പറമ്പിക്കുളം- ആളിയാര്‍: തമിഴ്‌നാട് കരാര്‍ ലംഘനം നടത്തുകയാണെന്ന് ജലമന്ത്രി
തൃശൂര്‍: പറമ്പിക്കുളം- ആളിയാര്‍ നദീജല കരാറില്‍ തമിഴ്‌നാട് കരാര്‍ലംഘനം നടത്തുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യൂ ടി തോമസ്. പറമ്പിക്കുളം ആളിയാര്‍ കരാര്‍ നീതിപൂര്‍വമല്ല. കരാര്‍ ഉണ്ടാക്കി 30 വര്‍ഷത്തിന് ശേഷം ഉഭയകക്ഷി സമ്മതപ്രകാരം കരാര്‍ പുനഃപരിശോധിക്കാമെന്നാണ് പറയുന്നത്.
എന്നാല്‍ തമിഴ്‌നാട് ഇതിന് തയാറാകുന്നില്ല. ഇതിനെതിരേ 2013ല്‍ കേരളം സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഈ കേസ് ഇപ്പോഴും നിലനില്‍ക്കുകയാണ്. നിലവിലുള്ള കരാര്‍ അനുസരിച്ച് സെക്കന്റില്‍ 80 ക്യൂബിക് അടി വെള്ളമാണ് നല്‍കേണ്ടത്. അതുപോലും നല്‍കാന്‍ തയാറാകാത്ത തമിഴ്‌നാടുമായി പുതിയ കരാര്‍ ഉണ്ടാക്കുന്നതിലും കാര്യമില്ല.
കേരളത്തിന് നല്‍കേണ്ട വെള്ളം വരള്‍ച്ച ചൂണ്ടിക്കാട്ടി മാസങ്ങളായി തമിഴ്‌നാട് തടഞ്ഞിരിക്കുകയായിരുന്നു. കടുത്ത സമ്മര്‍ദം ചെലുത്തിയാണ് സെക്കന്റില്‍ 280 ക്യൂബിക് അടി വെള്ളം ഞായാറാഴ്ച മുതല്‍ നല്‍കുന്നത്.
കരാര്‍ അനുസരിച്ചുള്ള ജലത്തിനേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ നല്‍കുന്നതെങ്കിലും കേരളത്തിന് ഇതില്‍ കൂടുതല്‍ വെള്ളം കുടിശ്ശികയായി നല്‍കാനുണ്ട്. തമിഴ്‌നാടിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. അനുവദിച്ചതിലും കൂടുതല്‍ വെള്ളമാണ് കേരളത്തിന്റെ പലയിടങ്ങളില്‍ നിന്നും തമിഴ്‌നാട് കൊണ്ടു പോകുന്നത്.
ചിലയിടത്ത് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് പോലും അറിയാന്‍ കഴിയുന്നില്ല. തമിഴ്‌നാടിനെതിരേ കേസിന് പോകുന്നതുകൊണ്ട് കാര്യമായ പ്രയോജനമൊന്നുമില്ല. കേസ് വിജയിച്ച് ലഭിക്കുന്ന നഷ്ടപരിഹാരത്തേക്കാള്‍ കേരളത്തിന് വേണ്ടത് വെള്ളമാണ്. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടതെന്നും മന്ത്രി പറഞ്ഞു.
ജലം സംസ്ഥാനപട്ടികയില്‍ നിന്ന് നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ ഭേദഗതിയ്‌ക്കൊരുങ്ങുന്നതില്‍ പൂര്‍ണവിയോജിപ്പാണുള്ളത്.
ഒരു സംസ്ഥാനത്തെ നദിയും നദീജലവും കൈകാര്യം ചെയ്യാനുളള പൂര്‍ണ അധികാരം സംസ്ഥാനത്തിനാണ്. ആവശ്യമുളള സന്ദര്‍ഭത്തില്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."