കത്തിക്കയറി കണ്ണന്താനം; പൊളിച്ചടുക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക കേരള സഭയുടെ സമാപന വേദിയിലും പതിവുശൈലി വിടാതെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണന്താനത്തിന്റെ വാദങ്ങളെ അതേ വേദിയില്‍ പൊളിച്ചടുക്കുകയും ചെയ്തു.
പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചത് കഴിഞ്ഞ ദിവസം മാത്രമാണെന്നായിരുന്നു കണ്ണന്താനത്തിന്റെ വാദം. ഇങ്ങനെയൊരു പരിപാടി നടക്കുന്ന വിവരം അപ്പോള്‍ മാത്രമാണ് അറിഞ്ഞത്. അതാണ് ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സമാപന പ്രസംഗത്തില്‍ മുഖ്യമന്ത്രി ഈ വാദത്തിന്റെ മുനയൊടിച്ചു. തയാറെടുപ്പുകള്‍ വളരെ നേരത്തെ തുടങ്ങിയിരുന്നുവെന്നും അപ്പോള്‍ തന്നെ കണ്ണന്താനത്തിനും ക്ഷണക്കത്ത് അയച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കത്തിന് കണ്ണന്താനം മറുപടി അയച്ചത് ഫയലില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഔദ്യോഗിക തിരക്കിനിടയില്‍ ഈ സംഗതികള്‍ അദ്ദേഹം മറന്നു പോയതായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടി സദസില്‍ ചിരി പടര്‍ത്തി. മൂന്നാറിന്റെ വിനോദ സഞ്ചാര സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തണമെന്നും, അവിടെ സഞ്ചാരികള്‍ക്ക് താമസ സൗകര്യം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിപുലമാക്കണമെന്നുമുള്ള കണ്ണന്താനത്തിന്റെ നിര്‍ദേശത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി.
സഞ്ചാരികളെ അങ്ങനെയങ്ങ് താമസിപ്പിക്കാന്‍ കഴിയില്ലെന്നും മൂന്നാറിന്റെ പ്രത്യേകതകള്‍ സംരക്ഷിച്ചു മാത്രമേ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്താനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ പതിവു ശൈലിയില്‍ പ്രസംഗിച്ച കണ്ണന്താനത്തിനെതിരേ സദസില്‍നിന്ന് പ്രതിഷേധ സ്വരങ്ങളുയര്‍ന്നു. മോദി സര്‍ക്കാരിന്റെ ബാങ്ക് അക്കൗണ്ട് തുടങ്ങല്‍ പദ്ധതിയും കക്കൂസ് നിര്‍മാണവും എം.എല്‍.എ ആയിരുന്നപ്പോഴും കലക്ടര്‍ ആയിരുന്നപ്പോഴുമുള്ള തന്റെ പ്രവര്‍ത്തന ശൈലിയുമൊക്കെയായിരുന്നു പ്രസംഗത്തില്‍ നിറഞ്ഞത്. പ്രസംഗം തീര്‍ന്നയുടന്‍ പ്രവാസികളുമായി ബന്ധപ്പെട്ട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ച് സദസ്സില്‍നിന്നു പലരും എഴുന്നേറ്റത് അല്‍പനേരം ഒച്ചപ്പാട് സൃഷ്ടിച്ചു. പ്രതിഷേധ സ്വരത്തിനും മുഖ്യമന്ത്രിയുടെ പ്രസംഗത്തിനും മറുപടി നല്‍കാന്‍ അവസരം ലഭിക്കാതെയായിരുന്നു കണ്ണന്താനം മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."