രാജ്യത്ത് അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് കുറയുന്നു
മലപ്പുറം: ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരിക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ പേരുദോഷം മാറുന്നു. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്കുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടത്തിയ സാംപിള്‍ സര്‍വേയിലാണ് നിരക്ക് കുറയുന്നുവെന്ന ആശ്വാസകരമായ കണ്ടെത്തല്‍. 2015നെ അപേക്ഷിച്ച് 2016ല്‍ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്കില്‍ രാജ്യത്ത് ഒന്‍പത് ശതമാനം കുറാവാണ് രേഖപ്പെടുത്തിയത്്.
ആയിരത്തില്‍ 43 എന്നതില്‍നിന്ന് 39 ആയി കുട്ടികളുടെ മരണനിരക്ക് കുറഞ്ഞു. ഛത്തീസ്ഗഡ്, ഡല്‍ഹി, ഉത്തരാഖഡ് ഒഴികെയുള്ള രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും കുട്ടികളുടെ മരണനിരക്കില്‍ കുറവുണ്ടായിട്ടുണ്ട്്. 2010ല്‍ 1000ത്തില്‍ 59 കുട്ടികളാണ് അഞ്ചുവയസിനു മുന്‍പ് മരണപ്പെട്ടിരുന്നത്.
ദേശീയ സാംപിള്‍ സര്‍വേ ഓഫിസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ അഞ്ചുവയസിന് താഴെയുള്ള കുട്ടികുടെ മരണനിരക്കിലെ ലിംഗവിത്യാസം 11 ശതമാനമായി കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. 2014ല്‍ ഇത് 17 ശതമാനമായിരുന്നു. രാജ്യത്ത് ജനിക്കുന്ന ആയിരത്തില്‍ 41 പെണ്‍കുട്ടികള്‍ അഞ്ചുവയസിനു മുന്നെ മരിക്കുമ്പോള്‍ 39 ആണ്‍കുട്ടികളുടെ ജീവനാണ് ഇക്കാലയളവില്‍ നഷ്ടമാകുന്നത്. തെലങ്കാന, ബംഗാള്‍, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ അഞ്ചുവയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കിലെ സ്ത്രീ-പുരുഷ അനുപാതം അഞ്ചു ശതമാനത്തില്‍ താഴെയാണ്. അഞ്ചുവയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ മരണനിരക്ക് ഏറ്റവും കൂടുതലുള്ളത് ബിഹാറിലാണ്. 46 ശതമാനം. തൊട്ടടുത്ത് ഹരിയാന (23), കേരളം (20) അസം, കര്‍ണാടക (19) എന്നിങ്ങനെയാണ്.
നവജാത ശിശുക്കളുടെ മരണനിരക്കിലും രാജ്യത്ത് ഒരു ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്്. 2015ല്‍ 1000ല്‍ 25 കുട്ടികള്‍ മരിച്ചിരുന്ന സ്ഥാനത്ത് അത് 24ആയി ചുരുങ്ങി. പ്രതിരോധ മരുന്ന് ഉപയോഗിച്ച് ശൈശവകാല രോഗങ്ങള്‍ തടയുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും കുടുംബക്ഷേമ മന്ത്രാലയവും നടത്തിയ മിഷന്‍ ഇന്ദ്രധനുഷിന്റെ പ്രവര്‍ത്തന നേട്ടമാണ് ഇതിനു പിന്നിലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ്-ബി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനായിരുന്നു ഇതിലൂടെ ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."