ഓട്ടോറിക്ഷ ലോറിയില്‍ ഇടിച്ച് ഒരാള്‍ക്ക് പരിക്ക്
തിരുന്നാവായ: മേല്‍പാലത്തിന്റെ അപ്രോച്ചു റോഡിന്റെ ഇരുവശത്തും ലോറികള്‍ നിര്‍ത്തിയിടുന്നത് മൂലം അപകടങ്ങള്‍ നിത്യസംഭവങ്ങളാകുന്നു. റോഡിന്റെ കുഴിയില്‍ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ലോറിയില്‍ ഇടിച്ചു ഒരാള്‍ക്ക് പരിക്ക്.
ഓട്ടോറിക്ഷ ഡ്രൈവര്‍ വെട്ടം പരിയാപുരം സ്വദേശി കടവത്ത് ചെറിയപറമ്പില്‍ ഹംസ (57)യെയാണ് പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മേല്‍പാലത്തിലേക്ക് കടന്നു പോകുന്ന റോഡിന്റെ വലതുവശം ചേര്‍ന്ന് നിറുത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചാണ് ഓട്ടോറിക്ഷ മറിഞ്ഞത്. സിമന്റ് കയറ്റുന്നതിനായി എത്തിയ ലോറിയായിരുന്നു.
എടക്കുളത്തെ സിമന്റ് യാര്‍ഡില്‍ നിന്നും സിമന്റുകള്‍ കയറ്റി കൊണ്ടു പോകുന്നതിനായി വിദൂരങ്ങളില്‍ നിന്നും എത്തുന്ന ലോറികളാണ് അപറോച്ചു റോഡിന്റെ ഇരുവശത്തും നിറുത്തിയിടുന്നത്. ഇതു മൂലം മറ്റു വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. റോഡിന്റെ നടുവിലെ കുഴിയും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. യാര്‍ഡില്‍ സിമന്റുകള്‍ എത്തുന്നതിന് എത്രയോ മുന്‍പ് തന്നെ ലോറികള്‍ എടക്കുളം അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും കയേറി പാര്‍ക്ക് ചെയ്യുന്നതും കച്ചവടകാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സിമന്റ് യാര്‍ഡിലെ പാര്‍ക്കിങ് സൗകര്യം ലോറികള്‍ക്ക് വിട്ടുനല്‍കാന്‍ അധികൃതര്‍ വിസമതിക്കുന്നതാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. അപകടങ്ങള്‍ പതിവായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് കര്‍ശന നടപടികള്‍ ഉണ്ടാകാത്തത് നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."