സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാതെ വാഗമണ്‍ ആത്മഹത്യാ മുനമ്പ്: അരുണിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു
തൊടുപുഴ: ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ വാഗമണിലെ ആത്മഹത്യാ മുനമ്പില്‍ ഒളിഞ്ഞിരിക്കുന്നത് വന്‍ അപകടങ്ങള്‍. യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഇവിടെയില്ല. ഇതുവരെ ആറുപേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്.
കണ്ണെത്താ ദൂരം കോട്ടയം, ഇടുക്കി ജില്ലകളിലായി പരന്നുകിടക്കുന്ന 2000 അടിവരെ താഴ്ചയുള്ള ഭാഗമാണിവിടം. പലയിടത്തും കാല്‍ വഴുതി താഴെ വീഴാന്‍ സാധ്യതകളേറെയാണ്. കാണാന്‍ മനോഹര പ്രദേശമായ ഈ സ്ഥലത്തിനു വിദേശികള്‍ നല്‍കിയ ഓമനപ്പേരാണ് ആത്മഹത്യാ മുനമ്പ്.
ആവശ്യമായ സംരക്ഷണമൊരുക്കുന്നതില്‍ ഡി.റ്റി.പി.സി വേണ്ട താല്‍പര്യമെടുത്തിട്ടില്ല. അപകട മരണങ്ങള്‍ ഇവിടെ പതിവാകുകയാണ്. കഴിഞ്ഞ ദിവസം ഇവിടെ കൊക്കയില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ ഉദയംപേരൂര്‍ കണ്ടനാട് തെക്കുപുറത്ത് തങ്കപ്പന്റെ മകന്‍ അരുണ്‍ (24) ന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ മാറുന്നില്ല. വ്യാഴാഴ്ച രാത്രി എട്ടോടെ ഉദയംപേരൂര്‍ നടക്കാവ് ക്ഷേത്രത്തില്‍ താലപ്പൊലി കാണാന്‍ പോയ അരുണിന്റെ മൃതദേഹം പിന്നീട് വാഗമണ്ണിലെ ആത്മഹത്യാ മുനമ്പില്‍ നിന്നു താഴെവീണ നിലയില്‍ കണ്ടെടുക്കുകയായിരുന്നു.
ഇടിമിന്നലില്‍ ഇവിടെ രണ്ടു യുവ ഡോക്ടര്‍മാര്‍ മരിച്ചിട്ട് അധികകാലം ആയിട്ടില്ല. ഇടിമിന്നല്‍ എന്നിവയുണ്ടാകുമ്പോള്‍ സഞ്ചാരികള്‍ക്കു വിലക്കേര്‍പ്പെടുത്തുകയാണ് പതിവ്. വാഗമണ്‍ കുന്നിന്‍ചെരുവിലെ ചെറുതടാകത്തില്‍ രണ്ടുവര്‍ഷത്തിനിടെ ആറുപേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു.
കൂടാതെ മിന്നലില്‍ അനവധി മരണവും പരുക്കും പതിവാകുന്നു. അപകടങ്ങള്‍ തുടരുമ്പോഴും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വേണ്ട സുരക്ഷയൊരുക്കുന്നതിനു തയാറാകുന്നില്ലെന്ന പരാതിയുമായി നാട്ടുകാര്‍ പലതവണ അധികാരികളെ സമീപിച്ചതാണ്.
രാജ്യത്തിനകത്തും വിദേശത്തുനിന്നുമായി നൂറുകണക്കിനു ടൂറിസ്റ്റുകളാണ് ഇവിടെ ദിവസേന എത്തുന്നത്. ജില്ലയില്‍ മൂന്നാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന സ്ഥലമാണിവിടം.
വാഗമണ്‍ പുല്‍മേട്, ആത്മഹത്യാ മുനമ്പ്, പൈന്‍വാലി, മൊട്ടക്കുന്നുകള്‍, തടാകം തുടങ്ങിയവയാണ് വാഗമണ്ണിന്റെ ആകര്‍ഷണം. എന്നാല്‍, ഈ പ്രദേശങ്ങളിലൊന്നും വേണ്ട സംരക്ഷണ സംവിധാനം ഒരുക്കിയിട്ടില്ല.
വാഗമണ്ണില്‍ മൊട്ടക്കുന്നിന്റെ നടുവിലെ ചെറുതടാകത്തില്‍ അപകട സാധ്യതയറിയാതെ കുട്ടികളും മുതിര്‍ന്നവരും നീന്താനിറങ്ങുന്നതു പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."