മൂന്ന് ആഴ്ചയ്ക്കകം റോഡുകളില്‍ അറ്റകുറ്റപ്പണി നടത്തണം
കല്‍പ്പറ്റ: പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഈമാസം 28നുള്ളില്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്തു മന്ത്രി ജി. സുധാകരന്റെ നിര്‍ദേശം. കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന വകുപ്പുതല അവലോകന യോഗത്തിലാണു മന്ത്രി പൊതുമരാമത്ത് അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ തകര്‍ന്നുകിടക്കുന്ന വിവരങ്ങള്‍ എം.എല്‍.എമാരായ ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍, സി.കെ ശശീന്ദ്രന്‍ എന്നിവര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണു നടപടി. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി മാസങ്ങള്‍ക്കു മുന്നേ ഫണ്ട് അനുവദിച്ചിട്ടും പദ്ധതി നടപ്പാക്കാത്തതു ഗുരുതമായ വീഴ്ചയാണ്. സാങ്കേതികതടസം പറഞ്ഞു പ്രവൃത്തികള്‍ വൈകിപ്പിക്കുന്ന രീതി ശരിയല്ലെന്നും മന്ത്രി പറഞ്ഞു. റോഡിന്റെ കുഴിയടക്കല്‍ കാട്ടിക്കൂട്ടലാകരുത്. അടുത്ത മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കണം ഈ പ്രവൃത്തികള്‍ ചെയ്യേണ്ടത്. ആധുനിക സംവിധാനങ്ങളും യന്ത്രങ്ങളുമുള്ള കരാറുകാരെ മാത്രം പ്രവൃത്തി ഏല്‍പ്പിച്ചാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ 102 റോഡുകള്‍ പൊതുമരാമത്തു വകുപ്പിനു കീഴിലുള്ളതായും അതില്‍ 47 റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയതായും അധികൃതര്‍ മന്ത്രിയെ അറിയിച്ചു. പടിഞ്ഞാറത്തറ-കല്‍പ്പറ്റ റോഡ്, അമ്പലവയല്‍-വടുവന്‍ചാല്‍ റോഡ്, മുട്ടില്‍-മേപ്പാടി റോഡ് തുടങ്ങിയവയെല്ലാം എത്രയുംവേഗം നവീകരണം നടത്തണം. പല റോഡുകള്‍ക്കും ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടുന്നതു ജില്ലയുടെ പ്രധാന പ്രശ്‌നമായി മാറിയതായി ജനപ്രതിനിധികള്‍ മന്ത്രിയെ ബോധിപ്പിച്ചു. സമയബന്ധിതമായി ഗുണനിലവാരം ഉറപ്പുവരുത്തി റോഡിന്റെയും പാലങ്ങളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണവും അറ്റകുറ്റപ്പണികളുമെല്ലാം നടത്തണമെന്നു മന്ത്രി സുധാകരന്‍ വകുപ്പുതല ഉദ്യോഗസ്ഥന്‍മാര്‍ക്കു നിര്‍ദേശം നല്‍കി.
ടാര്‍ ചെയ്ത റോഡുകള്‍ വെട്ടിപ്പൊളിക്കാന്‍ ആരെയും അനുവദിക്കില്ല. ആവശ്യമുള്ളവര്‍ക്ക് അനുവാദം വാങ്ങി റോഡിനടിയിലൂടെ ഡ്രില്‍ ചെയ്ത് പൈപ്പിടാം. റോഡിനു കോട്ടം വന്നാല്‍ അതിനുള്ള തുകയും നല്‍കാം. റോഡ് നശിപ്പിക്കുന്ന തരത്തിലുള്ള വെട്ടിപ്പൊളിക്കല്‍ ഇനി അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."