വ്യാജ എന്‍ജിനീയര്‍മാര്‍ക്ക് പത്തു ലക്ഷം പിഴ; നിയമം 60 ദിവസത്തിനു ശേഷം പ്രാബല്യത്തില്‍
ജിദ്ദ: വ്യാജ എന്‍ജിനീയര്‍മാര്‍ പത്തു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ട നിയമാവലി ഓദ്യോഗിക ഗസറ്റില്‍ പരസ്യപ്പെടുത്തി. പുതിയ നിയമം 60 ദിവസത്തിനു ശേഷം പ്രാബല്യത്തില്‍ വരും. രണ്ടാഴ്ച മുമ്പാണ് മന്ത്രിസഭ ഈ നിയമത്തിന് അംഗീകാരം നല്‍കിയത്.
അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനു മുമ്പായും അക്രഡിറ്റേഷന്‍ സസ്‌പെന്റ് ചെയ്ത കാലത്തും എന്‍ജീനീയര്‍മാരായി ജോലി ചെയ്യുന്നവര്‍ക്ക് പത്തു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുന്ന നിയമം എന്‍ജിനീയറിംങ് പ്രൊഫഷന്‍ നിയമം അനുശാസിക്കുന്നു.
ഇതിനു പുറമെ ഇവര്‍ക്ക് ഒരു വര്‍ഷം വരെ തടവും ലഭിക്കും. അക്രഡിറ്റേഷനും ലൈസന്‍സും ലഭിക്കുന്നതിന് വളഞ്ഞ വഴികളിലൂടെ ശ്രമിക്കുന്നവര്‍ക്കും ഈ ലക്ഷ്യത്തോടെ വ്യാജ വിവരങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ക്കും ലൈസന്‍സും അക്രഡിറ്റേഷനും ലഭിക്കാതെ എന്‍ജിനീയര്‍മാരായി ജോലി ചെയ്യുന്നതിന് അഴകാശമുണ്ടെന്ന് തോന്നിപ്പിക്കുന്ന പരസ്യം ചെയ്യുന്നവര്‍ക്കും ഇതേ ശിക്ഷ ലഭിക്കും.
ലൈസന്‍സില്ലാത്ത എന്‍ജിനീയറിംങ് ഓഫിസുകള്‍ക്കും കണ്‍സള്‍ട്ടന്‍സികള്‍ക്കും ലൈസന്‍സും അക്രഡറ്റിഷനുമില്ലാത്ത എന്‍ജിനീയര്‍മാരെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങള്‍ക്കും പത്തു ലക്ഷം റിയാല്‍ പിഴ ലഭിക്കും.
ഇത്തരം നിയമ ലംഘനങ്ങളില്‍ അന്വേഷണം നടത്തി കേസ് കോടതിക്ക് സമര്‍പ്പിക്കുന്ന ചുമതല ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂഷന്‍ ബ്യൂറോക്ക് ആണ്. നിസാരമായ മറ്റു നിയമ ലംഘനങ്ങള്‍ പരിശോധിച്ച് തീര്‍പ്പുകല്‍പിക്കുന്നതിന് വാണിജ്യ നിക്ഷേപ മന്ത്രിയുടെ തീരുമാനത്തോടെ മൂന്നംഗ കമ്മിറ്റികള്‍ രൂപീകരിക്കും. വാണിംങ് നോട്ടീസ് നല്‍കാന്‍ ആറു മാസത്തില്‍ കൂടാത്ത കാലത്തേക്ക് അക്രഡിറ്റേഷന്‍ മരവിപ്പിക്കല്‍, ഒരു ലക്ഷം റിയാലില്‍ കൂടാത്ത പിഴ, അക്രഡിറ്റേഷന്‍ റദ്ദാക്കല്‍ എന്നീ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് ഈ കമ്മിറ്റികള്‍ക്കായിരിക്കും അധികാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."