അപമാനിച്ച ബാങ്ക് ചീഫ് മാനേജര്‍ക്കെതിരേ അധ്യാപകന്‍ പരാതി നല്‍കി
തൊടുപുഴ: ഭവനവായ്പയ്ക്ക് ബാങ്കിലെത്തിയ തന്നെ ചീഫ് മാനേജര്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പരാതി നല്‍കിയതായി അധ്യാപകനായ ബിജോ അഗസ്റ്റിന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ മാങ്കുടിയില്‍ ബിജോ അഗസ്റ്റിനാണ് എസ്.ബി.ടി കാരിക്കോട് ശാഖയിലെ റീജ്യനല്‍ മാനേജര്‍ക്ക് പരാതി നല്‍കിയത്.
ഭവന വായ്പയുമായി ബന്ധപ്പെട്ട് ബിജോ എസ്.ബി.ടി കാരിക്കോട് ശാഖയില്‍ ബാങ്ക് അധികൃതര്‍ പറഞ്ഞ എല്ലാ രേഖകളും ഹാജരാക്കി. അപേക്ഷ നല്‍കി ഒരുമാസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് കഴിഞ്ഞ ശനിയാഴ്ച്ച ബാങ്കിലെത്തിയത്.
വായ്പയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റീജ്യനല്‍ മാനേജര്‍ പ്രദീപകുമാറുമായി സംസാരിച്ചെങ്കിലും ധിക്കാരത്തോടെ പെരുമാറിയതായി ബിജോ പറഞ്ഞു. താന്‍ അപേക്ഷ നല്‍കിയ കാരിക്കോട് ശാഖയിലെ ബാഞ്ച് മാനേജരെ ഫോണില്‍ ചീത്ത വിളിക്കുകയും ചെയ്തു.
താന്‍ ഇവിടെ വന്നതിന് തെളിവില്ലെന്നും മറ്റ് വല്ല ബാങ്കിനെ സമീപിക്കാനും നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് താന്‍ ബാങ്കില്‍ വന്നതിന്റെ തെളിവിനായി മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ചീഫ് മാനേജന്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും തടഞ്ഞുവയ്ക്കുകയും ചെയ്തതായി ബിജോ പറഞ്ഞു.
ഇദ്ദേഹം അറിയിച്ചതനുസരിച്ച് തൊടുപുഴയില്‍ നിന്ന് പൊലിസും സ്ഥലത്തെത്തി. എന്നാല്‍ ബാങ്കില്‍ സ്ഥാപിച്ചിട്ടുള്ള സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ പ്രദീപകുമാര്‍ കേസ് വേണ്ടെന്ന നിലപാടെടുത്തു.
തനിക്കെതിരേ പ്രദീപകുമാര്‍ നടത്തിയ ശാരീരികവും മാനസികവുമായ പീഡനത്തിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയതെന്നും ബിജോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."