കാനഡയില്‍ ഹിജാബ് ധരിച്ച 11കാരിക്കുനേരെ കത്തിയാക്രമണം
ടൊറന്റോ: ഹിജാബ് ധരിച്ച 11കാരിക്കു നേരെ കാനഡയില്‍ കത്തിയാക്രമണം. കഴിഞ്ഞ വെള്ളിയാഴ്ച ടൊറന്റോയിലാണു സംഭവം. ഇവിടെ പോളിന്‍ ജോണ്‍സന്‍ പബ്ലിക് സ്‌കൂളിലെ ആറാംതരം വിദ്യാര്‍ഥിയായ ഖൗല നൊമാന്‍ ആണ് അജ്ഞാതന്റെ അക്രമണത്തിനിരയായത്.
സ്‌കൂളിലേക്കു പോകും വഴി കത്തിയുമായി പിറകില്‍നിന്നെത്തിയ ഒരാള്‍ ഖൗലയുടെ ശിരോവസ്ത്രം മുറിക്കാന്‍ ശ്രമിക്കുകയായിരുന്നു. രണ്ടു പ്രാവശ്യം ഇതിനു ശ്രമിച്ച ഇയാള്‍ ഖൗല ശബ്ദം വച്ചതോടെ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, അധികം വൈകാതെ തിരിച്ചെത്തിയ അക്രമി ശിരോവസ്ത്രം പറിക്കാന്‍ വീണ്ടും ശ്രമിച്ചതായി 11കാരി പറഞ്ഞു.
സംഭവത്തില്‍ ടൊറന്റോ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 20 വയസ് പ്രായം തോന്നിക്കുന്ന ഏഷ്യക്കാരനാണ് അക്രമിയെന്ന് പൊലിസ് പറഞ്ഞു. സംഭവം കാനഡയില്‍ വന്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അടക്കമുള്ള രാഷ്ട്രീയ നേതൃത്വം ആക്രമണത്തെ അപലപിച്ചു. 'സ്വന്തം മതം കാരണം ആക്രമണത്തിനിരയായ കുട്ടിക്കൊപ്പം നില്‍ക്കുന്നു. അവര്‍ എത്രമാത്രം ഭയന്നിരിക്കുമെന്ന കാര്യം എനിക്ക് ആലോചിക്കാന്‍ പോലുമാകുന്നില്ല. ഇതല്ല കാനഡ എന്ന് അവളെയും കുടുംബത്തെയും സുഹൃത്തുക്കളെയും ബോധ്യപ്പെടുത്തേണ്ടതുണ്ട് '-സംഭവത്തിനു പിറകെ ഒന്റാറിയോയില്‍ ഒരു ചടങ്ങില്‍ ട്രൂഡോ പ്രതികരിച്ചു. ഒന്റാറിയോ പ്രധാനമന്ത്രി കാത്ത്‌ലീന്‍ വൈനും സംഭവത്തെ അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."