ചെമ്പരിക്ക ഖാസിയുടെ കൊലപാതകം: വിവരങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ പണം വാഗ്ദാനം ചെയ്തതായി അശ്‌റഫ്
കൊച്ചി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ പണം വാഗ്ദാനം ചെയ്തിരുന്നതായി സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ കാസര്‍കോട് പരപ്പ സ്വദേശി പി.എ അശ്‌റഫ്.
ഖാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രൂപീകൃതമായ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനും ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റുമായ ഉമറുല്‍ ഫാറൂഖ് തങ്ങളാണ് തനിക്ക് പണം വാഗ്ദാനം ചെയ്തതെന്നും അശ്‌റഫ് 'സുപ്രഭാത'ത്തോട് പറഞ്ഞു. ഖാസി കൊല്ലപ്പെട്ടയുടന്‍ താന്‍ പലരോടും വിഷയവുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞിരുന്നു.
എന്നാല്‍, അവരാരും അത് മുഖവിലക്കെടുത്തില്ല. തുടര്‍ന്നാണ് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റുകൂടിയായ തങ്ങളോട് വിവരങ്ങള്‍ പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഇതൊക്കെ പറയാന്‍ അവസരം ഒരുക്കിത്തരാനും ആവശ്യപ്പെട്ടു. എന്നാല്‍, വിവരങ്ങള്‍ ആരോടും പങ്കുവയ്‌ക്കേണ്ട, പിന്നീടാകട്ടെ എന്നായിരുന്നു തങ്ങള്‍ പറഞ്ഞത്.
തുടര്‍ന്ന് മൂന്നുമാസം കഴിഞ്ഞ് ചോദിച്ചപ്പോഴും സമയമായിട്ടില്ല, എല്ലാം പിന്നീട് തുറന്നുപറയാമെന്ന് മറുപടി പറഞ്ഞു. 2017 ഒക്ടോബറില്‍ തങ്ങള്‍ ഫോണില്‍ വിളിച്ച് തന്നോടുപറഞ്ഞ വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് വാട്‌സ്ആപ്പിലൂടെ അയക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. താനുമായി മുന്‍പരിചയമില്ലാത്തതുപോലെ വേണം റെക്കോര്‍ഡ് ചെയ്യാനെന്നും തങ്ങള്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഖാസിയുടെത് കൊലപാതകമാണെന്നും ആലുവയില്‍ നിന്നുള്ള ബാബു, നിശാന്ത് എന്നിവര്‍ ഗൂഢാലോചന നടത്തിയത് തനിക്കറിയാമെന്നുമുള്ള ശബ്ദരേഖ വാട്‌സ്ആപ്പിലൂടെ നല്‍കിയത്.
തന്റെ ഓട്ടോറിക്ഷയില്‍ ആറുതവണ ഇവരെ ഖാസിയുടെ വീട്ടിലെത്തിച്ചിട്ടുണ്ടെന്നും ഖാസിയുടെ മൃതദേഹം ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിനുസമീപം കണ്ടെത്തിയതിന് തലേദിവസവും ഇവരെ ഖാസിയുടെ വീട്ടിലെത്തിച്ചിരുന്നെന്നും ശബ്ദരേഖയിലുണ്ടായിരുന്നു. ഇത് നല്‍കിയതിനു മൂന്നുദിവസം കഴിഞ്ഞ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ തന്നെ സമീപിച്ച് ഖാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇനി ആരോടും പറയാതിരിക്കാന്‍ എത്ര സംഖ്യ വാങ്ങിത്തരണമെന്ന് ചോദിച്ചു. പണം വാങ്ങി വായടക്കാന്‍ തയാറല്ലെന്ന് അറിയിച്ചപ്പോള്‍ പിറ്റേന്ന് വീട്ടിലേക്ക് ക്ഷണിച്ചു. തങ്ങളുടെ വീട്ടിലെത്തിയ തന്നെ കാറില്‍ കയറ്റി കാസര്‍കോട് പുലിക്കുന്നിലെ ഒരു കെട്ടിടത്തിനുമുന്നിലെത്തിച്ച് തങ്ങള്‍ കെട്ടിടത്തിലേക്ക് കയറിപ്പോയി.
തുടര്‍ന്ന് അപരിചിതരായ ഒരുസംഘം തന്റെ അടുത്തേക്ക് വന്നു. പന്തികേട് തോന്നിയതിനെ തുടര്‍ന്ന് അവിടുന്ന് ഓടി രക്ഷപ്പെടുകയായിരുന്നെന്നും അശ്‌റഫ് പറഞ്ഞു.
തന്റെ ഭാര്യാപിതാവ് സുലൈമാന്‍ വൈദ്യരുടെ നിര്‍ദേശപ്രകാരമായിരുന്നു ബാബുവിനെയും നിശാന്തിനെയും തന്റെ ഓട്ടോറിക്ഷയില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കയറ്റിക്കൊണ്ടുവന്നിരുന്നത്. കൊടുങ്ങല്ലൂര്‍ സ്വദേശി നീലേശ്വരം ബസ് സ്റ്റാന്‍ഡിനടുത്ത് നടത്തിയിരുന്ന ഉഴിച്ചില്‍ കേന്ദ്രത്തില്‍ ഖാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചില രഹസ്യചര്‍ച്ചകള്‍ നടന്നിരുന്നതായും സംഭവത്തിനുശേഷം ഉഴിച്ചില്‍ കേന്ദ്രം അടച്ചുപൂട്ടി ഇയാള്‍ നാടുവിട്ടതായും ഒരു സുഹൃത്തില്‍നിന്ന് താന്‍ അറിഞ്ഞതായും അശ്‌റഫ് പറഞ്ഞു.
2017 ഒക്ടോബര്‍11ന് അശ്‌റഫ് അഡ്വ. ത്വയ്യിബ് ഹുദവിയുടെ നിര്‍ദേശപ്രകാരം എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി മുന്‍പാകെ സാക്ഷിമൊഴി നല്‍കാന്‍ സന്നദ്ധനായി ഹാജരായിരുന്നു.
ഇതിനും രണ്ടാഴ്ചയ്ക്കുശേഷമാണ് തന്റെ കൈവശം സൂക്ഷിച്ചിരുന്ന ശബ്ദരേഖ പ്രാദേശിക ചാനലിലൂടെ പുറത്തുവിടാന്‍ ഉമറുല്‍ ഫാറൂഖ് തങ്ങള്‍ തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."