ഉണ്യാലില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം
തിരൂര്‍: നിറമരതൂര്‍ പഞ്ചായത്തിലെ തീരദേശമേഖലയായ ഉണ്യാലില്‍ വീണ്ടും സി.പി.എം-മുസ്‌ലിംലീഗ് സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു. ഉണ്യാല്‍ സ്വദേശികളായ ചെക്കോമാടത്ത് ഗഫൂര്‍ (35), വലിയ കമ്മുക്കത്ത് ഫൈജാസ് (30), കാക്കന്റ പുരക്കല്‍ ഷബീര്‍ (40), വലിയ കമ്മുകത്ത് നിസാര്‍ (30), കുഞ്ഞിര കടവത്ത് ഇസ്മാഈല്‍ (40), ജാറക്കടവത്ത് നൗഷാദ് (38), പടിഞ്ഞാറെയില്‍ അര്‍ഷാദ് (25), കുഞ്ഞിര കടവത്ത് ജാഫര്‍ (38), പക്കര്‍കടവത്ത് ഫൈജാസ് (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
സി.ഐ.ടി.യു പ്രാദേശിക നേതാവ് ജാഫര്‍, ഫൈജാസ് എന്നിവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഉണ്യാല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഫുട്‌ബോള്‍ മത്സരം കഴിഞ്ഞു കിടന്നുറങ്ങുകയായിരുന്നവര്‍ക്കുനേരെയാണ് അക്രമമുണ്ടായത്. പരുക്കേറ്റവരെ ഉടന്‍തന്നെ നാട്ടുകാര്‍ ആശുപത്രികളിലെത്തിച്ചു. ഉണ്യാല്‍ ബ്രസീല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഉണ്യാല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉപകരണങ്ങള്‍ക്കു കാവല്‍ നില്‍ക്കുകയായിരുന്നു സംഘാടകര്‍കൂടിയായ സി.പി.എം പ്രവര്‍ത്തകര്‍.
സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം ഇന്നലെ നിറമരുതൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. നാല്‍പതോളം പേര്‍ വരുന്ന സംഘം ഗ്രൗണ്ടില്‍ കയറി മരക്കായുധങ്ങള്‍ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നുവെന്നും ആക്രമത്തിന് പിന്നില്‍ ലീഗുകാരാണെന്നും സി.പി.എം ആരോപിച്ചു. എന്നാല്‍, ആക്രമവുമായി പാര്‍ട്ടിക്കു യാതൊരുവിധ ബന്ധവുമില്ലെന്നു താനൂര്‍ മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് കെ.എന്‍ മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഫുട്ബാള്‍ ഗ്രൗണ്ടിനു കാവലിരിക്കുന്നവരെ പുലര്‍ച്ചെ അക്രമിച്ചെന്ന വാദത്തിലെ ദുരൂഹത അന്വേഷിച്ചു പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘര്‍ഷ സാഹചര്യത്തില്‍ തിരൂര്‍ ഡിവൈഎസ്പി എ.ജെ ബാബു, താനൂര്‍ സി.ഐ അലവി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."