സൗഹൃദം നടിച്ച് കൂടെക്കൂടി; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി
കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവ് പണം തട്ടിയെന്ന് വീട്ടമ്മ. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി നൗഫലിനെതിരേയാണ് വീട്ടമ്മ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ പൊലിസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് പരാതിക്കാരി പറയുന്നു. കുറവിലങ്ങാട് പുള്ളോട് വീട്ടില്‍ രാധാമണിയാണ് പരാതിക്കാരി.
ഇവരുടെ മകന് വിദേശത്ത് പഴക്കടയില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു തവണ കോട്ടയം ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും നീതിലഭിച്ചില്ലെന്ന് വീട്ടമ്മ കോട്ടയത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ കേസ് അന്വേഷിച്ച കാഞ്ഞിരപ്പള്ളി സി.ഐ തട്ടിപ്പുകാരന് അനുകൂലമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് രാധാമണി വ്യക്തമാക്കി.
ഭര്‍ത്താവും മൂത്ത മകനും നഷ്ടപ്പെട്ട രാധാമണിയുടെ ഏക ആശ്രയം ഇളയ മകനായിരുന്നു. സ്വന്തമായി വീടുപോലുമില്ലാത്ത ഇവര്‍ക്ക് ഏക വരുമാനം ഇളയ മകന് കൂലിപ്പണിയിലൂടെ ലഭിക്കുന്ന വരുമാനമായിരുന്നു. മകനോടൊപ്പം ജോലിക്കെത്തിയ നൗഫല്‍ പിന്നീട് കുടുംബവുമായി ഏറെ അടുത്തു. മകന്റെ അടുത്ത സുഹൃത്തായി മാറിയ നൗഫല്‍ ഇടയ്ക്ക് ഗള്‍ഫില്‍ പോയി തിരിച്ചെത്തിയ ശേഷം രാധാമണിയുടെ മകനെയും ഗള്‍ഫില്‍ കൊണ്ടുപോകാമെന്ന് വാക്കു കൊടുക്കുകയായിരുന്നു.
ചെലവിനായി ഒരു ലക്ഷം രൂപ വേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ ഉണ്ടായിരുന്ന സ്വര്‍ണം പണയപ്പെടുത്തിയും കടം വാങ്ങിയും ഒരു ലക്ഷം രൂപ നൗഫലിന് നല്‍കിയെന്ന് വീട്ടമ്മ പറയുന്നു. മകനെ ഗള്‍ഫിലേക്ക് ജോലിക്കയക്കാന്‍ തയാറല്ലായിരുന്നുവെങ്കിലും നൗഫല്‍ കൂടെയുണ്ടല്ലോ എന്ന വിശ്വാസത്തിലായിരുന്നു പണം നല്‍കാന്‍ സമ്മതിച്ചത്. ഇത്തരത്തില്‍ പലരുടെ കയ്യില്‍ നിന്നും വാങ്ങിയ പണം നൗഫലിന് കൈമാറിയെങ്കിലും പിന്നീട് ഇയാള്‍ ചതിക്കുകയായിരുന്നു. ജോലി ലഭിക്കാന്‍ വൈകുന്നതിനെ തുടര്‍ന്ന് തിരികെ പണം ആവശ്യപ്പെട്ടപ്പോള്‍ ഒഴിഞ്ഞു മാറുകയായിരുന്നു.
ഒരു വര്‍ഷം കഴിഞ്ഞിട്ടും പണം ലഭിക്കാതായതിനെ തുടര്‍ന്ന് കോട്ടയം എസ്.പിക്ക് ഇവര്‍ പരാതി നല്‍കി. എസ്.പിയുടെ നിര്‍ദേശമനുസരിച്ച് കാഞ്ഞിരപ്പള്ളി സി.ഐ കേസ് അന്വേഷിക്കുകയും കഴിഞ്ഞ ഡിസംബര്‍ 30 നുള്ളില്‍ പണം തിരികെ നല്‍കാമെന്ന് നൗഫല്‍ സി.ഐക്കു മുന്‍പാകെ ഉറപ്പു നല്‍കിയതുമാണ്. എന്നാല്‍ പറഞ്ഞ തിയതി കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ രാധാമണി വീണ്ടും സ്റ്റേഷനില്‍ കാര്യം പറഞ്ഞപ്പോള്‍ സി.ഐയുടെ പ്രതികരണം പ്രതിക്കനുകൂലമായിട്ടായിരുന്നുവെന്ന് രാധാമണി പറഞ്ഞു.
അദ്ദേഹത്തോട് ചോദിച്ചിട്ടാണോ നൗഫലിന് പണം നല്‍കിയതെന്നും ഇക്കാര്യത്തില്‍ പൊലിസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു കാഞ്ഞിരപ്പള്ളി സി.ഐയുടെ വാദം.
എസ്.പിയുടെ ഉത്തരവ് പ്രകാരമല്ലേ കേസ് അന്വേഷിക്കുന്നതെന്ന് ചോദിച്ച പരാതിക്കാരിയോട് സി.ഐ പറഞ്ഞ മറുപടി ഇങ്ങനെ: ' എസ്.പിക്ക് അവിടെയിരുന്ന് പറഞ്ഞാല്‍ മതി, എതിര്‍കക്ഷി പരാതി നല്‍കിയാല്‍ ജോലി പോകും. ജോലി പോയാല്‍ നീ ശമ്പളം നല്‍കുമോ'. പ്രതിക്ക് അനുകൂലമായി സംസാരിച്ച സി.ഐ, വേണമെങ്കില്‍ കോടതി മുഖേന പോയിനോക്ക്, പോയാലും പണം ലഭിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന ഉപദേശവും നല്‍കിയെന്നും അവര്‍ പറഞ്ഞു.
അന്വേഷണ ഉദ്യേഗസ്ഥരുടെ അലംഭാവം കണ്ട് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയെങ്കിലും പിന്നീട് യാതൊരു അനക്കവും ഉണ്ടായിട്ടില്ലെന്നും അവര്‍ ആരോപിച്ചു.
നൗഫല്‍ ഇതിനുമുന്‍പും മറ്റൊരാളെ കബിളിപ്പിച്ചിട്ടുണ്ടെന്നും വീട്ടമ്മ വ്യക്തമാക്കി. ജോലി വാഗ്ദാനം നല്‍കി ഒരു സ്ത്രീയുടെ കയ്യില്‍ നിന്ന് 80,000 രൂപ വാങ്ങിയതായാണ് വീട്ടമ്മ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."