എം.എല്‍.എയ്‌ക്കെതിരെ വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ക്കു നേരെ സഹോദരന്റെ നേതൃത്വത്തില്‍ ക്രൂര മര്‍ദനം-വീഡിയോ
വിജയവാഡ: നിയമവിരുദ്ധമായി വായ്പയെടുത്തെന്നാരോപിച്ച് വാര്‍ത്ത നല്‍കിയ പത്രപ്രവര്‍ത്തകനെ നഗരമധ്യത്തിലിട്ട് മര്‍ദിച്ചു. ആന്ധ്രപ്രദേശിലെ ചിരാലയിലാണ് സംഭവം. ആന്ധ്ര ഭരണകക്ഷി എം.എല്‍.എയായ അമാന്‍ചി കൃഷ്ണ മോഹനെതിരെ വാര്‍ത്ത നല്‍കിയ ഒരു തെലുഗു പത്രത്തിലെ ലേഖകന്‍ എം നാഗാര്‍ജ്ജുന റെഡ്ഡിയാണ് മര്‍ദനത്തിനിരയായത്.
എം.എല്‍.എയുടെ സഹോദരന്‍ അമാന്‍ചി സ്വാമുലുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോര്‍ട്ടരെ മര്‍ദിച്ചത്. മര്‍ദിക്കുന്നത് കുറേ ആളുകള്‍ നോക്കി നിന്നതല്ലാതെ ആരും റിപ്പോര്‍ട്ടരെ സഹായിച്ചില്ല. പൊലിസ് സ്റ്റേഷനു സമീപത്താണ് സംഭവം നടന്നത്.
ഇയാളെ മര്‍ദിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്. ഞായറാഴ്ചയാണ് സംഭവം നടന്നതെങ്കിലും ഇന്നാണ് വീഡിയോ പുറത്തുവന്നത്.
സ്വാമുലുവിനും സംഘത്തിനമെതിരെ പൊലിസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റൊന്നുമുണ്ടായില്ല. അതേസമയം, സ്വാമുലു നല്‍കിയ പരാതിയില്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ പൊലിസ് കേസെടുത്തു. അദ്ദേഹത്തിന്റെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചുവെന്നാണ് കേസ്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിനുള്ള വായ്പ എം.എല്‍.എയും സഹോദരനും കൂടി അനധികൃതമായി വാങ്ങിയെന്നും തിരിച്ചുകൊടുക്കാന്‍ വിസമ്മതിക്കുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."