ഷംന മരിച്ച് ഏഴുമാസമായിട്ടും ആദ്യം ചികിത്സ നല്‍കിയത് ആരെന്നറിയില്ലെന്ന് മെഡി. കോളജ് പ്രിന്‍സിപ്പല്‍
കൊച്ചി: സ്വന്തം വിദ്യാര്‍ഥിനി മരിച്ച് ഏഴുമാസമായിട്ടും ആദ്യം ചികിത്സിച്ചത് ആരെന്ന് കണ്ടെത്താനായിട്ടില്ലെന്ന് മെഡി. കോളജ് പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം. എറണാകുളം ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ഷംന തസ്‌നീമിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് നല്‍കിയ കത്തിലാണ് ഈ 'വെളിപ്പെടുത്തല്‍'. ഈ കത്ത് ഉള്‍പ്പെടെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് ഷംനയുടെ മരണം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ ശശിധരന്‍ മനുഷ്യാവകാശ കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിച്ചത്. കണ്ണൂര്‍ ശിവപുരം അയിഷ മന്‍സിലില്‍ അബൂട്ടിയുടെ മകളും എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനി യുമായ ഷംന തസ്‌നീം ജൂലൈ 18നാണ് പനിക്കുള്ള ചികിത്സക്കിടെ ഇതേ മെഡിക്കല്‍ കോളജില്‍ കുഴഞ്ഞുവീണ് മരിച്ചത്.
പനി ബാധിച്ച ഷംന 2016 ജൂലൈ 17ന് മെഡി. കോളജ് കാഷ്വാലിറ്റിയില്‍ ചികിത്സതേടി എത്തിയിരുന്നു. പിറ്റേദിവസം വീണ്ടും കാഷ്വാലിറ്റിയില്‍ എത്തുകയും ഡ്യൂട്ടി ഡോക്ടറുടെ നിര്‍ദേശപ്രകാരം പനിക്ക് കുത്തിവയ്പ്പ് എടുക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് കുഴഞ്ഞുവീണ് മരിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ വകുപ്പുതല അന്വേഷണം, ജില്ലാ മെഡിക്കല്‍ ഓഫിസര്‍തല അന്വേഷണം, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല അന്വേഷണം എന്നിവ നടന്നിരുന്നു. മെഡി. കോളജ്തല അന്വേഷണത്തിലും ഡി.എം.ഒയുടെ നേതൃത്വത്തിലും നടന്ന അന്വേഷണം ഡോക്ടര്‍മാരെ സംരക്ഷിക്കുന്ന തരത്തിലായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍തലത്തില്‍ നടന്ന അന്വേഷണത്തിലെ കണ്ടെത്തലനുസരിച്ച് ഡ്യൂട്ടി ഡോക്ടറെയും ഒരു പി.ജി വിദ്യാര്‍ഥിയെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അതിനിടെ, ഷംനയുടെ പിതാവ് അബൂട്ടിയുടെ പരാതിയെ തുടര്‍ന്ന് പൊലിസ് എടുത്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഷംനയെ ചികിത്സിച്ച ഡോക്ടര്‍മാരുടെ വിശദാംശങ്ങള്‍തേടി ക്രൈംബ്രാഞ്ച് നല്‍കിയ കത്തിനുള്ള മറുപടിയിലാണ് ആരാണ് ചികിത്സിച്ചതെന്ന് അറിയില്ലെന്ന് പ്രിന്‍സിപ്പല്‍ ഡോ. വി. കെ ശ്രീകല അറിയിച്ചിരിക്കുന്നത്. ജൂലൈ 16 മുതല്‍ 31വരെ ഡ്യൂട്ടിയില്‍ നിയോഗിച്ചിരുന്ന ഹൗസ് സര്‍ജന്മാരുടെ ലിസ്റ്റ് മെഡിക്കല്‍ കോളജ് സൂപ്രണ്ട് നല്‍കിയത് കൈമാറുന്നുവെന്നും ജൂലൈ 17ന് വൈകുന്നേരവും രാത്രിയും ഷംനക്ക് ചികിത്സ നിര്‍ദേശിച്ചത് ആരെന്ന് വ്യക്തമല്ലെന്നുമാണ് പ്രിന്‍സിപ്പലിന്റെ മറുപടി. ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഹൗസ് സര്‍ജന്മാരില്‍ ഒരാള്‍ പകലും ഒരാള്‍ രാത്രിയുമാണ് ഡ്യൂട്ടിയിലുണ്ടാവുക. ഷംനയെ പരിശോധിച്ച് ചികിത്സ നിര്‍ദേശിച്ച ഫയലില്‍ ഹൗസ് സര്‍ജന്റെ പേരോ ഒപ്പോ ഇല്ല. അതിനാല്‍ ആരാണ് ചികിത്സ നിര്‍ദേശിച്ചത് എന്ന് വ്യക്തമല്ലെന്നുമാണ് പ്രിന്‍സിപ്പല്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഷംനയുടെ പിതാവ് മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."