ലോക്സഭാ തെരഞ്ഞെടുപ്പ്: യു.പിയില്‍ തിരിച്ചുവരവിനൊരുങ്ങി കോണ്‍ഗ്രസ്
ലഖ്നൗ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനുള്ള സാഹചര്യമുണ്ടാക്കാനുള്ള അരങ്ങൊരുക്കം തുടങ്ങി. ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള ഗുജറാത്തില്‍ അവരെ പിടിച്ചുകെട്ടാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് തെളിയിച്ചത് പാര്‍ട്ടിക്ക് വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ഇതേ രീതിയിലുള്ള തന്ത്രത്തിലൂടെ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവിനാണ് ഉത്തര്‍പ്രദേശിലും തന്ത്രങ്ങള്‍ മെനയുന്നത്.
സ്വന്തം മണ്ഡലമായ അമേത്തിയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് ഉത്തര്‍പ്രദേശില്‍ എത്തും. ഇവിടെ വച്ച് പാര്‍ട്ടി നേതാക്കളുമായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആവഷ്കരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യും.
പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുത്തതിനു ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് പാര്‍ട്ടി സംസ്ഥാന നേതൃത്വം വന്‍പ്രാധാന്യമാണ് നല്‍കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ കുതിച്ചുചാട്ടം തന്നെയായിരിക്കും ഉത്തര്‍പ്രദേശില്‍ നടത്തുകയെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് അമര്‍നാഥ് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 403 സീറ്റുകളില്‍ കേവലം ഏഴ് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. കോണ്‍ഗ്രസിന്റെ ഉറച്ച പാര്‍ലമെന്റ് മണ്ഡലങ്ങളായ അമേത്തിയിലേയും റായ്ബറേലിയിലേയും നിയമസഭാ മണ്ഡലങ്ങളില്‍ പോലും കോണ്‍ഗ്രസിന് വിജയിക്കാനായിരുന്നില്ല.
ഇതെല്ലാം തിരിച്ചറിഞ്ഞാണ് ശക്തമായ മുന്നേറ്റം നടത്തി പാര്‍ട്ടി തിരിച്ചുവരവിനുള്ള തന്ത്രം ആസൂത്രണം ചെയ്യാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."