ആദിവാസി മേഖലകളില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കി കുടുംബശ്രീ
തിരുവനന്തപുരം: ആദിവാസി മേഖലകളില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കി കുടുംബശ്രീ. സംസ്ഥാനത്ത് ആകെയുള്ള 127987 ആദിവാസി കുടുംബങ്ങളില്‍ 106162 കുടുംബങ്ങളും കുടുംബശ്രീ യൂനിറ്റുകളില്‍ അംഗങ്ങളാണെന്ന് കുടുംബശ്രീ മിഷന്റെ കണക്കുകള്‍ പറയുന്നു. ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പുമായി ചേര്‍ന്ന് 2007ലാണ് കുടുംബശ്രീ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കിത്തുടങ്ങിയത്.
ഈ മേഖലകളില്‍ നടത്തിയ സര്‍വേ പ്രകാരം 5962 കുടുംബശ്രീ യൂനിറ്റുകള്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. വയനാട് ജില്ലയിലാണ് ആദിവാസി മേഖലകളില്‍ ഏറ്റവും കൂടുതല്‍ കുടുംബശ്രീ യൂനിറ്റുകളുള്ളത്. 1612 യൂനിറ്റുകളും അവയില്‍ 27135 അംഗങ്ങളും പ്രവര്‍ത്തിക്കുന്നു.
രണ്ടാം സ്ഥാനത്തുള്ള കാസര്‍കോട് ജില്ലയിലെ ആദിവാസി മേഖലയില്‍ 718 കുടുംബശ്രീ യൂനിറ്റുകളില്‍ 15,850 അംഗങ്ങളുണ്ട്. ഇടുക്കി ജില്ലയില്‍ പട്ടികവര്‍ഗക്കാരുടെ 715 കുടുംബശ്രീ യൂനിറ്റുകളിലായി 13,687 അംഗങ്ങളാണുള്ളത്.
ആദിവാസി മേഖലകളിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനായി കുടുംബശ്രീ വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കും. കരകൗശലവസ്തു നിര്‍മാണം, നെയ്ത്ത്, തയ്യല്‍ തുടങ്ങിയ യൂനിറ്റുകള്‍ വിവിധ ജില്ലകളിലായി ആരംഭിക്കാനാണ് ആലോചിക്കുന്നത്. കൂടാതെ സര്‍ക്കാരിന്റെയും എന്‍.ജി.ഒകളുടെയും സഹായത്തോടെയുള്ള പദ്ധതികളും ആദിവാസി മേഖലകളില്‍ നടപ്പിലാക്കാന്‍ കുടുംബശ്രീ തീരുമാനിച്ചിട്ടുണ്ട്.
ആദ്യഘട്ടമെന്ന നിലയില്‍ ഇടുക്കി, വയനാട്, പാലക്കാട്, കാസര്‍കോട് ജില്ലകളിലെ തിരഞ്ഞെടുത്ത 10 പഞ്ചായത്തുകളില്‍ പദ്ധതി തുടങ്ങും. മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."