കാട്ടുതീ പ്രതിരോധത്തിന് ആധുനിക സംവിധാനങ്ങളില്ലാതെ വനം-വന്യജീവി വകുപ്പ്
കല്‍പ്പറ്റ: കാട്ടുതീ പ്രതിരോധത്തിന് ആധുനിക സംവിധാനങ്ങളില്ലാതെ വനം-വന്യജീവി വകുപ്പ്. കാട്ടുതീ തടയുന്നതിന് ഫയര്‍ലൈന്‍ നിര്‍മിച്ചും ഫയര്‍വാച്ചര്‍മാരെ കരാര്‍ വ്യവസ്ഥയില്‍ നിയമിച്ചും മുന്നൊരുക്കം നടത്തുന്ന വകുപ്പ് നിര്‍ണായക ഘട്ടങ്ങളില്‍ പതറുകയാണ്. തീയണയ്ക്കുന്നതിനു മച്ചാനകളടക്കം പ്രാകൃതമുറകളാണു വനപാലകര്‍ക്ക് ഇന്നും ശരണം.
വനത്തില്‍ അഗ്നിബാധയുണ്ടാകുമ്പോള്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഫോഴ്‌സിന്റെ സേവനം ലഭിക്കുമെങ്കിലും പലപ്പോഴും പ്രയോജനപ്പെടാറില്ല. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും വനം കത്തിച്ചാമ്പലായിട്ടുണ്ടാകും. വയനാട്ടില്‍ കാട്ടുതീ പ്രതിരോധത്തിനു വനം-വന്യജീവി വകുപ്പിനെ ശാക്തീകരിക്കണമെന്ന ആവശ്യത്തിന് ഉത്തരവാദപ്പെട്ടവര്‍ കാതുകൊടുക്കുന്നില്ലെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്. തീയില്‍നിന്നു വനത്തെ സംരക്ഷിക്കുന്നതിന് ഓരോ വര്‍ഷവും നാമമാത്ര തുകയാണ് അനുവദിക്കുന്നത്. ഈ തുക സെക്ഷന്‍ തലത്തില്‍ വീതിക്കുമ്പോള്‍ ഏതാനും കിലോമീറ്റര്‍ ഫയര്‍ലൈന്‍ നിര്‍മിക്കാനും വിരലിലെണ്ണാവുന്ന ഫയര്‍വാച്ചര്‍മാരെ നിയമിക്കാനും മാത്രമാണു തികയുന്നത്. ഫയര്‍വാച്ചര്‍മാര്‍ക്ക് തീ പ്രതിരോധത്തിനുള്ള ലഘുയന്ത്രങ്ങള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയവ അനുവദിക്കുന്നുമില്ല.
കാട്ടുതീ പ്രതിരോധം വനം-വന്യജീവി വകുപ്പിന്റെ മാത്രം ഉത്തരവാദിത്തമായാണ് ഇതര വകുപ്പുകള്‍ കാണുന്നത്. ഈ അവസ്ഥ മാറേണ്ടതുണ്ടെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷയും സെക്രട്ടറി തോമസ് അമ്പലവയലും പറഞ്ഞു. സംസ്ഥാനം വരള്‍ച്ചയിലും ജലക്ഷാമത്തിലും അമര്‍ന്നതിനു പ്രധാന കാരണം പശ്ചിമഘട്ടത്തിലെ വനങ്ങളുടെ നാശമാണ്. അവശേഷിക്കുന്ന നൈസര്‍ഗിക വനങ്ങളെ കാട്ടുതീയില്‍നിന്നു സംരക്ഷിക്കാനുള്ള ബാധ്യത ദുരന്ത നിവാരണ അതോറിറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുക്കണം.
സംസ്ഥാനത്ത് ഓരോ വര്‍ഷവും ഏക്കര്‍ കണക്കിനു വനമാണ് കാട്ടുതീയില്‍ ചാമ്പലാകുന്നത്. ഇതുമൂലം പരിസ്ഥിതിയിലുണ്ടാകുന്ന ആഘാതങ്ങള്‍ കനത്തതാണ്. തീപിടിത്തത്തിനു കൂടുതല്‍ സാധ്യതയുള്ള വനമേഖലകളിലെ റേഞ്ചുകള്‍ക്ക് ഓരോ ഫയര്‍ എന്‍ജിനെങ്കിലും ലഭ്യമാക്കണം. കാട്ടുതീ പ്രതിരോധത്തിനുള്ള തുക ഇപ്പോഴത്തേതിന്റെ അഞ്ചിരട്ടിയാക്കണം. കൂടുതല്‍ ഫയര്‍വാച്ചര്‍മാരെ നിയോഗിക്കുകയും അവരെ കാട്ടുതീ പ്രതിരോധത്തിനു പ്രാപ്തരാക്കുകയും വേണം. വനമേഖലകളിലെ വിദ്യാലയങ്ങളും അയല്‍ക്കൂട്ടങ്ങളും കേന്ദ്രീകരിച്ചു ബോധവല്‍ക്കരണം നടത്തണമെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."