വീരന്‍ ചുവടുമാറിയത് രാജ്യസഭാ സീറ്റും മകന് മന്ത്രിസ്ഥാനവും മോഹിച്ചെന്ന് വീക്ഷണം
കോഴിക്കോട്: യു.ഡി.എഫ് വിട്ട് ഇടതുമുന്നണി പ്രവേശനം കാത്തുകഴിയുന്ന എം.പി വീരേന്ദ്രകുമാറിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. എട്ടുവര്‍ഷം മുന്‍പ് എല്‍.ഡി.എഫിന്റെ ചവിട്ടേറ്റ് പുറത്തായ വീരേന്ദ്രകുമാറിനും കൂട്ടര്‍ക്കും തലചായ്ക്കാന്‍ കൂരയും നാണം മറയ്ക്കാന്‍ തുണിയും നല്‍കിയത് യു.ഡി.എഫായിരുന്നുവെന്നും എന്നാല്‍, അംഗീകാരത്തിന്റെ മൃദുമെത്തയില്‍ കിടത്തിയാലും ഈ അട്ടകള്‍ക്ക് പഥ്യം സി.പി.എം അവഗണനയുടെയും അവഹേളനത്തിന്റെയും ചതുപ്പും ചെളിയുമാണെന്ന് മുന്നണിമാറ്റം പോറ്റാനല്ല, കൊല്ലാനാണെന്ന തലക്കെട്ടില്‍ വന്ന മുഖപ്രസംഗം പറയുന്നു.
സി.പി.എമ്മിന്റെ പ്രഹരമേറ്റ് തെരുവില്‍ മോങ്ങുകയായിരുന്ന ജെ.ഡി.യുവിനെ രാഷ്ട്രീയ സദാചാരത്തിന്റെ പേരിലായിരുന്നു യു.ഡി.എഫ് സംരക്ഷിച്ചത്. അച്ഛന് രാജ്യസഭാ സീറ്റും മകന് ഭാവിയില്‍ മന്ത്രിസ്ഥാനവും പ്രതീക്ഷിച്ചാണ് ഈ മാറ്റം. ആശയത്തിലല്ല ഇരുവര്‍ക്കും അധികാരത്തില്‍ മാത്രമാണ് നോട്ടം. പാലക്കാട്ടെ തോല്‍വിയുടെ പേരു പറഞ്ഞ് അനര്‍ഹമായ പലതും യു.ഡി.എഫില്‍നിന്ന് വീരേന്ദ്രകുമാറും മകനും നേടിയെടുത്തിട്ടുണ്ട്. സി.പി.എമ്മിന്റെ ചവിട്ടിന്റേയും കുത്തിന്റേയും മുറിപ്പാടുകള്‍ നക്കിത്തുടച്ച് നാണംകെട്ട അധമബോധത്തോടെ അവരുടെ കാല്‍ച്ചുവട്ടിലേക്ക് വീണ്ടും നീങ്ങാനുള്ള തീരുമാനം ആത്മഹത്യാപരമായിരിക്കുമെന്നും പത്രം ഓര്‍മപ്പെടുത്തുന്നു.
സി.പി.എം പത്രം നേരത്തെ വീരേന്ദ്രകുമാറിനെതിരേ അപസര്‍പ്പക കഥകള്‍ പടച്ചുവിട്ട കാര്യവും വീക്ഷണം ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തിലെ ജനതാദളിനെ ബോണ്‍സായിയാക്കിയതും വീരേന്ദ്രകുമാറാണെന്ന കുറ്റപ്പെടുത്തലുമുണ്ട്. സി.പി.എമ്മിന്റെ പ്രലോഭനം വളര്‍ത്താനല്ല കൊല്ലാനാണെന്ന് തിരിച്ചറിയാതെ പോയത് ഖേദകരമാണെന്നും വീക്ഷണം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."