ബേപ്പൂര്‍ ഫിഷറീസ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍: പുതിയ കെട്ടിടത്തില്‍ അടുത്ത വര്‍ഷം പഠനമാരംഭിക്കും: മന്ത്രി
ഫറോക്ക്: ബേപ്പൂര്‍ ഗവ. റീജ്യനല്‍ ഫിഷറീസ് ഹൈസ്‌കൂളും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഉള്‍പ്പെടുന്ന പുതിയ കെട്ടിട സമുച്ചയത്തില്‍ അടുത്ത അധ്യയനവര്‍ഷം പഠനമാരംഭിക്കുമെന്നു ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. സ്‌കൂളില്‍ പരമാവധി അടിസ്ഥാന ഭൗതിക സൗകര്യങ്ങള്‍ ഒരുക്കും. വൈദ്യുതീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും കോംപൗണ്ടിലെ ഫിഷറീസ് വകുപ്പിന്റെ പഴയ ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
സ്‌കൂളിന്റെ പുരോഗതി സംബന്ധിച്ചു നേരില്‍കണ്ട് മനസിലാക്കുന്നതിനു വേണ്ടിയെത്തിയ മന്ത്രി ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും സംസാരിക്കുകയായിരുന്നു. 20 ദിവസത്തിനകം സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുമെന്ന് എന്‍ജിനിയര്‍മാരും കോണ്‍ട്രാക്ടറും മന്ത്രിക്ക് ഉറപ്പു നല്‍കി.
സ്‌കൂളിലെത്തിയ മന്ത്രിയെ സ്‌കൂള്‍ വികസന സമിതി അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ ചേര്‍ന്നു സ്വീകരിച്ചു. യോഗത്തില്‍ വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ അധ്യക്ഷനായി. ഹാര്‍ബര്‍ എന്‍ജിനിയറിങ് ചീഫ് എന്‍ജിനിയര്‍ പി.കെ അനില്‍കുമാര്‍, സൂപ്രണ്ടിങ് എന്‍ജിനിയര്‍ കെ. മോഹനന്‍, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ സതീഷ്‌കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എം. മറിയം ഹസീന, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ പി.പി ബീരാന്‍കോയ, വാര്‍ഡ് കൗണ്‍സിലര്‍ എം. സതീഷ്‌കുമാര്‍, ഫിഷറീസ് അസി. ഡയറക്ടര്‍ അബ്ദുല്‍ മജീദ്, ഹാര്‍ബര്‍ വികസന സമിതി പ്രസിഡന്റ് കരിച്ചാലി പ്രേമന്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ എം. ആയിഷാ സജ്‌ന, പ്രധാനാധ്യാപിക കെ. ഷൈമറാണി മന്ത്രിക്ക് ഉപഹാരം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."