ഭക്തജന സാഗരത്തില്‍ കൊട്ടിയൂര്‍ പെരുമാളിന് ഇളനീര്‍വയ്പ്പ്
കൊട്ടിയൂര്‍: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഇളനീര്‍വയ്പിന് ഭക്തസഹസ്രങ്ങള്‍ സക്ഷിയായി. തിരുവഞ്ചിറയില്‍ സമര്‍പ്പണം തുടങ്ങി മണിക്കൂറുകള്‍ക്കകം ഇളനീരുകള്‍ കൂമ്പാരമായി മാറി. ശനിയാഴ്ച പുലര്‍ച്ചെ തന്നെ തിരുവഞ്ചിറയും അക്കരെ ക്ഷേത്രസന്നിധിയും ഭക്തരാല്‍ നിറഞ്ഞിരുന്നു. ഉച്ചയോടെ അക്കരെ കൊട്ടിയൂര്‍, ഇടബാവലി, മന്ദംചേരി, ഇക്കരെ കൊട്ടിയൂര്‍ എന്നിവിടങ്ങളെല്ലാം തീര്‍ഥാടകര്‍ തമ്പടിച്ചിരുന്നു. തിരക്കു കാരണം മണിത്തറയില്‍ നിന്നും പ്രസാദം വാങ്ങാന്‍ ഭക്തര്‍ മണിക്കൂറുകള്‍ കാത്തുനിന്നു. ഇളനീര്‍വയ്പിന് വിവിധ പ്രദേശങ്ങളിലെ ഇള നീര്‍മഠക്കാര്‍ മന്ദംചേരി മൈതാനത്തും ബാവലിപ്പുഴക്കരയിലുമായി ഒത്തുകൂടി. വ്രതക്കാരുടെ പരിശുദ്ധി നിലനിര്‍ത്താന്‍ ഈ പ്രദേശങ്ങള്‍ ഇവര്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. പന്തീരടി പൂജ കഴിഞ്ഞതോടെ ഇളനീര്‍വയ്പ് തുടങ്ങി. കാര്യത്ത് കൈക്കോളന്‍ തിരുവഞ്ചിറയില്‍ പെരുമാളിന്റെ ആഗമനം അറിയിച്ച് തട്ടും പോളയും വച്ചു. ഉടന്‍ വലിയ ശബ്ദത്താല്‍ രാശി വിളിയുമുണ്ടായി. ഇതോടെ തിരുവഞ്ചിറയിലേക്ക് വ്രതക്കാര്‍ ഓടിയെത്തി. മൂന്നുവട്ടം മുഖ്യസ്ഥാനം വലംവച്ച് ഇളനീര്‍ കാവുകള്‍ സമര്‍പ്പിക്കാന്‍ തുടങ്ങിയതോടെ ജനസഹസ്രങ്ങള്‍ ഓംകാരം മുഴക്കി. എരുവട്ടി, ആയിരത്തി, മുടിശ്ശേരി, മേക്കിലേരി, ആരിയന്‍, തെയ്യന്‍, കുറ്റ്യാടി തണ്ടയന്‍മരാണ് ഇളനീര്‍ കാവുകള്‍ സമര്‍പ്പിച്ചത്. ഇളനീര്‍വയ്പ്പ് പുലര്‍ച്ചെ വരെ നീണ്ടു. ഇന്ന് അഷ്ടമി ആരാധനയും ഉച്ചയ്ക്ക് പൊന്നിന്‍ ശീവേലിയും അര്‍ധരാത്രിയോടെ ഇളനീരാട്ടവും നടക്കും. തിങ്കഴാഴ്ച പുലര്‍ച്ചയോടെ ഇളനീരാട്ടം സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."