ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് എ.ഐ.എ.ഡി.എം.കെ നേതാവ്
ചെന്നൈ: ജയലളിതയുടേത് സ്വാഭാവിക മരണമല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടചെന്നും ആരോപിച്ച് എ.ഐ.എ.ഡി.എം.കെയുടെ മുതിര്‍ന്ന നേതാവും തമിഴ്നാട് മുൻ സ്പീക്കറുമായ പി.എച്ച്.പാണ്ഡ്യന്‍ രംഗത്ത്. മരണത്തില്‍ അന്വേഷണം വേണമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ജയലളിത മരിക്കുന്നതിന് മുന്‍പ് പോയസ് ഗാര്‍ഡനില്‍ തര്‍ക്കം നടന്നുവെന്നും ചിലര്‍ ജയലളിതയെ പിടിച്ചുതള്ളിയെന്നും പാണ്ഡ്യന്‍ ആരോപിക്കുന്നു. അമ്മയുടെ മരണ ശേഷം ശശികല നേതൃസ്ഥാനത്തെത്തിയതിനേയും അദ്ദേഹം ചോദ്യം ചെയ്തു.
ശശികല ജനങ്ങളെ ചതിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'അമ്മയുടെ മരണത്തിന് പിന്നാലെ ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം നേടിയെടുത്തു. ഒരു മാസം കൂടി പിന്നിട്ടപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനവും നേടി'. എന്നാല്‍ തങ്ങള്‍ അതിന് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജയലളിത ആശുപത്രിയിലായ സെപ്റ്റംബര്‍ 22നാണ് പേയസ് ഗാര്‍ഡനിലെ സംഭവമുണ്ടാവുന്നത്. പിന്നീട് വളരെ വൈകിയാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സകള്‍ എല്ലാം വൈകിക്കുകയും ചെയ്തു. അമ്മ മരിച്ചപ്പോള്‍ ശശികലയുടെ കണ്ണില്‍ നിന്നും ഒരിറ്റ് കണ്ണൂനീര്‍ പോലും വീണില്ല. എന്തെങ്കിലും വിഷമം അവര്‍ക്കുണ്ടായിരുന്നെങ്കില്‍ ഒരു മാസത്തിനകം അധികാര സ്ഥാനങ്ങളിലേക്ക് എത്തില്ലായിരുന്നുവെന്നും പി.എച്ച്.പാണ്ഡ്യന്‍ ആരോപിക്കുന്നു.
ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് നിരവധി പേര്‍ ആവശ്യമുന്നയിച്ചിരുന്നു. വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്നത് അടക്കം നിരവധി ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതെല്ലാം അണ്ണാ ഡി.എം.കെയും ജയലളിതയെ ചികിത്സിച്ച ചെന്നൈയിലെ അപ്പോളോ ആശുപത്രി അധികൃതരും തള്ളിക്കളഞ്ഞു. ജയലളിത മരിച്ചത് കടുത്ത പ്രമേഹരോഗം മൂലമാണെന്നും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ അവരുടെ ഒന്നിലധികം അവയവങ്ങള്‍ നിശ്ചലമായിരുന്നുവെന്നും അപ്പോളോയില്‍ ചികിത്സ്‌ക്ക് നേതൃത്വം നല്‍കിയ ലണ്ടനിലെ വിദഗ്ധ ഡോക്ടറും വിശദീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."