പിടികൂടിയ ഹാഷിഷ് മറിച്ചുവിറ്റു; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം
തൊടുപുഴ: ഉടുമ്പന്‍ചോലയില്‍ എക്‌സൈസ് പിടികൂടിയ 20 കിലോ ഹാഷിഷില്‍ ഒന്‍പതുകോടിയുടെ ഹഷിഷ് മറിച്ചുവിറ്റെന്ന ആരോപണത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം. ആറുമാസം മുന്‍പാണ് സംഭവം നടന്നത്.
സംഭവവുമായി ജില്ലയിലെ ചില എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു ബന്ധമുള്ളതായി ആരോപണമുയര്‍ന്നിട്ടുണ്ട്. അതിനിടെ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ അണിയറനീക്കം നടന്നുവരികയാണ്. മറിച്ചുവില്‍പനയെക്കുറിച്ചു കൃത്യമായ വിവരങ്ങള്‍ എക്‌സൈസിലെ ഇന്റലിജന്‍സ് ശേഖരിച്ചുവരികയാണ്.
ചില ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു ചില ഉദ്യോഗസ്ഥരെ എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തെങ്കിലും തെളിവുകള്‍ ലഭിച്ചിട്ടില്ല.
പങ്കു കച്ചവടത്തിന്റെ ഇടപാടു സംബന്ധിച്ച തര്‍ക്കമാണു ഹൈറേഞ്ചിലെ ഒരു എക്‌സൈസ് ഓഫിസില്‍ അടുത്തിടെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നും സൂചനയുണ്ട്. ഇതിനു മുന്‍പ് 12 കോടി രൂപയുടെ ഹാഷിഷ് കുമളിയില്‍നിന്നു പിടികൂടിയിരുന്നു.
വിശാഖപട്ടണത്തുനിന്നു കൊണ്ടുവന്ന ഹാഷിഷുമായി രാജകുമാരി സ്വദേശികളായ രണ്ടുപേരെയാണ് എക്‌സൈസ് സംഘം പിടിച്ചത്. കേസിനെക്കുറിച്ചു കാര്യമായ അന്വേഷണം നടന്നിരുന്നില്ല. ഹാഷിഷ് പിടികൂടിയ ഉദ്യോഗസ്ഥനെ ജില്ലയില്‍നിന്നു സ്ഥലം മാറ്റുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."