തുര്‍ക്കിയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നി മാറി; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രികര്‍
അങ്കാറ: തുര്‍ക്കിയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നി മാറി. സംഭവത്തില്‍ വിമാനത്തിലുണ്ടായിരുന്ന യാത്രികര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
തുര്‍ക്കിയിലെ അങ്കാറയില്‍ നിന്നും ട്രാബ്‌സോണ്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇറങ്ങുമ്പോഴാണ് വിമാനം അപകടത്തില്‍പ്പെടുന്നത്. 168 യാത്രികരുമായി ഇറങ്ങിയ വിമാനം റണ്‍വേയില്‍ തെന്നിമാറുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. റണ്‍വേയില്‍ നിന്നും തെന്നി മാറിയ വിമാനം സമീപത്തെ കറുത്തകടലിലേക്കുള്ള ചരിവില്‍ തങ്ങി നിന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കറുത്ത കടലിനു സമീപത്തായാണ് ട്രാബ്‌സോണ്‍ വിമാനത്താവളം.
വിമാനത്തിലുണ്ടായിരുന്ന 168 യാത്രികരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. തുര്‍ക്കി വിമാനകമ്പനിയായ പെഗാസസിന്റെ ബോയിങ് 737-800 ആണ് അപകടത്തില്‍പ്പെട്ട വിമാനം. വിമാനത്തില്‍ യാത്ര ചെയ്ത എല്ലാവരും സുരക്ഷിതാരാണെന്നും ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ലെന്നും ഗവര്‍ണര്‍ യൂസെല്‍ യാവുസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും ഇദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."