മന്ത് രോഗ നിവാരണം: സാമ്പിള്‍ പരിശോധന 27 ന് പൂര്‍ത്തിയാക്കും
കോട്ടയം : രാജ്യത്തെ മന്ത് രോഗ വിമുക്തമായി പ്രഖ്യാപിക്കുന്നതിനുളള നടപടിയുടെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശ പ്രകാരം നടത്തുന്ന സാമ്പിള്‍ പരിശോധന ജില്ലയില്‍ ഈ മാസം 27ന് പൂര്‍ത്തിയാക്കും.
പരിപാടിയുടെ വിജയത്തിന് ആരോഗ്യ-വിദ്യാഭ്യാസ-തദ്ദേശസ്വയംഭരണ വകുപ്പുകളുടെ ശരിയായ ഏകോപനം ഉണ്ടാകണമെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷയായ ജില്ലാ കളക്ടര്‍ സി. എ ലത നിര്‍ദ്ദേശിച്ചു.
മന്ത് രോഗാണുക്കളുടെ സാന്നിധ്യം വളരെ ചെറുപ്രായത്തില്‍ത്തന്നെ മനുഷ്യശരീരത്തില്‍ ഉണ്ടാകുന്നതിനാല്‍ ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ കുട്ടികളുടെ രക്ത സാംപിളുകളാണ് പരിശോധനക്കെടുക്കുന്നത്. ജില്ലയിലെ 35 സ്‌കൂളുകളെയാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. സ്‌കൂളുകളിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണം ഉറപ്പു വരുത്തിക്കൊണ്ട് സാംപിള്‍ പരിശോധന യജ്ഞം വിജയിപ്പിക്കാനാണ് ഉദേശിക്കുന്നതെന്ന് യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു. ഏകദേശം 1600 കുട്ടികളാണ് സാമ്പിള്‍ പരിശോധനയുടെ പരിധിയില്‍ വരുന്നത്.
പരിശോധനക്കായി മേഖലതിരിച്ച് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാരുടെ നേതൃത്വത്തിലുളള സംഘത്തില്‍ ലബോറട്ടറി ടെക്‌നീഷ്യനും വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിനിധിയും അടക്കം അഞ്ച് അംഗങ്ങളായിരിക്കും ഉണ്ടാകുക. ജില്ലാതലത്തില്‍ പരിശോധന കാംപയിനിന്റെ ഏകോപന ചുമതല ജില്ലാ മലേറിയ ഓഫിസര്‍ സി.കെ അനില്‍ കുമാറിനും എന്റമോളജിസ്റ്റ് ടി. ഗീതാകുമാരിക്കുമാണ്.
മന്ത് രോഗ വിമുക്തമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ലോകാരോഗ്യ സംഘടന മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന പരിശോധനയില്‍ രണ്ടാമത്തേതാണ് ഇപ്പോള്‍ ജില്ലയില്‍ നടത്തുന്നത്. സംസ്ഥാനത്തെ മൂന്ന് മലയോര ജില്ലകളൊഴിച്ചുളള 11 ജില്ലകളിലും ഇത്തരത്തിലുളള പരിശോധനകള്‍ നടക്കുന്നുണ്ട്. 2015 ല്‍ നടന്ന ആദ്യഘട്ട പരിശോധനയില്‍ ജില്ലയില്‍ മന്ത്‌രോഗ ബാധ ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചു.
വളരെയധികം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന മന്ത് രോഗത്തിനെതിരേയുളള പ്രചാരണ-പ്രതിരോധ പരിപാടി എന്ന നിലയില്‍ പൊതുജനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരിപാടിയുമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. എന്‍. പ്രിയ, ഡോ. വിദ്യാധരന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുധ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."