കുടിവെള്ളമില്ല: കടുങ്ങല്ലൂര്‍ തോട്ടില്‍ വാഹനമിറക്കി കഴുകുന്നത് തകൃതി
അരീക്കോട്: കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴും ജലസ്രോതസുകളില്‍ കുടിവെള്ളം നശിപ്പിക്കുന്ന പ്രവൃത്തികള്‍ തുടരുന്നു. ആയിരക്കണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കടുങ്ങല്ലൂര്‍ തോട്ടില്‍ രാത്രി കാലങ്ങളില്‍ വാഹനങ്ങള്‍ ഇറക്കി കഴുകുന്നത് തുടരുകയാണ്.
അറവുമാലിന്യങ്ങള്‍ കയറ്റികൊണ്ട് പോവുന്ന വാഹനങ്ങളാണ് ഏറെയും ഇരുട്ടിന്റെ മറവില്‍ പ്രദേശവാസികളുടെ കുടിവെള്ളം മലിനമാക്കുന്നത്. രാത്രി രണ്ടിന് ശേഷമാണ് വാഹനങ്ങള്‍ തോട്ടിലിറക്കുന്നതെന്ന് പരിസരവാസികള്‍ പറയുന്നു. വാഹനങ്ങള്‍ തോട്ടില്‍ ഇറക്കാതിരിക്കാന്‍ കടുങ്ങല്ലൂര്‍ പാലത്തിന്റെ താഴെ ഭാഗത്തുള്ള റോഡ് നാട്ടുകാര്‍ വലിയ കല്ലുകള്‍ ഉപയോഗിച്ച് അടച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം എടുത്ത് മാറ്റിയാണ് തോട്ടിലേക്ക് വാഹനവുമായെത്തുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തോട്ടിലെ ജലനിരപ്പ് നേരത്തെ തന്നെ കുത്തനെ താഴ്ന്നതിനാല്‍ ചിലയിടങ്ങളില്‍ മാത്രമാണ് വെള്ളമുള്ളത്. ഈ ജലവും സാമൂഹ്യ വിരുദ്ധര്‍ കാരണം മലിനമായിരിക്കുകയാണ്. പ്രദേശത്തെ പ്രധാന ജലസ്രോതസായ കടുങ്ങല്ലൂര്‍ തോടിനെ നശിപ്പിക്കുന്നവരെ പിടികൂടാന്‍ കാവലിരിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."