കപ്പല്‍ അപകടം; രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി
ബെയ്ജിങ്: ദക്ഷിണ ചൈനാ കടലില്‍ കഴിഞ്ഞയാഴ്ചയുണ്ടായ കപ്പല്‍ അപകടത്തില്‍ കാണാതായവരില്‍ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി. പാനമ ചരക്കു കപ്പലില്‍ കൂട്ടിയിച്ച ഇറാനിയന്‍ എണ്ണക്കപ്പലായ സാഞ്ചയില്നിന്നു 41 പേരെയാണു കാണാതായിരുന്നത്. ഇതില്‍ ഒരാളെ നേരത്തെ കണ്ടെത്തിയിരുന്നു.
അതേസമയം, അപകടത്തെ തുടര്‍ന്ന് തീപിടിച്ച കപ്പല്‍ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണെന്നാണു വിവരം. കപ്പലിന്റെ ബ്ലാക്ക്ബോക്സും രക്ഷാപ്രവര്‍ത്തകര്‍ക്കു ലഭിച്ചിട്ടുണ്ട്. 30 ഇറാനികളും രണ്ട് ബംഗ്ലാദേശികളുമാണു കപ്പലിലുണ്ടായിരുന്നത്. തീ ഇനിയും നിയന്ത്രണവിധേയമാകാത്തതിനാല്‍ ബാക്കിയുള്ളവരെ കണ്ടെത്തുക ഇനിയും ദുസഹമായി തുടരുകയാണ്.
കഴിഞ്ഞ ശനിയാഴ്ച ഇറാനില്‍നിന്ന് ഇന്ധനം നിറച്ച് ദ.കൊറിയയിലേക്ക് തിരിച്ച സാഞ്ചി എണ്ണക്കപ്പലാണ് കഴിഞ്ഞ ശനിയാഴ്ച ഷാങ്ഹായിക്കടുത്ത് ചരക്കുകപ്പലുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ തങ്ങള്‍ നൂറു ശതമാനം ശ്രമം നടത്തുന്നുണ്ടെങ്കിലും ഒരു ശതമാനം മാത്രമേ പ്രതീക്ഷയുള്ളൂവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇറാന് വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫിനെ അറിയിച്ചിട്ടുണ്ട്.
ചൈനയുടെ പത്തും ജപ്പാന്റെ രണ്ടും ദ.കൊറിയയുടെ ഒന്നും അടക്കം ആകെ 13 കപ്പലുകള്‍ ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 12 ഇറാന് കമാന്‍ഡോകളും ഇതില്‍ പങ്കാളികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."