ഇഹ്‌സാന്‍ ജഫ്രി, ഇ. അഹമ്മദ്, ഇനി...
മുന്‍കേന്ദ്രമന്ത്രി ഇ. അഹമ്മദിനോട് കേന്ദ്രഗവണ്‍മെന്റ് ചെയ്തതു മനുഷ്യത്വരഹിതമായ നടപടിയാണെന്നു മുസ്്‌ലിം ലീഗ് പ്രമേയം പാസാക്കി. ആരോടാണിതു പറയുന്നതെന്നോര്‍ത്തു നാം അത്ഭുതപ്പെടണം. മനുഷ്യത്വരഹിതമെന്നാല്‍ എന്താണ്. മനുഷ്യത്വത്തിനു നിരക്കാത്തതാണത്. അതിനെ മൃഗീയമെന്നു പറഞ്ഞാല്‍ മൃഗങ്ങള്‍ പ്രതിഷേധിക്കും.പക്ഷേ, ആര്‍ക്കു നേരെയാണോ വിരലുകള്‍ നീളുന്നത് അവര്‍ പ്രതിഷേധിക്കില്ല.അവര്‍ ചിരിക്കും.
ഇന്ത്യന്‍ മുസ്‌ലിംകളുടെ ശോചനീയാവസ്ഥയറിഞ്ഞ് അര്‍മാദിക്കുന്നവരാണ് അവര്‍. ശരിക്കും അതറിയണമെങ്കില്‍ 15 വര്‍ഷം മുന്‍പിലേയ്ക്ക്, 2002 ലെ ഇതേപോലെയൊരു ഫെബ്രുവരി മാസത്തിലേയ്ക്ക്, ഇതുപോലെ പ്രധാനിയായ മറ്റൊരു എം.പിയിലേയ്ക്ക്, ഗുജറാത്തിലെ ചമന്‍പുരയിലേയ്ക്കു ഓര്‍മകളെ തിരിച്ചുവിടണം. അന്ന് ഇന്നത്തെ പ്രധാനമന്ത്രി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു.
ഗുല്‍ബര്‍ഗ് സൊസൈറ്റി സംഭവം നടക്കുന്നത് 2002 ഫെബ്രുവരി 28 നാണ്. 27 നു രാത്രി ഗാന്ധിനഗറിലെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാവില്‍ വാസ്തവത്തില്‍ എന്താണു നടന്നത്. ഗോധ്ര നരഹത്യ നടന്ന അന്നേദിവസം മോദി വിളിച്ചുകൂട്ടിയ, വളരെ വൈകി നടന്ന, ആ മീറ്റിങ്ങിനെപ്പറ്റി പരക്കെ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. ഫെബ്രുവരി 27 നു രാത്രി നടന്ന ആ രഹസ്യയോഗത്തില്‍ മോദിയും ഡി.ജി.പിയായ കെ. ചക്രവര്‍ത്തി, അഹമ്മദാബാദ് പൊലിസ് കമ്മീഷണര്‍ പി.സി പാണ്ഡെ, ആഭ്യന്തരസെക്രട്ടറിമാരായ അശോക് നാരായണന്‍, കെ. നിത്യാനന്ദ്, ഡിജിപി (ഐ.ബി) ജി.എസ് റൈഗര്‍ എന്നിവരും മുഖ്യമന്ത്രിയുടെതന്നെ ഓഫിസിലെ പി.കെ. മിശ്ര, അനില്‍ മുഖീം, എ.കെ ശര്‍മ്മ എന്നിവരുമാണു പങ്കെടുത്തിരുന്നത്.
രണ്ടുമണിക്കൂര്‍ നീണ്ട ആ യോഗത്തില്‍ മോദി തെളിച്ചുപറഞ്ഞതിതാണ്: ''വി.എച്ച്.പി ബന്ദ് നടക്കുന്ന ദിവസം നാം ഗോധ്രയോടു നീതി കാണിച്ചിരിക്കും. ഹിന്ദുക്കളുടെ പ്രതികാരനടപടികളുടെ വഴികളില്‍ പൊലിസ് എത്തരുത്.''
ഡി.ജി.പി അതിനോട് എതിര്‍പ്പു പ്രകടിപ്പിച്ചപ്പോള്‍ 'വായടച്ച് അനുസരിക്കൂ' എന്നു മോദി തന്റെ സ്വതസിദ്ധമായ പരുപരുത്ത ഭാഷയില്‍ കയര്‍ക്കുകയാണു ചെയ്തത്. രഹസ്യയോഗത്തിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കപ്പെട്ടുവെന്നു തെളിയിക്കുന്ന സംഭവങ്ങളാണു പിന്നീട് ഗുജറാത്തിലെങ്ങും അരങ്ങേറിയത്. നരോദ പാഡ്യയില്‍, നരോദ ഗവാനില്‍, ലിംഖേദയില്‍, ഊദ് വില്ലേജില്‍, രന്തിക്പൂരില്‍, സാഞ്ചേലിയില്‍, പിപ്പലോഡില്‍, ഫതെപുരയില്‍, ആനന്ദില്‍ അനേകശതം ഗ്രാമങ്ങളും നഗരങ്ങളും ആളുകളും കത്തിയെരിഞ്ഞു.
ചമന്‍പുരയിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി ഇവയുടെയൊക്കെ തലപ്പത്തുണ്ട്. ഒരുപക്ഷേ, ഇ അഹമ്മദ് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്പാര്‍ട്ടിയേക്കാള്‍ വേരുകളുള്ള രാഷ്ട്രീയപ്പാര്‍ട്ടിയുടെ അമരത്തുള്ളയാളാണ് ഇഹ്‌സാന്‍ ജഫ്രി. അഭിവന്ദ്യന്‍, ആളുകള്‍ക്കു പ്രിയങ്കരന്‍. വളരെ ഹീനമായാണ് അദ്ദേഹം വധിക്കപ്പെട്ടത്. ഒരു തെറ്റും ചെയ്തിട്ടില്ല. അദ്ദേഹം മുസ്‌ലിമാണെന്ന ഒറ്റ കാരണം മതിയായിരുന്നു അവര്‍ക്ക്. ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ മോദി നടപ്പാക്കിയ പോംവഴി കഴിയുന്നത്ര മുസ്‌ലിംകളെ വകവരുത്തുന്ന കലാപത്തിനു തിരികൊളുത്തുകയെന്നതാണ്.
ഫെബ്രുവരി 28 ന് ഇഹ്‌സാന്‍ ജഫ്രിയുള്‍പ്പെടെ അറുപത്തഞ്ചോളം പേര്‍ കൊല്ലപ്പെട്ടു. ചമന്‍പുരയില്‍ 28 നു മുന്‍പുതന്നെ കലാപങ്ങള്‍ ആരംഭിച്ചിരുന്നു. ധാരാളം കടകളും ഹൗസിങ് സൊസൈറ്റികളുമുണ്ട് ചമന്‍പുരയില്‍. 19 ബ്ലോക്കുകളും 8 കെട്ടിടങ്ങളും ഉള്‍പ്പെടുന്ന ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി പൂര്‍ണമായും മുസ്‌ലിംകളുടെ അധീനതയിലായിരുന്നു. കോണ്‍ഗ്രസ് എം.പിയായ 70 വയസുകാരന്‍ ഇഹ്‌സാന്‍ ജഫ്രി കുടുംബസമേതം ഇവിടെയായിരുന്നു താമസം.
മേഘാനിനഗര്‍ പൊലിസിന്റെ എഫ്.ഐ.ആര്‍ പ്രകാരം 28 നു രാവിലെത്തന്നെ തദ്ദേശവാസികള്‍ക്കു ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. നൂറ്റിമുപ്പതോളം പൊലിസുകാര്‍ സര്‍വസജ്ജരായി ഉണ്ടായിരുന്നു. എന്നിട്ടും, അക്രമാസക്തരായ ജനക്കൂട്ടത്തെ തടയാന്‍ ഇതൊന്നും മതിയായില്ല! രാവിലെ ഏഴരയോടെ ചമന്‍പുരയിലേയ്ക്കു കുതിച്ചെത്തിയ അക്രമികള്‍ മുസ്‌ലിംസ്ഥാപനങ്ങള്‍ തകര്‍ക്കാനും കൊള്ളടയിക്കാനും അഗ്നിക്കിരയാക്കാനും തുടങ്ങി. രാവിലെ പൊലിസ് തുരത്തിവിട്ടെങ്കിലും ഉച്ചയ്ക്ക് വാളുകളും ഇരുമ്പുദണ്ഡുകളും മണ്ണെണ്ണയുമൊക്കെയായി ജയ് ശ്രീറാം എന്നാക്രോശിച്ചു വീണ്ടുമെത്തി.
പൊലിസ് ലാത്തിച്ചാര്‍ജ് ചെയ്തുവെന്നും ടിയര്‍ഗ്യാസ് പൊട്ടിച്ചുവെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ടെങ്കിലും കൊള്ളയടിക്കലും കൊള്ളിവയ്പ്പും വ്യാപകമായി നടന്നു. പിന്നീട് ഗുല്‍ബര്‍ഗ് സൊസൈറ്റിക്കു നേരേയായി അക്രമം. ജഫ്രിയുടെ ഭാഗത്തുനിന്നു വെടിവയ്പ്പുണ്ടായെന്ന കഥമെനഞ്ഞു പൊലിസ് മാധ്യമങ്ങള്‍ക്കു നല്‍കുകയായിരുന്നു. പൊലിസിന്റെ സഹായത്തിനായി ഇസ്ഹാന്‍ ജഫ്രി ആറുമണിക്കൂറുകളോളം ഫോണ്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഒടുവില്‍ അക്രമം സഹിക്കവയ്യാതെ ആത്മരക്ഷാര്‍ത്ഥം വെടിവച്ചതാണെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് എഴുതുന്നു.
''ജനങ്ങളെ അക്രമാസക്തരാക്കുന്നതില്‍ ആ കോണ്‍ഗ്രസുകാരന്റെ വെടിവയ്പു നിമിത്തമായി'' എന്നാണു നരേന്ദ്രമോദി പ്രതികരിച്ചത്. വെടിവച്ച് ആളുകളെ പ്രകോപിപ്പിച്ചതിന് പൊലിസിന്റെ ചാര്‍ജ്ജ് ഷീറ്റിലും ജഫ്രിയെ കുറ്റപ്പെടുത്തുന്നു. അതു സമ്മതിച്ചാല്‍ത്തന്നെ ആത്മരക്ഷാര്‍ത്ഥം പ്രവര്‍ത്തിക്കാന്‍ പൗരന് അവകാശം നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 96-103 വകുപ്പുകളെ അവഗണിച്ചാണ് പൊലിസ് കുറ്റപത്രം തയാറാക്കിയത്. വെടിവയ്പ്പിനെക്കുറിച്ചുള്ള മുഴുവന്‍ കഥയും പൊലിസ് കെട്ടിച്ചമച്ചതാണെന്നു പിന്നീടു തെളിഞ്ഞു. വിശ്വസനീയരായ പൊലിസ് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു ഇസ്ഹാന്‍ ജഫ്രി ജനക്കൂട്ടത്തിനുനേരേ വെടിവച്ചിട്ടില്ലെന്ന്.
ടൈംസ് ഓഫ് ഇന്ത്യ നല്‍കുന്ന സംഭവവിവരണപ്രകാരം ഫെബ്രുവരി 28 രാവിലെ തന്നെ ഗുല്‍ബര്‍ഗ് സൊസൈറ്റിയുടെ പുറത്ത് ആളുകള്‍ ഒരുമിച്ചുകൂടിയിരുന്നു. ഗോധ്രസംഭവത്തിന്റെ അടുത്തദിവസമാണത്. ജനക്കൂട്ടം അത്ര വലുതല്ലാത്തതിനാല്‍ ജഫ്രി പുറത്തുവരികയും പൊലിസ് കമ്മിഷണറുടെ ഓഫിസിലേയ്ക്കു പോവുകയും ചെയ്തു. കമ്മിഷണര്‍ പൂര്‍ണസഹായം ഉറപ്പുനല്‍കിയതനുസരിച്ച് ജഫ്രി വീട്ടിലേയ്ക്കു തിരിച്ചുപോന്നു. എന്നാല്‍, ആള്‍ക്കൂട്ടത്തിന്റെ എണ്ണം കൂടുകയായിരുന്നു. അക്രമം ഭയന്ന് അടുത്തുള്ള ചേരികളിലെ മുസ്‌ലിംകള്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ അഭയംതേടിയിരുന്നു. ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ താമസക്കാരില്‍ ചിലര്‍ പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യുന്നുമുണ്ടായിരുന്നു.
ഉച്ചയ്ക്ക് പൊലിസ് ജോയന്റ് കമ്മിഷണറെത്തി സിങ് സൊസൈറ്റിയുടെ ഗെയ്റ്റില്‍ വച്ചു ജഫ്രിയുമായി സംസാരിച്ചു. അവിടുത്തെ നിവാസികള്‍ക്ക് അടുത്തെത്തിയിരിക്കുന്ന അപകടത്തെപ്പറ്റി ജഫ്രി അദ്ദേഹത്തോടു പറഞ്ഞു. പൊലിസിന്റെ എണ്ണം വര്‍ധിപ്പിക്കാമെന്ന മറുപടി നല്‍കി ജോയന്റ് പൊലിസ് കമ്മിഷണര്‍ സ്ഥലംവിട്ടു. വൈകുന്നേരം മൂന്നുമണിക്ക് ജഫ്രി വീണ്ടും ഹൗസിങ് സൊസൈറ്റിയുടെ ഗേറ്റിനടുത്തേയ്‌ക്കെത്തി അക്രമികളോടു പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു.
അതൊരു ദാരുണമായ ചതുരംഗമായിരുന്നു. ''എന്നെ എന്തുവേണമെങ്കിലും ചെയ്‌തോളൂ, മറ്റുള്ളവരെ വെറുതെ വിടൂ'' എന്നു ജഫ്രി കേണപേക്ഷിച്ചു. അക്രമികള്‍ക്ക് അത്രയും കേട്ടാല്‍ മതിയായിരുന്നു. അവര്‍ അദ്ദേഹത്തെ പിടികൂടുകയും ക്രൂരമായരീതിയില്‍ കൊല്ലുകയും ചെയ്തു.
എല്ലാ നിലയ്ക്കും ജഫ്രി ധീരനായിരുന്നു. 'അദ്ദേഹത്തിനു വേണമെങ്കില്‍ രക്ഷപ്പെടാമായിരുന്നു, പക്ഷേ, അങ്ങനെ ചെയ്തില്ല' എന്ന് ഒരു ഉയര്‍ന്ന പൊലിസുദ്യോഗസ്ഥന്‍ പറഞ്ഞു. കമ്മിഷണര്‍ അവിടെനിന്നു പോയിരുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ടുമാത്രം അക്രമികള്‍ പിന്തിരിയുമായിരുന്നുവെന്നും ആ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ദൃക്‌സാക്ഷികള്‍ പറയുന്നതിങ്ങനെയാണ്: 'ഏതാണ്ട് വൈകുന്നേരം 3.30 ന് ഇഹ്‌സാന്‍ ജഫ്രിയെ അവര്‍ വീട്ടില്‍നിന്നു പിടിച്ചിറക്കിക്കൊണ്ടുവന്ന് നഗ്നനാക്കി നടത്തിച്ചു. ജയ് ശ്രീ റാം എന്നും വന്ദേമാതരം എന്നും വിളിക്കാന്‍ നിര്‍ബന്ധിച്ചു. അതിനു തയാറാവാതിരുന്നപ്പോള്‍ അവര്‍ അദ്ദേഹത്തിന്റെ കൈവിരലുകള്‍ ഛേദിച്ചു.
ആ പ്രദേശത്തിനുചുറ്റും അവര്‍ അദ്ദേഹത്തെയും കൊണ്ടുനടന്നു. പിന്നീട്, കൈകാലുകള്‍ മുറിച്ചു മാറ്റി. ഫോര്‍ക്കുപോലുള്ള ഒരു ഉപകരണത്തില്‍ കുടുക്കി റോഡിലൂടെ വലിച്ചിഴച്ചു. പിന്നീട് തീയിലേയ്ക്കു വലിച്ചെറിഞ്ഞു. ജഫ്രിയുടെകൂടെ അയാളുടെ മൂന്നു സഹോദരങ്ങളും രണ്ടു മരുമക്കളും വധിക്കപ്പെട്ടു. അതിനുമുന്‍പ് ആള്‍കൂട്ടം യൂസഫ്, അന്‍വര്‍ എന്നീ രണ്ടാളുകളെ പിടികൂടുകയും വെട്ടി കഷണങ്ങളാക്കി കൊല്ലുകയും ചെയ്തിരുന്നു. (ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്)
ഔദ്യോഗിക കണക്കുപ്രകാരം 39 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. എന്നാല്‍, അറുപത്തഞ്ചോളം പേര്‍ കൊല്ലപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സൊസൈറ്റിയില്‍ത്തന്നെയുള്ള 45 പേരും പുറത്തുനിന്നുള്ള പത്തുപന്ത്രണ്ടുപേരും അതിനകത്തുതന്നെയുണ്ടായിരുന്നു. രണ്ടു സ്ത്രീകളെ ആഭരണങ്ങള്‍ കവര്‍ച്ചചെയ്തു കൂട്ടബലാത്സംഗം ചെയ്ത് അഗ്നിക്കിരയാക്കി. അഗ്നിശമനസേന എത്തുന്നതു പിറ്റേന്നു വൈകിട്ടാണ്. അപ്പോഴേയ്ക്കും എല്ലാം കത്തിയമര്‍ന്നിരുന്നു.
അന്നു ജഫ്രിയോടു ചെയ്തതിന്റെ ഒരു തരത്തിലുള്ള ആവര്‍ത്തനമാണ് ഇപ്പോള്‍ ഇ. അഹ്മദിനോടും ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."