ്കിലും ജലസൗകര്യമുളള ഇരുപത്തിയഞ്ച് സെന്റ് സ്ഥലം ലഭ്യമായാല്‍ അഗ്നിശമനസേനയുടെ സ്റ്റേഷന്‍ തുടങ്ങാന്‍ പറ്റുമെന്നും ഇവര്‍ പറയുന്നു.
അതേസമയം പരപ്പ ടൗണിനടുത്തുള്ള പുലിയംകുളത്തും ബിരിക്കുളം ടൗണിനോടനുബന്ധിച്ചും സര്‍ക്കാര്‍ ഭൂമി തന്നെ ലഭ്യമാണ്. എന്നാല്‍ നിസാര കാര്യങ്ങള്‍ പറഞ്ഞാണ് അധികൃതര്‍ പിന്നോക്കം പോകുന്നത്. പുലിയംകുളത്തെ സ്ഥലം രണ്ടു വര്‍ഷം മുന്‍പ് അധികൃതര്‍ സന്ദര്‍ശിച്ചിരുന്നു.
ടൗണില്‍ നിന്നു അകലെയാണെന്നും റോഡിനു വീതി കുറവാണെന്നുമുള്ള നിസാരകാര്യങ്ങള്‍ പറഞ്ഞാണ് അന്നു ഈ സ്ഥലം ഉപേക്ഷിച്ചത്. നിസാരകാര്യങ്ങള്‍ക്കു വേണ്ടിയുള്ള പിടിവാശി ഉപേക്ഷിച്ചു മലയോരത്ത് ലഭ്യമായ സ്ഥലത്ത് അടിയന്തിരമായി അഗ്നിശമന സേനയുടെ സ്റ്റേഷന്‍ അനുവദിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
ടാങ്കിലെ ചോര്‍ച്ച എപ്പോ ശരിയാക്കും?
ഒരു ദിവസം തന്നെ ഒന്നിലധികം തീ വിളികള്‍ വന്നാല്‍ ജില്ലാ ഓഫിസിലെ സേനാംഗങ്ങളുടെ ഉള്ളില്‍ തീ പുകയും. വെള്ളം തന്നെ പ്രശ്‌നം. വെള്ളം സംഭരിക്കുന്ന ഓഫിസ് പരിസരത്തുള്ള ടാങ്ക് രണ്ടുവര്‍ഷമായി ചോര്‍ന്നൊലിക്കുകയാണ്. ചോര്‍ച്ച തടയാന്‍ അറ്റകുറ്റപണികള്‍ നടത്താന്‍ നിവേദനങ്ങളും പരാതികളുമായി പി.ഡബ്ലു.ഡി ഓഫിസില്‍ നിരവധി തവണ കയറിയിറങ്ങി.
പ്രശ്‌നത്തെപ്പറ്റി പഠിക്കാന്‍ ഉദ്യോഗസ്ഥനെ മുറയ്ക്ക് അയക്കുന്നതല്ലാതെ ടാങ്കില്‍ നിന്ന് ഇപ്പോഴും വെള്ളം ചോര്‍ന്നുകൊണ്ടിരിക്കുന്നു. ഒരു ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണ് ഇത്.
ഇതിന്റെ ചോര്‍ച്ച അടച്ചാല്‍ ഫയര്‍ എന്‍ജിനുകളില്‍ വെള്ളം നിറക്കാനുള്ള നെട്ടോട്ടം ഒഴിവാക്കാം.
പ്രൊപോസല്‍ അംഗീകരിക്കാനാളില്ല; കാലത്തിനൊത്തു മാറണ്ടേ ?
1974 ലാണ് ജില്ലയില്‍ അഗ്നിശമനാ സേനാ യൂനിറ്റ് ആരംഭിക്കുന്നത്. സ്വന്തമായി മൂന്ന് 5000 ലിറ്ററിന്റെയും ഒരു 1500 ലിറ്ററിന്റെയും ഫയര്‍ എന്‍ജിനുകള്‍, ഒരു ആംബുലന്‍സ്, രക്ഷാ പ്രവര്‍ത്തനത്തിന്‍ അത്യാധുനിക സൗകര്യങ്ങളുള്ള ഉപകരണങ്ങള്‍ അടക്കം കഴിഞ്ഞ നാലു ദശാബ്ദക്കാലത്തിനിടയിലുണ്ടായ കാലത്തിനൊത്ത മാറ്റങ്ങള്‍ വരുത്താന്‍ അഗ്നിശമനാ സേന യൂനിറ്റുകള്‍ക്കു സാധിച്ചിട്ടുണ്ട്.
ജനസംഖ്യാനുപാതികമായി പുതിയ യൂനിറ്റുകള്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ബദിയടുക്ക, പെരിയാട്ടടുക്കം, ഒടയംചാല്‍, കാഞ്ഞിരപ്പൊയില്‍, പാണത്തൂര്‍, മുള്ളേരിയ എന്നീ അഞ്ചിടങ്ങളില്‍ യൂനിറ്റ് തുടങ്ങാനുള്ള പ്രപ്പോസലുകള്‍ സര്‍ക്കാരിലേക്ക് അയച്ചു കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.
വെള്ളമുണ്ടോ വെള്ളം
ജില്ലയിലെ പ്രധാനഗരമായ കാഞ്ഞങ്ങാട്ട് അഗ്‌നിരക്ഷാ സേനക്ക് മുഖ്യപ്രശ്‌നം ആവശ്യത്തിനു വെള്ളം ലഭിക്കുന്നില്ലെന്നതാണ്. ഹൊസ്ദുര്‍ഗ് പൊലിസ് സ്റ്റേഷന് എതിര്‍വശത്തായി 17 സെന്റ് ഭൂമിയിലാണ് ഇവിടെ സേനയുടെ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 16 വര്‍ഷത്തോളം ഒരു കുടുസു മുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന സേനയുടെ ദുരിതം രണ്ടു വര്‍ഷം മുന്‍പ് പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെ ആശ്വാസമായിരുന്നു.
എന്നാല്‍ തീ പിടുത്തങ്ങള്‍ ഉണ്ടായാല്‍ സേനക്കു വെള്ളം കിട്ടണമെങ്കില്‍ നെട്ടോട്ടം തന്നെയാണ് ഇപ്പോഴും. ആകെയുള്ള ഒരു കുഴല്‍ കിണറില്‍ നിന്നു ജീവനക്കാരുടെ ആവശ്യങ്ങളും തീ നിയന്ത്രിക്കാനാവശ്യമുള്ള വെള്ളവും ഇവിടെ ലഭിക്കുന്നില്ല.
ഒരു ദിവസം ചുരുങ്ങിയതു മൂന്നു കേസുകളെങ്കിലും തരണം ചെയ്യേണ്ടി വരുന്ന സേനാംഗങ്ങള്‍ തിരിച്ചു വരുന്ന വഴിയില്‍ പുഴ, കുളം എന്നിവയില്‍ നിന്നു വാഹനത്തില്‍ വെള്ളം നിറച്ചു കൊണ്ടു വരുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. പ്രധാനമായും അരയിപ്പുഴ, പുല്ലൂരിലെ കുളങ്ങള്‍, തോടുകള്‍ തുടങ്ങിയവയില്‍ നിന്നാണു സേന വെള്ളം ശേഖരിക്കുന്നത്. ഇതു തന്നെ നാട്ടുകാരുടെ എതിര്‍പ്പുകള്‍ കണ്ടു വേണം ശേഖരിക്കാന്‍. വരള്‍ച്ച രൂക്ഷമാകുമ്പോള്‍ പുഴയിലെ വെള്ളത്തില്‍ ഉപ്പിന്റെ സാന്നിധ്യം ഉണ്ടാകുന്നതോടെ ഇവ വാഹനത്തില്‍ നിറച്ചാല്‍ വാഹനത്തിന്റെ ടാങ്കും ദ്രവിക്കും. എന്നാല്‍ തീപിടുത്തമുണ്ടായാല്‍ ഇതില്‍ ഇന്നു രക്ഷ ഉണ്ടാക്കാന്‍ സേനക്ക് മറ്റു മാര്‍ഗങ്ങള്‍ ഇവിടെ ഇല്ലാത്തതാണു ജീവനക്കാരുടെ വലിയൊരു ദുരിതം.
തീപിടിച്ചാല്‍
1. അതിന്റെ വ്യാപ്തിയും വേഗവും ദിശയും അറിഞ്ഞ് പ്രവര്‍ത്തിക്കുക.
2. പരമാവധി വെള്ളം കോരിയൊഴിച്ചോ പമ്പ് ചെയ്‌തോ കെടുത്താന്‍ ശ്രമിക്കുക.
3.അണക്കാന്‍ മരച്ചില്ലകളോ നഞ്ഞ ചാക്കോ ഉപയോഗിക്കണം.
4. തീപിടിത്തം നിയന്ത്രണാധീതമായി തോന്നുകയാണെങ്കില്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കുക.
അഗ്‌നിശമന സേന നല്‍കുന്ന സേവനങ്ങള്‍
1. തീപിടുത്തമുണ്ടാകുമ്പോള്‍ അഗ്നി സുരക്ഷ
2. അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം
3. പമ്പിങ് സേവനം
4. ആംബുലന്‍സ് സേവനം
5. സുരക്ഷാപരിശോധന സ്റ്റാന്റ് ബൈ ഡ്യൂട്ടി
7. ബോധവല്‍ക്കരണം
8. പരിശീലനങ്ങള്‍
ഉള്ളുരുകി ഇവരുടെ ഉറക്കം
കാസര്‍കോട്: ജനങ്ങളുടെ ജീവന്‍ അപകടത്തിലായാല്‍ രക്ഷിക്കാന്‍ അഗ്നിശമന സേനയുണ്ട്. എന്നാല്‍ തങ്ങളുടെ ജീവന്‍ ആരു രക്ഷിക്കുമെന്ന് ജീവനക്കാര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. കറന്തക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജില്ലാ അഗ്നിശമനാസേനാ ഓഫിസ് കോംപൗണ്ടിലെ ക്വാര്‍ട്ടേഴ്‌സുകളുടെ സ്ഥിതി അതിദയനീയമാണ്. ജീവനക്കാര്‍ കുടുംബസമേതം താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളില്‍ മനസമാധാനത്തോടെ കിടന്നുറങ്ങാന്‍ പറ്റാത്ത ദുരവസ്ഥയാണ്.
കോണ്‍ക്രീറ്റ് മേല്‍ക്കൂര ഏതു നിമിഷവും ദേഹത്തേക്കു വീഴുമെന്ന ഭയമാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്. കൂടാതെ മഴ പെയ്താല്‍ കുടയും ചൂടി ജോലിയെടുക്കേണ്ടി വരുന്ന ഓഫിസ് കെട്ടിടം,
കോണ്‍ക്രീറ്റിളകി തുരുമ്പെടുത്ത കമ്പികള്‍ പുറത്തു കാണുന്ന ടോയ്‌ലറ്റ്, കാലപ്പഴക്കം മൂലം നിലംപതിക്കാന്‍ കാത്തു ചരിഞ്ഞു നില്‍ക്കുന്ന കുടിവെള്ള സംഭരണി എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകള്‍ നിരവധിയാണ്. പരാതികളുമായി പൊതുമരാമത്ത് വകുപ്പ് അധികൃതരെ പല തവണ സമീപിച്ചെങ്കിലും അവരുടെ ഭാഗത്തു നിന്നു വേണ്ട നടപടികളുണ്ടാവാത്തതും ഇവരെ ദുരിതത്തിലാക്കുന്നു. മറ്റുള്ളവരെ രക്ഷിക്കുന്ന ഇവരെ രക്ഷിക്കാന്‍ അധികാരികളുടെ കണ്ണു തുറന്നേ മതിയാകൂ.
ഇത് ഉപ്പള ഫയര്‍ സ്റ്റേഷന്‍ ഇവിടെ ഒന്നും ശരിയായില്ല
ഏഴുവര്‍ഷം മുന്‍പ് ഉപ്പള അമ്പാറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഉപ്പള ഫയര്‍ സ്റ്റേഷന്‍ ഒന്നും ശരിയാകാതെ കിടക്കുന്നു. സ്വന്തമായി സ്ഥലവും മതിയായ സൗകര്യവും ആവശ്യത്തിന് ജീവനക്കാരുമില്ലാതെ ഉപ്പള ഫയര്‍ സ്റ്റേഷന്‍ ശാപമോക്ഷം തേടുകയാണ്.
പ്രവര്‍ത്തനം തുടങ്ങിയ നാളുകളില്‍ അനുവദിച്ച അതേ നിലയില്‍ തന്നെ ഇന്നും തുടരുകയാണ്. ദേശീയപാതയില്‍നിന്നും ഒരു കിലോമീറ്റര്‍ മാറി നയബസാര്‍ അമ്പാറില്‍ പഞ്ചായത്തിന്റെ താല്‍ക്കാലിക കെട്ടിടത്തിലാണ് ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. അത്യാഹിത സമയങ്ങളില്‍ കുതിച്ചെത്തേണ്ട ഫയര്‍ എന്‍ജിനുകള്‍ ചെറിയ റോഡുകളില്‍നിന്നും ഗതാഗത തടസം ഒഴിവാക്കി എത്തുമ്പോള്‍ സമയം വൈകുന്നത് പതിവാണ്. 2010 ഏപ്രില്‍ 17 നു തുറന്ന ഫയര്‍ സ്റ്റേഷന് സ്വന്തം കെട്ടിടവും സൗകര്യവുമുണ്ടാക്കാനുള്ള അന്നത്തെ സര്‍ക്കാറിന്റെ പദ്ധതി പിന്നീട് വന്ന സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോയില്ല. ഫയര്‍ സ്റ്റേഷന് സോങ്കാലില്‍ അനുവദിച്ച ഒന്നരയേക്കര്‍ ഭൂമി ഇപ്പോഴും കാടുമൂടിക്കിടക്കുകയാണ്.
നിലവില്‍ ഇവിടെ സ്റ്റേഷന്‍ തുടങ്ങിയ സമയത്ത് അനുവദിച്ച രണ്ട് ഫയര്‍ എന്‍ജിനും ഒരു ജീപ്പുമാണുള്ളത്. നേരത്തെ ഉണ്ടായിരുന്ന ആംബുലന്‍സ് മറ്റൊരിടത്തേക്ക് മാറ്റി.
പകരം, ആംബുലന്‍സ് നല്‍കാത്തതിനാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അത്യാഹിത സ്ഥലങ്ങളിലേക്ക് സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ജീവനക്കാര്‍ക്ക് താമസത്തിന് ക്വാര്‍ട്ടേഴ്‌സ് ഇല്ലാത്തതിനാല്‍ വാടക വീടുകളിലാണ് താമസം.
തീക്കളി വേണ്ട
വേനല്‍ക്കാലം മുന്നിലെത്തി നില്‍ക്കുന്നു. ചെറിയൊരു കരുതലുണ്ടായാല്‍ വലിയതോതില്‍ തീ പിടുത്തങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്ന് ഫയര്‍ ആന്‍ഡ് റസ്‌ക്യു ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു. കുട്ടികള്‍ ഗ്രൗണ്ടിലെ കാട് കരിച്ചു കളയാനും കച്ചവടക്കാരും വീട്ടുകാരും മാലിന്യം കത്തിക്കാനുമായി ഇടുന്ന തീയില്‍ നിന്നു പടര്‍ന്നാണു പല അപകടങ്ങളുമുണ്ടാവുന്നത്. നട്ടുച്ച നേരത്ത് തീയിടാതെ ശ്രദ്ധിക്കുകയാണെങ്കില്‍ തീപിടിത്തം ഒരു പരിധി വരെ കുറക്കാന്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
വേനല്‍ക്കാലത്ത് മാലിന്യം കത്തിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അഗ്നിശമന സേന അധികൃതര്‍ അറിയിച്ചു. മാലിന്യ കൂമ്പാരത്തിനു സമീപമോ ഉണങ്ങിയ കരിയിലകള്‍ക്കോ അശ്രദ്ധമായി തീയിടരുത്. ബീഡി, സിഗരറ്റ് കുറ്റികള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. മാലിന്യവും കരിയിലയും കത്തിക്കുന്നവര്‍ തീയണഞ്ഞുവെന്നു പൂര്‍ണമായി ഉറപ്പുവരുത്തണം
ശ്രദ്ധിക്കുക
1. കത്തിയെരിയുന്ന വിറകോ സിഗരറ്റുകുറ്റികളോ അലക്ഷ്യമായി വലിച്ചെറിയരുത്.
2. വിളക്കോ മെഴുകുതിരിയോ മറിഞ്ഞ് തീപടരാതിരിക്കാന്‍ ശ്രദ്ധിക്കുക.
3. തോട്ടങ്ങളിലും മറ്റും കാടുവെട്ടിത്തെളിച്ച് ഫയര്‍ ബ്രേക്കുകള്‍ ഉണ്ടാക്കുക.
4. കാടുള്ള പ്രദേശത്തെ റോഡരികില്‍ ഫയര്‍ ബ്രേക്ക് ഉണ്ടാക്കുക.
നല്ല നാളെക്കായി പച്ചക്കറി വളര്‍ത്തും കാരുണ്യം ചൊരിയും
തൃക്കരിപ്പൂര്‍: തീകെടുത്താന്‍ മാത്രമല്ല വെള്ളം ന നച്ച് ഒന്നാന്തരമായി പച്ചക്കറികള്‍ വളര്‍ത്താനും ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്കറിയാം. തൃക്കരിപ്പൂര്‍ ഫയര്‍സ്റ്റേഷനിലാണ് ഇവിടുത്തെ ജീവനക്കാര്‍ ഹരിത വിപ്ലവം തീര്‍ക്കുന്നത്. ഒഴിവു സമയങ്ങളിലാണ് കൃഷി പരിപാലനം. ഓഫിസ് വളപ്പിലും. പാതയോരത്തും ജൈവ പച്ചക്കറിയും വിവിധയിനം വാഴകളും ഇവര്‍ കൃഷി ചെയ്യുന്നു. 75 സെന്റ് സ്ഥലത്താണ് ഹരിതാഭ നിറഞ്ഞു നില്‍ക്കുന്നത്. വിളവെടുത്താല്‍ അതു വിറ്റു കിട്ടുന്ന തുക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഫയര്‍ഫോഴ്‌സ് റിക്രിയേഷന്‍ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഉപയോഗിക്കുന്നത്. കൂടാതെ വിളവെടുപ്പു കഴിഞ്ഞാല്‍ പരിസരവാസികള്‍ക്കും പച്ചക്കറികള്‍ നല്‍കും. കാബേജ്, കപ്പ, വഴുതന, വെണ്ട, പയര്‍, ചേന തുടങ്ങി വിവിധയിനം പച്ചക്കറികള്‍ ഇവിടെ കാണാം. ഈ വര്‍ഷത്തെ പച്ചക്കറി കൃഷിക്കു തുടക്കം കുറിച്ചു കഴിഞ്ഞു. ജില്ലയില്‍ ഇത്തരത്തില്‍ പച്ചകറി കൃഷി ചെയ്യുന്ന ഒരു സര്‍ക്കാര്‍ സ്ഥാപനം വേറെയില്ല. പരാതികളോ പരിഭവങ്ങളോ ഇല്ലാതെയാണ് ജീവനക്കാര്‍ കൃഷിയില്‍ വ്യാപൃതരായിരിക്കുന്നത്.
ഫയര്‍ഫോഴ്‌സുകാര്‍ തീ കെടുക്കുന്നവര്‍ മാത്രമല്ല
ഫയര്‍ഫോഴ്‌സ് എന്ന പേരുകേട്ടാല്‍ തീയണക്കുന്നവര്‍ മാത്രമാണെന്ന ധാരണ ഇപ്പോഴും പലര്‍ക്കുമിടയിലുണ്ട്. എന്നാല്‍ ഇത് മാത്രമല്ല. മറ്റു അത്യാവശ്യ ഘട്ടങ്ങളിലും അഗ്നിശമനയുടെ സേവനം ജനങ്ങള്‍ക്ക് ഉപയോഗിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."