പരിയാപുരം ജി.എല്‍.പി സ്കൂളില്‍ ഇനി പ്രഭാത ഭക്ഷണവും
താനൂര്‍: പരിയാപുരം ജി എല്‍ പി സ്കൂളില്‍ ഇനി മുതല്‍ കുട്ടികള്‍ക്കു പ്രഭാത ഭക്ഷണവും നല്‍കും. പ്രഭാത ഭക്ഷണം നല്കുന്ന താനൂര്‍ ഉപജില്ലയിലെ ആദ്യത്തെ സ്കൂളാണിത്. ഇതിന്റെ ഉദ്ഘാടനം നാളെ രാവിലെ 8നു വി അബ്ദുറഹ്മാന് എം. എല്‍. എ നിര്‍വ്വഹിക്കും. സ്കൂളില്‍ വരുന്ന അധിക കുട്ടികളും രാവിലെ വേണ്ടത്ര ഭക്ഷണം കഴിക്കാതെയാണു സ്കൂളിലെത്തുന്നതെന്നു കണ്ടെത്തിയതോടെയാണു പ്രാതല്‍ ഭക്ഷണം നല്‍കുന്നതിനെ കുറിച്ച് സ്കൂള്‍ അധികൃതരും അധ്യാപകരും ആലോചിച്ചത്. കാര്യം പി.ടി എ കമ്മിറ്റിയെ അറിയിച്ചതിനെ തുടര്‍ന്നു ഇതിനുള്ള ഫണ്ട് നല്കാന് തയ്യാറാവുകയായിരുന്നു. ബാക്കിയുള്ളവ ഉച്ച ഭക്ഷണ ഫണ്ടില്‍നിന്നും എടുക്കും.
ആഴ്ച്ചയില്‍ അഞ്ചു ദിവസമാണു പ്രാതല്‍ ഭക്ഷണം നല്‍കുക. നൂറ്റിനാലു വര്‍ഷം പഴക്കമുള്ള സ്കൂളില്‍ 560 കുട്ടികളാണു പഠിക്കുന്നത്. മുട്ട, പാല്, തുടങ്ങിയവയും പ്രാതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും. മാര്‍ച്ച് മുതല്‍ ഭക്ഷണത്തിന്റെ അളവിലും മേന്മയിലും വര്‍ധനവുണ്ടാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ സികെ സുബൈദ അധ്യക്ഷയാവും. എസ് ആര് ജി കണ്‍വീനര്‍ പദ്ധതി വിശദീകരിക്കും. മുനിസിപ്പല്‍ വൈസ് ചെയര്മാന് സി നുഹമ്മദ് അഷ്റഫ്,നസ്ല ബഷീര്‍,വി രവീന്ദ്രന്,വി സി ഗോപാല കൃഷ്ണന്,ജോര്‍ജ് കുട്ടി,ഫാതിമ കെ.പി ,പ്രസാദ് വാലില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."