യുവതിയെ മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമം: വാര്‍ത്ത കെട്ടിച്ചമച്ചതെന്ന് യുവാവ്
ജിദ്ദ: യുവതിയെ ഭീഷണിപ്പെടുത്തി മതംമാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും മാഹി പരിമടം സ്വദേശി മുഹമ്മദ് റിയാസ്, പിതാവ് അബ്ദുല്‍ റഷീദ് എന്നിവര്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ടു തങ്ങളെ അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും യു.എ.പി.എ ചുമത്തി അന്വേഷണം നടക്കുന്ന വിവരവും കേസ് എന്‍.ഐ.എക്കു കൈമാറുന്നതടക്കമുള്ള കാര്യങ്ങളും മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും ഇരുവരും ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗുജറാത്തില്‍ താമസമാക്കിയ പത്തനംതിട്ട സ്വദേശിയായ ആയിഷ എന്ന യുവതിയാണു കഴിഞ്ഞ ദിവസം ഭര്‍ത്താവിനും മറ്റുള്ളവര്‍ക്കുമെതിരേ കേസ് നല്‍കിയത്. കേസിനു പിന്നില്‍ ചില ബാഹ്യശക്തികളുടെ ഇടപെടലുകള്‍ നടന്നതായി സംശയിക്കുന്നതായും ഇതിനെ നിയമപരമായി നേരിടുമെന്നും ഇരുവരും പറഞ്ഞു. തങ്ങള്‍ ഇഷ്ടത്തിലായിരുന്നെന്നും യുവതി സ്വമേധയാ ഇസ്‌ലാം സ്വീകരിച്ചതാണെന്നും നിയമപരമായാണു തങ്ങളുടെ വിവാഹം നടന്നതെന്നും പരാതിക്കാരിയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസ് പറഞ്ഞു. ജിദ്ദയില്‍ ജോലി ചെയ്യുന്ന തന്നോടൊപ്പം സന്ദര്‍ശക വിസയിലെത്തി ഒരു മാസം താമസിച്ചതിനുശേഷം യുവതിയുടെ പിതാവിന് സുഖമില്ല എന്ന വിവരമറിഞ്ഞാണ് അവര്‍ നാട്ടിലേക്കു മടങ്ങിയത്. ഇപ്പോള്‍ തനിക്കെതിരേ ഭാര്യ ഇങ്ങിനെയൊരു കേസ് സ്വമേധയാ നല്‍കും എന്നു കരുതുന്നില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
നേരത്തെ ഹേബിയസ് കോര്‍പസ് ഹരജിയില്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ഭര്‍ത്താവിന്റെ കൂടെ പോകുന്നുവെന്ന സ്വന്തം അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയെ റിയാസിനൊപ്പം വിട്ടത്. ജിദ്ദയില്‍ താമസിക്കുന്ന തന്റെ കുടുംബത്തോടൊപ്പം റിയാസും യുവതിയും കഴിയുകയായിരുന്നു. എന്നാല്‍, ജിദ്ദയിലെത്തി ഒരു മാസത്തിനുശേഷം ഭാര്യയുടെ പിതാവ് ട്യൂമര്‍ ബാധിച്ചു ഗുരുതരാവസ്ഥയിലാണെന്ന് അറിയിക്കുകയും പിതാവിനെ കാണാനായി അവര്‍ അടിയന്തരമായി തനിച്ചു നാട്ടിലേക്കു മടങ്ങുകയുമായിരുന്നു. നാട്ടിലെത്തിയ ശേഷവും താനുമായി ബന്ധപ്പെട്ടിരുന്നു. ഇതിനിടയിലാണു മാധ്യമങ്ങളിലൂടെ ഐ.എസ് ബന്ധം ആരോപിച്ചു പരാതി നല്‍കിയ വിവരം അറിയുന്നത്. വിവരങ്ങള്‍ ഭാര്യയോട് തിരക്കുകയും ചെയ്തു. ഇതിനുശേഷം ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്യുകയും ബന്ധപ്പെടുന്നതു തടയുകയുമായിരുന്നു. ഭാര്യയെ മാതാപിതാക്കള്‍ തടങ്കലിലാക്കിയതായി സംശയിക്കുന്നതായും അവരെ കോടതിയില്‍ ഹാജരാക്കിയാല്‍ നിരപരാധിത്വം ബോധ്യപ്പെടുമെന്നും ഇവര്‍ പറഞ്ഞു.
2013ല്‍ ബംഗളൂരുവില്‍ പഠനം നടത്തുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് ഇസ്‌ലാം സ്വീകരിച്ചതായി അറിയിക്കുകയായിരുന്നു. ഇതിനായി ഒരിക്കലും ആവശ്യപ്പെട്ടിരുന്നില്ല. മൂന്നു വര്‍ഷത്തിനുശേഷം ഇരുവീട്ടുകാരുടെയും സമ്മതമോ അറിവോ ഇല്ലാതെ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ബംഗളൂരുവില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. ഗോവിന്ദ്പുരിയിലെ മസ്ജിദ് ഫാതിമയില്‍ വച്ച് മതനിയമപരമായി നിക്കാഹും ചെയ്തു. തുടര്‍ന്ന് അവിടെ തന്നെ ഒരുമിച്ചു താമസമാരംഭിച്ചു. ഗസറ്റില്‍ പബ്ലിഷ് ചെയ്തു പേര് മാറ്റി. ആധാര്‍ കാര്‍ഡും ലഭിച്ചു. ഇതിനിടെ മാതാവ് വീണു പരുക്കേറ്റെന്ന വാര്‍ത്തയറിഞ്ഞു യുവതി സ്വന്തം വീട്ടിലേക്ക് പോയെങ്കിലും തിരിച്ചുവന്നില്ല. ഇതിനിടയില്‍ തന്നെ പിതാവ് തടങ്കലില്‍ ആക്കിയെന്ന വിവരം സുഹൃത്ത് മുഖേന അറിയിച്ചതിനെ തുടര്‍ന്ന് ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തു. ഇതേ തുടര്‍ന്ന് ആയിഷയുടെ താല്‍പര്യം കൂടി പരിഗണിച്ചു ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു.
എന്‍.ഐ.എയുടെ കേസില്‍ ഉള്‍പ്പെടുത്തുമെന്നും നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും യുവതിയുടെ പിതാവ് വാസുദേവന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അന്ന് അതു കാര്യമാക്കിയിരുന്നില്ലെന്നും റിയാസിന്റെ പിതാവ് വിശദീകരിച്ചു. ഏത് അന്വേഷണത്തെയും നിയമപരമായി നേരിടുമെന്ന് ജിദ്ദയില്‍ ഒരേ സ്ഥാപനത്തില്‍ ജോലിചെയ്തുവരുന്ന ഇരുവരും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."