ഓഖി: 324 മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്താനുണ്ടെന്ന് ലത്തീന്‍ സഭ
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവരുടെ പുതിയ കണക്കുമായി ലത്തീന്‍ സഭ. 324 പേര്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ലത്തീന്‍സഭ വ്യക്തമാക്കി. തിരുവനന്തപുരം- 111, തുത്തൂര്‍ ഫെറോന- 136, കുളച്ചല്‍- 20 എന്നിങ്ങനെയാണ് തിരിച്ചെത്താനുള്ളത്. മറ്റിടങ്ങളില്‍ നിന്നായി 57 പേരും മടങ്ങിയെത്താനുണ്ട്. കാണാതായവരുടെ പേരും മേല്‍വിലാസവും സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. കേരളത്തില്‍ 38ഉം തുത്തൂരില്‍ എട്ടും മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചതെന്നും ലത്തീന്‍ സഭ വ്യക്തമാക്കി.
ഓഖി ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതിന് നിയമസാധുതയോടുകൂടിയ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്ന് കേരളാ റീജ്യണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെ.ആര്‍.എല്‍.സി.സി) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഓഖി ദുരിതാശ്വാസ ഫണ്ടിന്റെ വിനിയോഗത്തിനായി പ്രത്യേക നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവരണം. ഫണ്ട് വിനിയോഗത്തില്‍ സുതാര്യതയും ലക്ഷ്യബോധവും ഉണ്ടാകണം. ഫണ്ടിന്റെ വിനിയോഗം വിലയിരുത്തുന്നതിന് ജില്ലാ, മത്സ്യഗ്രാമതലത്തില്‍ പ്രത്യേക സമിതി രൂപീകരിക്കണം. ഫണ്ട് വിനിയോഗത്തിന് ജുഡിഷ്യല്‍ കമ്മിഷന്റെ മേല്‍നോട്ടമുണ്ടാകണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.കാണാതായവരുടെ കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന നിയമങ്ങളില്‍ മാറ്റംവരുത്തി പുനരധിവാസ സാമ്പത്തിക പാക്കേജ്, സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള തൊഴില്‍ എന്നിവ ഉടന്‍ ലഭ്യമാക്കണം. ദുരന്തത്തില്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സഹായം നല്‍കുന്നതിന് കേന്ദ്രവും കേരള, തമിഴ്‌നാട് സര്‍ക്കാരുകളുംചേര്‍ന്ന് പദ്ധതി രൂപീകരിക്കണം. ദുരന്തത്തിന്റെ ഫലമായി അയല്‍രാജ്യങ്ങളില്‍ കുടുങ്ങിയിട്ടുള്ള തൊഴിലാളികളെ കണ്ടെത്താനുള്ള നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണം.
ഓഖി ദുരന്തത്തില്‍ തീരദേശത്തെ മനുഷ്യര്‍ക്കുണ്ടായ ദുരിതങ്ങള്‍ക്കൊപ്പം തീരത്തിനും കടലിനും ആവാസവ്യവസ്ഥക്കും ഉണ്ടായിട്ടുള്ള മാറ്റം പഠനവിധേയമാക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങളും ഇ-വേസ്റ്റുകളും വ്യവസായിക മാലിന്യങ്ങളും കടലില്‍ തള്ളുന്നത് തടയണമെന്നും കെ.ആര്‍.എല്‍.സി.സി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."