പ്രതീക്ഷയുടെ തേരിലേറി കുഞ്ഞു 'ഹോപ്' ഇനി അറിവിന്റെ ആലയത്തിലേക്ക്
കഴുകന്‍മാര്‍ കാവലിരിക്കുന്ന, ജീവിതത്തിനും മരണത്തിനുമിടക്കുള്ള നൂല്‍പാലത്തില്‍ നിന്നാണ് ആ മൂന്നു വയസ്സുകാരനെ ലോവന്‍ എന്ന മനുഷ്യാവകാശ പ്രവര്‍ത്തക കണ്ടെത്തിയത്. നൈജീരിയയിലെ തെരുവില്‍ പുഴുവരിച്ചു പോയേക്കാമായിരുന്ന ആ പിഞ്ചു കുഞ്ഞിനെ അവര്‍ തന്നിലേക്കു ചേര്‍ത്തു പിടിച്ചു. വരണ്ടുണങ്ങിയ അവന്റെ ചുണ്ടില്‍ പകര്‍ന്ന ഇത്തിരി വെള്ളത്തില്‍ ദയ മാത്രമായിരുന്നില്ല, കുന്നോളം സ്‌നേഹവുമുണ്ടായിരുന്നു. പ്രതീക്ഷയുടെ വിരല്‍ത്തുമ്പു നീട്ടി അവരവനെ ഹോപ് എന്നു വിളിച്ചു. ഒരാണ്ടിനു ശേഷം ഹോപ് സ്‌കൂളിലേക്ക് പോവാനൊരുങ്ങുകയാണ്.
പട്ടിണിക്കോലമായ കുഞ്ഞിന്റെ വായില്‍ വെള്ളം നല്‍കുന്ന ചിത്രം കഴിഞ്ഞ ജനുവരിയില്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നിന്നിരുന്നു. നൈജീരിയയിലെ തെരുവില്‍ വെച്ചാണ് ജീവകാരുണ്യ പ്രവര്‍ത്തകയായ അന്‍ജ റിങ്‌റെന്‍ ലോവന്‍ എന്ന ഡാനിഷ് യുവതി അവനെ കണ്ടെത്തിയത്. പുഴുവരിക്കാന്‍ തുടങ്ങിയ അവന് ഒരിറ്റു വെള്ളം നല്‍കുകയാണ് അവര്‍ ആദ്യം ചെയ്തത്. പിന്നെ അവന്റെ മാതാപിതാക്കളെ തെരഞ്ഞു. എന്നാല്‍ അവനെ അവര്‍ക്ക് ആവശ്യമില്ലായിരുന്നു. അവന്‍ ദുര്‍മന്ത്രവാദിയാണ് എന്നായിരുന്നു അവരുടെ വാദം. മരിക്കട്ടെ എന്നു കരുതി തെരുവില്‍ തള്ളിയതായിരുന്നു അവര്‍ അവനെ.
എന്നാല്‍ അവനെ ഉപേക്ഷിച്ചു കളയാന്‍ ലോവനായില്ല. അവര്‍ അവനെ ഏറ്റെടുത്തു. ആശുപത്രിയില്‍ കൊണ്ടുപോയി. ആദ്യം അവന്റെ ശരീരത്തിലെ പുഴുക്കളെ നീക്കി. പിന്നെ രക്തം നല്‍കി. എല്ലാവരുടെയും സ്‌നേഹത്തിലും പരിചരണത്തിലും അവന്‍ ജീവിതത്തിലേക്ക് തിരികെയെത്തി.
2016 ജനുവരിയില്‍ എടുത്ത ചിത്രത്തോടൊപ്പം ഹോപ് സ്‌കൂളില്‍ പോവാനൊരുങ്ങുന്നതിന്റെ ചിത്രവും ലോവന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ആരെയും അമ്പരിപ്പിക്കാന്‍ പോന്നതാണ് ഹോപ്പിന്റെ മാറ്റം. ഹോപ്പ് സ്‌കൂളില്‍ പോകാന്‍ തയാറെടുക്കുകയാണ് എന്ന സന്തോഷവാര്‍ത്തയും ലോവന്‍ ഫെയ്‌സ്ബുക്കിലൂടെ ലോകവുമായി പങ്കുവെക്കുന്നു.
ആഫ്രിക്കന്‍ ചില്‍ഡ്രന്‍സ് എയ്ഡ് എജ്യുക്കേഷന്‍ ആന്‍ഡ് ഡെവലപെമെന്റ് ഫൗണ്ടേഷന്‍ സ്ഥാപകയായ ലോവന്‍ മൂന്നുവര്‍ഷം മുമ്പാണ് ആഫ്രിക്കയിലെത്തിയത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മൂലം അനാഥരാക്കപ്പെട്ട ആയിരത്തോളം കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ലോവനായിട്ടുണ്ട്. ലോവനും ഭര്‍ത്താവ് ഡേവിഡ് ഇമാനുവല്‍ ഉമെനും ചേര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ സ്വന്തമായി ഒരു അനാഥാലയം തുടങ്ങുകയും രക്ഷിച്ചുകൊണ്ടു വരുന്ന കുട്ടികള്‍ക്കു വേണ്ട ചികിത്സയും ഭക്ഷണവും വിദ്യാഭ്യാസവും നല്‍കുകയും ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."