വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ മാറ്റണമെന്ന് കോണ്‍ഗ്രസ്
തൃക്കരിപ്പൂര്‍: യു.ഡി.എഫ് നിയന്ത്രണത്തിലുള്ള വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് മുസ്‌ലിം ലീഗിലെ എം.ടി അബ്ദുല്‍ ജബ്ബാറിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് വലിയപറമ്പ് മണ്ഡലം കമ്മറ്റിയുടേതാണ് തീരുമാനം.
ലക്ഷകണക്കിന് രൂപ ചെലവഴിച്ച് ഗ്രാമപഞ്ചായത്തില്‍ സ്ഥാപിച്ച സോളാര്‍ പദ്ധതി ക്രമക്കേടിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസിന്റെ ആവശ്യം പഞ്ചായത്ത് പ്രസിഡന്റ് നിരാകരിക്കുകയും, പഞ്ചായത്തിലെ തെങ്ങ് കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ ജൈവവളം പദ്ധതി നടപ്പിലാക്കുന്നതിനുള്ള അലംബാവം എന്നിവയാണ് പ്രസിഡന്റിനെതിരേ തിരിയാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. കൂടാതെ പഞ്ചായത്ത് ആസൂത്രണ സമിതിയില്‍ രണ്ടു പ്രതിനിധികളെ മണ്ഡലം കമ്മറ്റി നല്‍കിയെങ്കിലും പ്രസിഡന്റ് ഇടപെട്ട് രണ്ടു പ്രതിനിധികളെ മാറ്റുകയും പകരം രണ്ടു പേരെ ഉള്‍പ്പെടുത്തുകയും ചെയ്തതായി കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്.
നിലവില്‍ 13 അംഗ ഭരണ സമിതിയില്‍ ഒരു അംഗത്തിന്റെ ബലത്തില്‍ ഏഴംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. ഇതില്‍ നാല് ലീഗ്, മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളാണുള്ളത്. 2010ലെ തിരഞ്ഞെടുപ്പില്‍ 13 അംഗ ഭരണ സമിതിയില്‍ ഏഴംഗങ്ങളുമായി യു.ഡി.എഫ് പഞ്ചായത്ത് ഭരണം ഏറ്റെടുത്ത് കോണ്‍ഗ്രസിലെ കെ സിന്ധു പ്രസിഡന്റായി അധികാരമേറ്റ് രണ്ടര വര്‍ഷം കഴിഞ്ഞ് കോണ്‍ഗ്രസിന്റെ തൊഴുത്തില്‍ കുത്ത് കാരണം ഭരണം സി.പി.എമ്മിന്റെ കൈകളിലെത്തിയത് വലിയപറമ്പ് മറന്നിട്ടില്ല. അന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സ്ത്രീ സംവരണമായതിനാല്‍ രണ്ടു വനിതകളായ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ട് രംഗത്ത് വരികയും രണ്ടര വര്‍ഷം വീതം വിഹിതം വെക്കാമെന്നും കരാര്‍ ഉടമ്പടിയുണ്ടാക്കിയാണ് കെ സിന്ധുവിനെ പ്രസിഡന്റാക്കിയത്. എന്നാല്‍ കരാര്‍ വ്യവസ്ഥ പ്രകാരം കെ സിന്ധുവിനെ രണ്ടര വര്‍ഷം കഴിഞ്ഞ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിസമ്മതിക്കുകയും ചെയ്തതോടെ രണ്ടര വര്‍ഷം കഴിഞ്ഞ് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്നേറ്റ മെട്ടമ്മല്‍ ബേബി സി.പി.എം കൊണ്ടുവന്ന അവിശ്വാസത്തെ അനുകൂലിച്ചതോടെ യു.ഡി.എഫിന് ഭരണം നഷ്ടമാവുകയായിരുന്നു. യു.ഡി.എഫില്‍ കോണ്‍ഗ്രസിന്റെ തൊഴുത്തില്‍ കുത്ത് ഇത്തവണയും ഭരണം നഷ്ടപ്പെടുമെന്ന ഭയം സാധാരണ പ്രവര്‍ത്തകര്‍ക്കുണ്ട്.
ശരി മാത്രമാണ് ചെയ്യുന്നതും ചെയ്യാന്‍ ശ്രമിക്കുന്നതും: പ്രസിഡന്റ്
തൃക്കരിപ്പൂര്‍: കോണ്‍ഗ്രസ് ചില ആരോപണം ഉന്നയിച്ച് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന ആവശ്യം അറിയാന്‍ കഴിഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത് മുതല്‍ ശരി മാത്രമേ ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളൂ. കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്ന് സോളാര്‍ പദ്ധതിയുടെ ക്രമക്കേട് അന്വേഷിക്കണമെന്നാണ്.
അത് ആവശ്യക്കാരോട് തന്നെ നേരിട്ട് അന്വേഷണം ആവശ്യപ്പെടാമെന്ന് പറഞ്ഞിരുന്നു. തീരദേശ വികസന കോര്‍പ്പറേഷനാണ് സോളാര്‍ പദ്ധതിയുടെ ഫണ്ട് അനുവദിച്ചത്. കേരള ഇന്‍ഡിസ്ട്രിയല്‍ കോര്‍പ്പറേഷനാണ് ഇതിന്റെ കരാര്‍ എടുത്തത്. സോളാര്‍ പദ്ധതിയുടെ അപാകതകളെ കുറിച്ച് തീരദേശ വികസന കോര്‍പ്പറേഷന് പഞ്ചായത്ത് എന്ന നിലയില്‍ പരാതി നല്‍കിയിട്ടുണ്ട്.
നിത്യ ചെലവിന് തന്നെ ബുദ്ധിമുട്ടുന്ന തനത് ഫണ്ടില്ലാത്ത പഞ്ചായത്താണ് വലിയപറമ്പ. പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനപ്രകാരമാണ് ഫണ്ടില്ലാത്തതിനാല്‍ വളം വിതരണം ചെയ്യാന്‍ കഴിയില്ലെന്ന തീരുമാനം എടുത്തത്. ഫണ്ട് ലഭിക്കുന്ന മുറക്ക് തെങ്ങ് കര്‍ഷകര്‍ക്ക് സബ്‌സിഡിയോടെ ജൈവവളം ലഭ്യമാക്കും. ആസൂത്രണ ബോര്‍ഡില്‍ അംഗങ്ങളെ എടുക്കുമ്പോള്‍ വിദഗ്ധരായ അംഗങ്ങളെ ലഭ്യമാക്കണമെന്ന് അറിയിച്ചിരുന്നു. അത് പ്രകാരം സി.പി.എമ്മും ലീഗും രണ്ട് വീതം വിദഗ്ധരായ അംഗങ്ങളെ നല്‍കിയെങ്കിലും കോണ്‍ഗ്രസ് അതിന് വഴങ്ങാതെ രണ്ടുപേരുടെ ലിസ്റ്റ് നല്‍കി.
ഇത് വിദഗ്ധരായ രണ്ടാളെ തെരഞ്ഞെടുത്തതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചതെന്ന് നിലവില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിത് അംഗം കൂടിയായ പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."