കപ്പയും എന്‍ജിനീയറിങ്ങും തമ്മില്‍ എന്താ ബന്ധം? ഉത്തരം ഇവര്‍തരും...
കൊച്ചി: കപ്പയും എഞ്ചിനീയറിങ്ങും തമ്മില്‍ എന്താ ബന്ധം? ചോദ്യം കേട്ട് വാപൊളിക്കണ്ട. ഉത്തരം തരാന്‍ ഇവര്‍ മൂന്നുപേരും റെഡിയാണ്. പത്തനം തിട്ട കാര്‍മല്‍ എഞ്ചിനീയര്‍ കോളജില്‍ നിന്നും പഠിച്ചിറങ്ങിയ 26 വയസുള്ള ഹരിശങ്കര്‍ എസ് തിരുവനന്തപുരം സി.ഇ.ടി എഞ്ചിനീയറിങ്് കോളജ് ബിരുദദാരി 29കാരനായ ജലീല്‍ ജലാലുദീനും തമിഴ്‌നാട്ടില്‍ നിന്നും എഞ്ചിനീയറിങ്ങ് ബിരുദവും ആയി ഇറങ്ങിയ 26കാരന്‍ മുഹമ്മദും ആണ് കപ്പയും എന്‍ജിനീയറിങ്ങും തമ്മിലുള്ള ബന്ധം നമുക്ക് വ്യക്തമാക്കി തരുന്നത്.
മൂവരും പഠിച്ചത് എന്‍ജീനിയറിങ്ങ് ആണെങ്കിലും ഇവര്‍ തൊഴില്‍മേഖലയായി തിരഞ്ഞെടുത്തത് കപ്പകൊണ്ടുള്ള ഭക്ഷ്യസംസ്‌കരണ വ്യവസായമാണ്. സംസ്ഥാന യുവജന ക്ഷേമ വകുപ്പ് നടത്തിയ സംരംഭകത്വ പരിശീലനത്തിലാണ് ഈ ത്രിമൂര്‍ത്തികള്‍ കണ്ട് മുട്ടിയത്. അവിടെ ലഭിച്ച പരിശീലനത്തിനിടെ കിട്ടിയ സൂചനയില്‍ നിന്നും ഇവര്‍ തിരുവനനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രത്തിലെത്തി. ഗവേഷണകേന്ത്രത്തിലെ ശാസ്ത്രജ്ഞനായ ഡോ.എം.എസ് സജീവാണ് കപ്പയുടെ വിവിധ ഭക്ഷ്യവൈവിധ്യങ്ങള്‍ ഇവര്‍ക്ക് പരിചയപ്പെടുത്തിയത്. കപ്പയില്‍ നിന്ന് ഉല്‍പാദിപ്പാക്കാവുന്ന പുതു തലമുറ ഭക്ഷണമായ മക്രോണിയും, പാസ്റ്റയും, ന്യൂഡില്‍സും പരിചയപ്പെട്ടപ്പോള്‍ ഇവര്‍ ഉറപ്പിച്ചു തങ്ങളുടെ തൊഴില്‍ കപ്പ സംസ്‌കരണ സംരംഭകത്വം തന്നെ.
കപ്പയില്‍ നിന്ന് വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഇവര്‍ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. മികച്ച വിപണനസാധ്യതകളാണ് ഇവയ്ക്കുള്ളതെന്ന് ഈ ത്രിമൂര്‍കള്‍ പറയുന്നു. കപ്പയില്‍ ആവശ്യമായ പോഷകങ്ങള്‍ പ്രത്യേകിച്ചും ഇറക്കുമതി ചെയ്ത വേ പ്രോട്ടീന്‍ അടക്കമുള്ള പോഷക ഘടകങ്ങള്‍ ചേര്‍ത്താണ് നിര്‍മ്മിക്കുന്നത്. പ്രമേഹ രോഗികള്‍ക്ക് കൂടി ഉത്തമമായ കപ്പ ഉല്‍പന്നങ്ങളും ഇവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കേരള അഗ്രി ഫുഡ് പ്രോ -2017ല്‍ ഈ ത്രിമൂര്‍ത്തികള്‍ തങ്ങളുടെ സ്റ്റാള്‍ തുറന്നിട്ടുണ്ട്. കാര്‍ഷിക സംസ്‌കരണ മേഖലയിലെ സംരംഭകരുടെ ഉല്പന്നങ്ങള്‍ക്ക് വിപണി, സാങ്കേതീക വിദ്യ ഉറപ്പാക്കുന്നതിനും ആണ് മേള ഒരുക്കിയിരിക്കുന്നത്.നൂറോളം സ്റ്റാളുകള്‍ക്ക് പുറമേ സാങ്കേതികവിദ്യ പ്രകടമാക്കുന്ന മെഷീനറി സ്റ്റാളുകളും എക്‌സ്‌പോയില്‍ ഒരുക്കിയിട്ടുണ്ട്. ബോല്‍ഗാട്ടി പാലസ് ഐലന്റ് റിസോര്‍ട്ടില്‍ വെച്ച് നടക്കുന്ന എക്‌സ്‌പോ ഇന്ന് വൈകീട്ട് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."