നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍വേ: പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്നും വേണ്ടെന്നും വാദം
കല്‍പ്പറ്റ: കര്‍ണാടകയിലെ നഞ്ചന്‍ഗോഡിനെ നിലമ്പൂരുമായി ബന്ധിപ്പിച്ചു വനത്തിലൂടെ റെയില്‍പാത നിര്‍മിക്കുന്നതിനു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരന്‍ അറിയിച്ചതായി സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. എന്നാല്‍, വനത്തിലൂടെ പാത നിര്‍മിക്കുന്നതിനു കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി ലഭിക്കണമെന്നും അതു വൈകാനിടയുണ്ടെന്നും പൊതുമരാമത്തു മന്ത്രി ജി. സുധാകരന്‍ പ്രതികരിച്ചു.
നിര്‍ദിഷ്ട റെയില്‍പാത യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് കോഡിനേഷന്‍ കമ്മിറ്റി ടൗണ്‍ഹാളില്‍ വിളിച്ചുചേര്‍ത്ത ജനകീയ കണ്‍വന്‍ഷനിലാണു കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നത്. കണ്‍വന്‍ഷനില്‍ സ്വാഗതം പറയുന്നതിനിടെയാണു വനഭാഗത്തു നിര്‍മിക്കുന്നതു തുരങ്കപ്പാതയായതിനാല്‍ കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്നും കാര്യം അറിയിച്ചാല്‍ മാത്രം മതിയെന്നും ഇ. ശ്രീധരന്‍ പറഞ്ഞതായി എം.എല്‍.എ വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അനുമതി നിര്‍ബന്ധമാണെന്നു മന്ത്രി വ്യക്തമാക്കുകയായിരുന്നു.
കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാസങ്കേതത്തിലൂടെയും വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റെയ്ഞ്ചിലൂടെയുമാണ് നഞ്ചന്‍ഗോഡിനെ ബത്തേരിയിലൂടെ നിലമ്പൂരുമായി ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട പാത കടന്നുപോകേണ്ടത്. പാതയില്‍ കര്‍ണാടകയിലൂടെയുള്ള 102 കിലോമീറ്ററില്‍ 22 കിലോമീറ്ററും കേരളത്തിലൂടെയുള്ള 61 കിലോമീറ്ററില്‍ 13.5 കിലോമീറ്ററുമാണു വനത്തിലൂടെയുള്ളത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അഞ്ചുവര്‍ഷം മുന്‍പ് പരിസ്ഥിതി സംവേദക മേഖലയായി(ഇക്കോ സെന്‍സിറ്റീവ് സോണ്‍) പ്രഖ്യാപിച്ചതാണ് ബന്ദിപ്പൂര്‍ കടുവാ സങ്കേതം. ഇക്കോ സെന്‍സിറ്റീവ് സോണില്‍ തുരങ്കപ്പാത, റോപ്‌വേ ഉള്‍പ്പെടെ നിര്‍മാണങ്ങള്‍ കേന്ദ്ര മന്ത്രാലയം വിലക്കിയിട്ടുണ്ട്.
ബന്ദിപ്പൂര്‍ കടുവാസങ്കേതത്തിലൂടെ റെയില്‍പാത നിര്‍മിക്കുന്നതിനു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എയോട് ഡോ. ഇ. ശ്രീധരന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതു തെറ്റാണെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു. പരിസ്ഥിതി ആഘാത പഠനത്തില്‍നിന്ന് റെയില്‍വേയെ ഒഴിവാക്കുന്ന ഉത്തരവ് ഇക്കോ സെന്‍സിറ്റീവ് സോണുകളില്‍ ബാധകമല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."