അനധികൃത ക്വാറി: ജലസ്രോതസുകള്‍ നശിച്ചതായി കണ്ടെത്തി
പാനൂര്‍:അനധികൃത ക്വാറികളെക്കുറിച്ചുള്ള പരാതിയെ തുടര്‍ന്ന് ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എം.പി ജയരാജ് വടക്കേളം, നരിക്കോട് മേഖലകളില്‍ പരിശോധന നടത്തി. 30 ഓളം ക്വാറികളില്‍ നടത്തിയ സന്ദര്‍ശനത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം കാരണം മലകളില്‍ നിന്നുത്ഭവിക്കുന്നമൂന്നോളം ജലസ്രോതസുകള്‍ നാശോന്മുഖമായതായി കണ്ടെത്തി. പരിശോധന എട്ടു മണിക്കൂറോളം നീണ്ടു. തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട പാത്തിക്കല്‍, നരിക്കോട് മല, വാഴമല ഭാഗങ്ങളില്‍ മാത്രം 63ഓളം ക്വാറികളാണുള്ളത്. ഇതില്‍ ലൈസന്‍സുള്ളത് നാലെണ്ണത്തിന് മാത്രമാണെന്നും ജഡ്ജിയോട് പ്രദേശവാസികള്‍ പരാതിപ്പെട്ടു. ക്വാറികളുടെ പ്രദേശവാസികളില്‍ നിന്നും മൊഴി രേഖപ്പെടുത്തിയ ജഡ്ജി, ക്വാറികള്‍ മുഖാന്തിരമുള്ള ദുരിതങ്ങളും ചോദിച്ചറിഞ്ഞു. പല ക്വാറികളിലും ജീവനക്കാരെ കണ്ടില്ലെങ്കിലും അവ പ്രവര്‍ത്തിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ക്വാറികളുടെ പ്രവര്‍ത്തനം കാരണം പല കുടുംബങ്ങളും മാറിയതായി വാഴമല നിവാസികള്‍ ജഡ്ജിയോട് പരാതിപ്പെട്ടു. തുടര്‍ന്നുള്ള പരിശോധനകള്‍ ജിയോളജി വകുപ്പിന്റെ സാന്നിധ്യത്തില്‍ നടത്തുമെന്ന് ജഡ്ജി പറഞ്ഞു. ജഡ്ജിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ കൂടെയുണ്ടായിരുന്ന വില്ലേജധികൃതര്ക്ക് പലപ്പോഴും ഉത്തരമുണ്ടായിരുന്നില്ല. പൊലിസിനും വില്ലേജോഫിസിലുള്ളവര്ക്കും പഞ്ചായത്തധികൃതര്‍ക്കും നിരവധി തവണ പരാതി നല്‍കിയെങ്കിലും ഒന്നും നടന്നില്ലെന്നും ആദിവാസികളടക്കമുള്ളവര്‍ പറഞ്ഞു. അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം തടയാന്‍ വടക്കേ പൊയിലൂരില്‍ ചെക്ക് പോസ്റ്റ് സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നു. സ്പെഷ്യല്‍ വില്ലേജ് ഓഫിസര്‍ ഇ രജീഷ്, വില്ലേജ് ഓഫിസ് അസി. കെ.പി രജീഷ്, ജനകീയ വേദി ജില്ലാ പ്രസി. എം.പി പ്രകാശന്, സെക്രട്ടറി ഇ മനീഷ് എന്നിവരും ജഡ്ജിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."