സര്‍ക്കാര്‍ ഭൂമി വിട്ടുകിട്ടാനുള്ള തീരുമാനം: മൂന്നു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണം
കണ്ണൂര്‍: സര്‍ക്കാര്‍ തിരിച്ചെടുത്ത പട്ടയ ഭൂമി വിട്ടു കിട്ടാ നുള്ള പരാതി കലക്ടര്‍ മൂന്നു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. നിവേദനം തീര്‍പ്പാക്കുന്നതുവരെ ഈ ഭൂമി വീണ്ടും പതിച്ചു നല്‍കാനുള്ള നടപടികള്‍ ഹൈക്കോടതി മരവിപ്പിച്ചിട്ടുമുണ്ട്. കണ്ണൂര്‍ ഏഴോം വലംതോട്ടം സ്വദേശി ചെല്ലാര്യം പൊക്കന്റെ ഭാര്യ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. 1975ല്‍ പൊക്കന്റെ 90 സെന്റ് ഭൂമിക്ക് പട്ടയം അനുവദിച്ചിരുന്നു. ഇതില്‍ 45 സെന്റ് മറുപാട്ടമാണെന്നു പരാതി വന്നതോടെ 1992ല്‍ ഭൂമി തിരിച്ചെടുത്ത് 45 സെന്റ് സ്ഥലത്തിനു മാത്രം പട്ടയം നല്കി. ബാക്കി ഭൂമി പിന്നീട് അനുവദിച്ചു തരാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. 2004ല്‍ പൊക്കന്‍ മരിച്ചു.
പൊക്കനില് നിന്ന് തിരിച്ചെടുത്ത 45 സെന്റ് ഭൂമി വീണ്ടും പതിച്ചു നല്കാന് 2013ല്‍ കലക്ടര്‍ അപേക്ഷ ക്ഷണിച്ചു. ഇതിനെ ചോദ്യം ചെയ്താണ് പൊക്കന്റെ ഭാര്യ ഹൈക്കോടതിയിലെത്തിയത്.
45 സെന്റ് ഭൂമി നേരത്തെ നല്കിയതിനാല് പൊക്കന്റെ ഭാര്യയ്ക്ക് കൂടുതല്‍ സ്ഥലം വേണമെന്നു പറയാനാവില്ലെന്ന് ഹരജിയില്‍ കലക്ടര്‍ മറുപടി നല്കി. സര്‍ക്കാര്‍ തിരിച്ചെടുത്ത 45 സെന്റ് ഭൂമിക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ 380 പേരാണ് അപേക്ഷ നല്‍കിയതെന്നും ഇതില്‍ 140 പേര് കണ്ണൂര്‍ താലൂക്കിലുള്ളവരാണെന്നും കലക്ടര്‍ വ്യക്തമാക്കി.
ഭൂരഹിതര്‍ക്ക് ഭൂമി പതിച്ചു നല്കുന്നതു തടയാനാണ് ഹര്‍ജിയെന്നും കലക്ടര്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഈ വാദം ഹൈക്കോടതി തള്ളി.
തിരിച്ചെടുത്ത 45 സെന്റ് ഭൂമിക്ക് അവകാശം ഉന്നയിച്ച് പൊക്കന്റെ ഭാര്യ നല്കിയ നിവേദനം മൂന്നു മാസത്തിനുള്ളില്‍ കലക്ടര്‍ പരിഗണിച്ച് തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഹരജിക്കാരിക്ക് ഭൂമി ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കില്‍ പട്ടയം നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."