ക്ഷേത്രത്തിലെ തിരുവായുധവുമായി കോമരമെത്തുന്ന ചടങ്ങ്: അയിത്തം ആചരിക്കുന്നുവെന്ന് ആരോപണം; ഇല്ലെന്ന് ഭാരവാഹികള്‍
കണ്ണൂര്‍:അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തിലെ തിരുവായുധവുമായി കോമരമെത്തുന്ന ചടങ്ങില്‍ പുലയ സമുദായക്കാരുടെ വീടുകള്‍ ഒഴിവാക്കുന്നത് അയിത്താചരണമാണെന്ന് ചൂണ്ടിക്കാട്ടി ജനാധിപത്യ രാഷ്ട്രീയസഭ ജനറല്‍ സെക്രട്ടറി നടത്തുന്ന നിരാഹാരം പ്രത്യേക രാഷ്ട്രീയ താല്‍പര്യം വച്ചുകൊണ്ടാണെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ദലിതര്‍ക്ക് അയിത്തം കല്‍പ്പിക്കുന്നതായുള്ള പ്രചാരണം വസ്തുതാവിരുദ്ധമാണ്. തിരുവായുധം എഴുന്നള്ളിപ്പ് നടത്തുന്നത് 1915 ലെ നിശ്ചയരേഖ പ്രകാരമാണ്. തീയ്യ സമുദായ അംഗങ്ങളുടെ വീടുകളിലും ആചാരപ്രകാരം ആശാരി, കൊല്ലന്‍, തട്ടാന്‍, കാവുതീയ, മുക്കുവ എന്നീ ഇതരസമുദായ വീടുകളിലുമാണ് കയറുന്നത്.
പട്ടികജാതി, പട്ടികവര്‍ഗ കമ്മിഷനും മലബാര്‍ ദേവസ്വവും തള്ളികളഞ്ഞ പരാതിയുമായി ഉത്സവനാളുകളില്‍ സമരം നടത്തുന്നത് രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുള്ളങ്കണ്ടി മുകുന്ദന്‍, കെ.വി ഭാര്‍ഗവന്‍, സെക്രട്ടറി എം.വേണുഗോപാല്‍, കെ.പി.രഞ്ജിത്ത് പങ്കെടുത്തു.
അതേസമയം, ക്ഷേത്രത്തില്‍ അയിത്തം നടക്കുന്നതായും തിരുവായുധ എഴുന്നള്ളത്തില്‍ നിന്നു പുലയസമുദായ വീടുകളെ ഒഴിവാക്കിയിരിക്കുകയാണെന്നും ജെ.ആര്‍.എസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതു പൊതുസമൂഹത്തിന്റെ ശ്രദ്ധയിലെത്തിക്കാനാണ് ജെ.ആര്‍.എസ് ജനറല്‍ സെക്രട്ടറി 72 മണിക്കൂര്‍ നിരാഹാരം നടത്തുന്നത്.
ജാതിയില്ല മതമില്ല എന്ന് പറയുന്ന സി.പി.എം ഈ ജാതിവിവേചനത്തിന് തുറന്ന പിന്തുണയാണ് നല്‍കുന്നത്. എസ്.പി.ക്ക് മുമ്പ് നല്‍കിയ പരാതി പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്വേഷണം മരവിച്ചുകിടക്കുകയാണ്.
ഇത് പാര്‍ട്ടി ഇടപെടലുകള്‍ കൊണ്ടാണെന്നും ഭാരവാഹികള്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പ്രസീത അഴീക്കോട്, ഇ.പി കുമാരദാസ്, എസ് ബിനു, കിളിര്‍കുടിയന്‍ ശ്രീധരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."