സുപ്രിം കോടതി നടപടികള്‍ തുടങ്ങി; രണ്ടു കോടതികള്‍ പ്രവര്‍ത്തിക്കില്ല
ന്യൂഡല്‍ഹി: നീതിന്യായ വ്യവസ്ഥയെ തന്നെ പ്രതിസന്ധിയിലാക്കിയ പ്രശ്‌നങ്ങള്‍ക്കിടെ സുപ്രിം കോടതി നടപടികള്‍ തുടങ്ങി. രണ്ട് കോടതികളിലൊഴികെ ബാക്കിയുള്ളവ സിറ്റിങ് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. വാര്‍ത്താസമ്മേളനം വിളിച്ച നാലു ജഡ്ജിമാരുടെ കോടതികളും ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
അതേ സമയം, പതിനൊന്നാം നമ്പര്‍ കോടതി ഇന്ന് പ്രവര്‍ത്തിക്കില്ല. എ.കെ ഗോയലും യു.യു ലളിതും അടങ്ങിയ ബെഞ്ചാണ് ഇന്ന് പ്രവര്‍ത്തിക്കാത്തത്. ഒരു ജഡ്ജിക്ക് സുഖമില്ലാത്തതിനാലാണെന്നാണ് അവര്‍ നല്‍കുന്ന വിശദീകരണം. പതിനഞ്ച് മിനുട്ടോളം വൈകിയാണ് ഇന്ന് കോടതികള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. സാധാരണ 10.30നാണ് നടപടികളാണ് ആരംഭിക്കുക.
കഴിഞ്ഞ രണ്ട് ദിവസത്തെ സമവായ നീക്കങ്ങള്‍ക്കൊടുവിലാണ് സുപ്രിംകോടതി വീണ്ടും ചേരുന്നത്. ജഡ്ജിമാര്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കാനുള്ള ശ്രമം ഇത് വരെ പൂര്‍ണമായി വിജയം കണ്ടിട്ടില്ല. ചീഫ്ജസ്റ്റിസുമായുള്ള പ്രശ്‌നങ്ങള്‍ സുപ്രിംകോടതി നടപടി ക്രമങ്ങളെ ബാധിക്കില്ലെന്ന് ജസ്റ്റിസ് ജെ ചെലമേശ്വര്‍ കഴിഞ്ഞ ദിവസം ബാര്‍കൌണ്‍സില്‍ പ്രതിനിധി സംഘത്തെ അറിയിച്ചിരുന്നു.
അതേ സമയം സി.ബി.ഐ ജഡ്ജി ലോയയുടെ മരണം അന്വേഷിക്കുന്ന അരുണ്‍ കുമാര്‍ മിശ്രയുടെ ബെഞ്ചും ഇന്ന് സിറ്റിംഗ് നടത്തില്ല. ബെഞ്ചിലെ ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍ അവധിയെടുത്തതാണ് കാരണം.
പ്രതിഷേധമുയര്‍ത്തിയ ജഡ്ജിമാരുമായി പ്രതിനിധികള്‍ വഴി ചര്‍ച്ചക്ക് തയ്യാറാണെന്ന് ചീഫ് ജസ്റ്റിസ് ബാര്‍ കൗണ്‍സില്‍ സംഘത്തെ ഇന്നലെ അറിയിച്ചിരുന്നു. രണ്ട് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം ബാര്‍ കൌണ്‍സില്‍ അംഗങ്ങള്‍മാധ്യമങ്ങളോട് പറഞ്ഞത്. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കൊളീജിയം വിളിച്ചു ചേര്‍ത്തേക്കും. എസ് എ ബോബ്‌ഡെ, എല്‍ നാഗേശ്വര റാവു എന്നീ ജഡ്ജിമാര്‍ നേരത്തെ ജസ്റ്റിസ് ചെലമേശ്വറിനെ കണ്ടിരുന്നു. തര്‍ക്കപരിഹാരത്തിന്റെ ഭാഗമായിട്ടാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."