കുറ്റിപ്പുറത്ത് സൈനിക ആയുധങ്ങള്‍ അന്വേഷണ സംഘം
കുറ്റിപ്പുറം: ഭാരതപ്പുഴയിലെ പാലത്തിന് താഴെനിന്ന് കുഴിബോംബുകളും വെടിയുണ്ടകളും സൈനിക ഉപകരണങ്ങളും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം.
കുറ്റിപ്പുറം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ദേശീയ സുരക്ഷാ ഏജന്‍സിയും സൈനിക രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍ കുറ്റിപ്പുറത്തെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. പഴുതടച്ച അന്വേഷണമാണ് പൊലിസ് നടത്തുന്നത്. സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡി.സി.ആര്‍.ടി ഡിവൈ.എസ് പി ജയ്‌സണ്‍ കെ. അബ്രഹാം, സി.ഐ കെ.എം ബിജു എന്നിവര്‍ മഹാരാഷ്ട്രയിലെ ഓര്‍ഡനന്‍സ് ഫാക്ടറിയിലേക്ക് തിരിച്ചിട്ടുണ്ട്.
എന്നാല്‍, കേസില്‍ ഇതുവരെ തെളിവുകള്‍ ലഭിക്കാത്തത് പൊലിസിനെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. കുഴിബോംബുകളും വെടിയുണ്ടകളും ലഭിച്ച പുഴയുടെ ഭാഗങ്ങളില്‍ വെള്ളിയാഴ്ച ഇന്റലിജന്‍സ് ഡി.ജി.പി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ ടാങ്ക് ഉള്‍പ്പെടെയുള്ള സൈനിക വാഹനങ്ങള്‍ ചതുപ്പില്‍ താഴാതിരിക്കാന്‍ ഉപയോഗിക്കുന്ന പി.എസ്.പി എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന പിയേഴ്‌സ് സ്റ്റീല്‍ പ്ലേറ്റുകള്‍ കണ്ടെത്തിയിരുന്നു. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ബോംബ് സ്‌ക്വാഡ് പുഴയില്‍ നടത്തിയ പരിശോധനയില്‍ ലോഹത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പി.എസ്.പിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പാലത്തിന് താഴെനിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ 445 വെടിയുണ്ടകള്‍, ആറ് പള്‍സ് ജനറേറ്റര്‍, രണ്ട് ട്യൂബ് ലോഞ്ചര്‍,നാല് കേബിള്‍ കണക്ടര്‍, ഉപയോഗിച്ച 45 വെടിയുണ്ടകള്‍, ഇതര സൈനിക ഉപകരണങ്ങള്‍ എന്നിവ കണ്ടെത്തിയത്. ഈ മാസം അഞ്ചിനാണ് സൈന്യം അതിര്‍ത്തിയില്‍ ഉപയോഗിക്കുന്ന അഞ്ചോളം കുഴിബോംബുകള്‍ പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."