കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറി: മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറി കേസിന്റെ മുഖ്യസൂത്രധാരന്‍ ശംസുല്‍ ഹുദാ അറസ്റ്റിലായി. ദുബൈയില്‍ നിന്ന് ഇയാള്‍ പുറപ്പെട്ടതായ വിവരമറിഞ്ഞ നേപ്പാള്‍ പൊലിസ് സംസ്ഥാനത്ത് ഇറങ്ങിയ ശേഷമാണു പിടികൂടിയത്. ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശംസുല്‍ ഹുദാ പാകിസ്താന്‍ ചാരസംഘടന ഐ.എസ്.ഐയുടെ പിന്തുണയോടെയാണ് 151 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അട്ടിമറിക്ക് പദ്ധതിയിട്ടതെന്ന് ആരോപണമുയര്‍ന്നിരുന്നു. അറസ്റ്റ് മുതിര്‍ന്ന എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.
കാണ്‍പൂരിലുണ്ടായ ഇന്‍ഡോര്‍-പാട്‌ന എക്‌സ്പ്രസ് അപകടം, കൊനേരു ട്രെയിന്‍ അപകടം, കിഴക്കന്‍ ചമ്പാരനില്‍ റെയില്‍വേട്രാക്കില്‍ സ്‌ഫോടകവസ്തു ഘടിപ്പിച്ച് ട്രെയിന്‍ അട്ടിമറി നടത്താന്‍ ശ്രമം തുടങ്ങിയ കേസുകളില്‍ ഇയാളുടെ അറസ്റ്റ് ഏറെ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം മോത്തിഹാരിയില്‍ പിടികൂടിയ മോത്തിലാല്‍ പാസ്വാന്‍, ഉമാശങ്കര്‍ പട്ടേല്‍, മുകേഷ് യാദവ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു സംഭവത്തില്‍ ഐ.എസ്.ഐക്കു പങ്കുണ്ടെന്ന വാദവുമായി പൊലിസ് രംഗത്തെത്തിയത്. ഇവര്‍ കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറിയിലും ഗോരാസഹാന്‍ റെയില്‍വേ ട്രാക്ക് സ്‌ഫോടന ശ്രമത്തിലും പങ്കുണ്ടെന്ന് സമ്മതിച്ചതായി പൊലിസ് പറഞ്ഞു.
പിടിയിലായവര്‍ ബിഹാര്‍ പൊലിസിനോടും കേന്ദ്ര അന്വേഷണ ഏജന്‍സിയോടും നടത്തിയ വെളിപ്പെടുത്തലുകളില്‍ വൈരുധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൂവരും ശംസുല്‍ ഹുദാ, നേപ്പാളിലുള്ള കൈകാര്യകര്‍ത്താവ് ബ്രിജ് കിഷോര്‍ ഗിരി, ഐ.എസ്.ഐ എന്നിവരും തമ്മില്‍ സംഭാഷണങ്ങളുണ്ടായിട്ടുണ്ടെന്നതിനു സാങ്കേതിക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."